മുംബൈ: വിവാഹം കഴിഞ്ഞ് രണ്ടുദിവസത്തിനകം ഭർത്താവിനും കുടുംബത്തിലെ മൂന്ന് പേർക്കും ഭക്ഷണത്തിൽ എലിവിഷം കലർത്തി നൽകിയെന്ന പരാതിയിൽ നവവധു ഉൾപ്പെടെ രണ്ട് സ്ത്രീകൾ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലാണ് സംഭവം. സുമൻ സുഭാഷ് സാഹ്നി, ആർതി സൂര്യകാന്ത് പട്ടേൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭക്ഷണം കഴിച്ചതിനു പിന്നാലെ കുടുംബാംഗങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതോടെയാണ് വിഷം കലർത്തിയെന്ന സംശയം ഉയർന്നത്.
ജൽഗാവ് ജില്ലയിലെ പരോള താലൂക്കിലെ വെൽഹാനെ ഗ്രാമത്തിലാണ് സംഭവം. ഒക്ടോബർ ഏഴിനായിരുന്നു സുമന്റെ വിവാഹം. ഒക്ടോബർ ഒമ്പതിന് വിവാഹാഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഭക്ഷണത്തിൽ സുമൻ എലിവിഷം കലർത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭർത്താവിനും കുടുംബത്തിലെ മറ്റ് മൂന്ന് പേർക്കും വിഷം നൽകാനായിരുന്നു ശ്രമമെന്നാണ് ആരോപണം. ഭക്ഷണം കഴിച്ചതിനു പിന്നാലെ കുടുംബാംഗങ്ങൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. വീട്ടിലെ മുതിർന്നവരെ തുടർന്ന് ചികിത്സയ്ക്കായി ധുലെയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ സംശയം തോന്നിയതോടെ പോലീസ് ഗ്രാമത്തിലെത്തി അന്വേഷണം ആരംഭിച്ചു. ഭക്ഷണത്തിൽ വിഷം കലർത്തിയെന്ന ആരോപണത്തിനു പിന്നാലെ സുമൻ ആർതിക്കൊപ്പം വീട്ടിൽനിന്ന് കടന്നുകളഞ്ഞതായാണ് റിപ്പോർട്ട്. വിവാഹസമയത്ത് ലഭിച്ച ആഭരണങ്ങളും പണവും ഇവർ കൈവശപ്പെടുത്തിയതായും ആരോപണമുണ്ട്. സംഭവമറിഞ്ഞതോടെ കുടുംബാംഗങ്ങളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. ഇരുവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനു മുന്നിൽ ആളുകൾ തടിച്ചുകൂടി. തുടർന്ന് റോഡ് ഉപരോധിക്കുകയും ചെയ്തു.
ഇതോടെ പ്രതികൾക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി. അയൽജില്ലയായ ധുലെയിലെ നിംഗുൽ ഗ്രാമത്തിനു സമീപത്തുനിന്നാണ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇരുവരെയും പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. അന്വേഷണത്തിൽ സുമൻ ജാർഖണ്ഡ് സ്വദേശിനിയാണെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. മറ്റൊരു പ്രതിയായ ആർതിയും അതേ സംസ്ഥാനത്തുനിന്നുള്ളയാളാണെന്നാണ് വിവരം.
സുമനെ വിവാഹം കഴിക്കുന്നതിനായി യുവാവ് 2.5 ലക്ഷം രൂപ നൽകിയിരുന്നതായും അധികൃതർ അറിയിച്ചു. വിവാഹവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ, പണം കൈമാറിയതിന്റെ വിശദാംശങ്ങൾ, വിഷം കലർത്തിയെന്ന ആരോപണം, സംഭവത്തിനു ശേഷമുള്ള ഇരുവരുടെയും നീക്കങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും പോലീസ് അറിയിച്ചു.








































