ആലപ്പുഴ: പൊതുപ്രവർത്തനത്തിലും സ്വകാര്യ ജീവിതത്തിലും കഴിഞ്ഞ 30 കൊല്ലമായി തന്നെ വേട്ടയാടുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പിൽ എതിരാളികൾക്ക് കെട്ടിവെച്ച കാശ് പോലും കിട്ടിയിട്ടില്ല. ഒരു കേസിൽ പോലും താൻ കുറ്റക്കാരൻ അല്ല. എന്നിട്ടും വേട്ടയാടൽ തുടരുന്നു. തന്നെ വേട്ടയാടി എസ്എൻ ട്രസ്റ്റിനേയും എസ്എൻഡിപി യോഗത്തെയും തകർക്കാൻ ശ്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. കണിച്ചുകുളങ്ങരയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ പ്രതിയാക്കി കേസെടുക്കാൻ ഹൈക്കോടതി പറഞ്ഞിട്ടില്ല. കോടതി പരാമർശങ്ങൾക്ക് ഞാൻ മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ മുഖ്യമന്ത്രി വി.ഡി.സതീശനുമായി ഒരു പിണക്കവുമില്ലെന്നും വിഷയാധിഷ്ഠിതമായി വിമർശനങ്ങൾ ഉന്നയിക്കുക മാത്രമാണുണ്ടായതെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുൻപ് ഞങ്ങൾ ചക്കരയും ഈച്ചയും പോലെ നടന്നതല്ലേ. കണിച്ചുകുളങ്ങരയിലേക്ക് ആർക്കും എപ്പോൾ വേണമെങ്കിലും വരാം. ആരോടും വരണ്ട എന്നു പറഞ്ഞിട്ടില്ല. വ്യക്തിപരമായി ആരോടും ഒരു വിരോധവും ഇല്ല. വിഷയാധിഷ്ഠിതമായ അഭിപ്രായ വ്യത്യാസങ്ങൾ മാത്രമേ ഉള്ളൂ.
പിണറായിയുടെ വണ്ടിയിൽ കയറിയതിൽ തെറ്റുണ്ടെന്നു കരുതുന്നില്ല. പിണറായി എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പിൽ തോറ്റ ചില മോഹഭംഗക്കാരാണ് എനിക്കെതിരെ പറയുന്നത്. തള്ളിപ്പറഞ്ഞതിന് ഊക്കു പോരെന്നൊക്കെയാണ് ചില ഊക്കൻമാർ പറയുന്നത്.’’ – അദ്ദേഹം കൂട്ടിച്ചേർത്തു.