ടെഹ്റാൻ: ഇറാനിൽ വിവാഹത്തിന് മുമ്പ് ഗർഭിണിയായ മകളെ ക്രൂരമായി കൊലപ്പെടുത്തി മാതാപിതാക്കൾ. ഹെലിയ ഫത്താഹി എന്ന 19-കാരിയെയാണ് മാതാപിതാക്കൾ നിർബന്ധിച്ച് വിഷം കഴിപ്പിച്ചും തലയിണകൊണ്ട് ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയത്. ദുരഭിമാനക്കൊല എന്ന് സംശയിക്കുന്ന ഈ സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ മാതാപിതാക്കളെ പോലീസ് അറസ്റ്റുചെയ്തു.
ഇറാനിലെ പടിഞ്ഞാറൻ നഗരമായ സനന്ദജിലാണ് സംഭവം.താൻ രണ്ട് മാസം ഗർഭിണിയാണെന്ന് കുടുംബത്തെ അറിയിച്ചതിന് പിന്നാലെ 19കാരിയെ മാതാപിതാക്കൾ കൊലപ്പെടുത്തിയെന്നാണ് പരാതി. സംഭവത്തെ ദുരഭിമാനക്കൊലയെന്നാണ് മനുഷ്യാവകാശ സംഘടനകൾ വിശേഷിപ്പിച്ചത്.
സംഭവത്തിൽ ഹെലിയയുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതായി കോർഡെസ്താൻ പ്രവിശ്യയിലെ ക്രിമിനൽ പൊലീസ് മേധാവി ഷഹ്റാം അബ്ദി ചൊവ്വാഴ്ച അറിയിച്ചു. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചതിനെത്തുടർന്ന് കുടുംബവീട്ടിലെത്തിയ അന്വേഷണസംഘം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
കുടുംബത്തിലെ തർക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് വ്യക്തമാക്കിയത്. എന്നാൽ യുവതി ഗർഭിണിയായിരുന്നുവെന്ന കാര്യത്തിലോ കൊലപാതകം നടന്ന രീതിയെക്കുറിച്ചോ പൊലീസ് പ്രതികരിച്ചിട്ടില്ല. ശനിയാഴ്ച രാത്രിയാണ് സനന്ദജിലെ നെയ്സർ പ്രദേശത്തുള്ള കുടുംബവീട്ടിൽ ഹെലിയ കൊല്ലപ്പെട്ടതെന്ന് ഇറാൻ ഇന്റർനാഷണൽ മനുഷ്യാവകാശ സംഘടനയായ ഹെൻഗാവിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. ഒരു യുവാവുമായുള്ള ബന്ധത്തെത്തുടർന്ന് താൻ ഗർഭിണിയായ വിവരം കഴിഞ്ഞ ആഴ്ച ഹെലിയ കുടുംബത്തെ അറിയിച്ചിരുന്നു. ഇതിൽ പ്രകോപിതരായ മാതാപിതാക്കൾ യുവതിയെ ക്രൂരമായി മർദിച്ചശേഷം വിഷം നൽകിയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഹെൻഗാവിന്റെ ആരോപണം.
ഹെൻഗാവും മറ്റൊരു മനുഷ്യാവകാശ സംഘടനയായ ഹാനയും സംഭവത്തെ ദുരഭിമാനക്കൊലയായി വിശേഷിപ്പിച്ചു. അതേസമയം, യുവതിയുടെ പ്രായം സംബന്ധിച്ച് റിപ്പോർട്ടുകളിൽ വ്യത്യാസമുണ്ട്. പൊലീസും ഹെൻഗാവും 19 വയസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഹാനയുടെ റിപ്പോർട്ടിൽ ഹെലിയയുടെ പ്രായം 16 ആണെന്നാണ് പറയുന്നത്.
ഒരാഴ്ചയ്ക്കിടെ മൂന്ന് യുവതികൾ കൊല്ലപ്പെട്ടു
ഇറാനിൽ ഒരാഴ്ചയിലേറെ സമയത്തിനിടെ വ്യാപകശ്രദ്ധ നേടിയ മൂന്ന് യുവതികളുടെയും പെൺകുട്ടികളുടെയും മരണങ്ങളിൽ ഒന്നാണ് ഹെലിയയുടേത്. നവംബർ 18നാണ് വടക്കൻ ഇറാനിലെ ഗിലാൻ പ്രവിശ്യയിൽ 23കാരിയായ സദഫ് ഹഖ്ബിൻ കൊല്ലപ്പെട്ടത്. സ്വന്തം ജന്മദിനാഘോഷത്തിനിടെ വെടിയേറ്റാണ് യുവതി മരിച്ചത്. വിവാഹത്തിന് വിസമ്മതിച്ചതിനെത്തുടർന്ന് മുൻ കാമുകൻ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഇതിന് ദിവസങ്ങൾക്ക് മുമ്പാണ് 16കാരിയായ സ്കൂൾ വിദ്യാർഥിനി സൊഗന്ദ് സയാദി കെർമാൻഷായിൽ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്ന് വീണ് മരിച്ചത്. പിതാവിനൊപ്പം വീട്ടിലേക്ക് അയച്ചാൽ തന്നെ അദ്ദേഹം കൊലപ്പെടുത്തുമെന്ന് സൊഗന്ദ് സ്കൂൾ അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി അധ്യാപക സംഘടനകളുടെ ദേശീയ ശൃംഖല വെളിപ്പെടുത്തി. വീഴ്ചയിലുണ്ടായ പരിക്കുകളാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. എന്നാൽ സംഭവത്തിന്റെ സാഹചര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പ്രവിശ്യാ പ്രോസിക്യൂട്ടർ അറിയിച്ചു.
ഏഴ് മാസത്തിനിടെ കൊല്ലപ്പെട്ടത് 84 സ്ത്രീകളും പെൺകുട്ടികളും
മാർച്ച് 21 മുതൽ ഒക്ടോബർ 13 വരെയുള്ള കാലയളവിൽ ഇറാനിൽ കുറഞ്ഞത് 84 സ്ത്രീകളും പെൺകുട്ടികളും കൊല്ലപ്പെട്ടതായി മാധ്യമ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ വ്യക്തമാക്കുന്നു. ഇറാൻ ഇന്റർനാഷണലാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
ഇതിൽ 75 കൊലപാതകങ്ങളിലും പ്രതികൾ ഇരകൾക്ക് പരിചയമുള്ളവരായിരുന്നു. കൊല്ലപ്പെട്ടവരിൽ 12 പേർ 18 വയസിൽ താഴെയുള്ളവരാണ്. പിതാക്കൾ, സഹോദരങ്ങൾ, മറ്റ് അടുത്ത ബന്ധുക്കൾ എന്നിവരാൽ എട്ട് പേർ കൊല്ലപ്പെട്ടതായും കണക്കുകൾ സൂചിപ്പിക്കുന്നു. മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങൾ മാത്രമാണ് ഈ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. റിപ്പോർട്ട് ചെയ്യപ്പെടാത്ത സംഭവങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ യഥാർഥ സംഖ്യ ഇതിലും കൂടുതലായിരിക്കാമെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ ആശങ്ക.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തിന് മുന്നോടിയായി ഇറാനിൽ സ്ത്രീകളുടെ കൊലപാതകങ്ങൾ വർധിക്കുന്നതിൽ ആശങ്കയുണ്ടെന്ന് ഹാന സംഘടന അറിയിച്ചു. സുതാര്യമായ കണക്കുകളുടെ അഭാവവും കുടുംബത്തിനുള്ളിൽ നടക്കുന്ന അതിക്രമങ്ങളിൽ വലിയൊരു വിഭാഗവും പുറത്തറിയാത്തതും പ്രശ്നത്തിന്റെ യഥാർഥ വ്യാപ്തി കണ്ടെത്തുന്നതിന് തടസ്സമാകുന്നുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി. അതിക്രമങ്ങൾക്ക് ഇരയാകാൻ സാധ്യതയുള്ള സ്ത്രീകൾക്ക് സുരക്ഷിത അഭയകേന്ദ്രങ്ങളും നിയമപരിരക്ഷയും ഉറപ്പാക്കണമെന്നും ഹാന ആവശ്യപ്പെട്ടു.
15 വർഷമായി നിയമനിർമാണം നീളുന്നു
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ലക്ഷ്യമിട്ടുള്ള ബിൽ കഴിഞ്ഞ 15 വർഷത്തിലേറെയായി ഇറാനിലെ സർക്കാർ, പാർലമെന്റ്, മറ്റ് ഭരണസ്ഥാപനങ്ങൾ എന്നിവയ്ക്കിടയിൽ കൈമാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതുവരെ നിയമമായി പ്രാബല്യത്തിൽ വന്നിട്ടില്ല.
ഇറാനിലെ ഇസ്ലാമിക് പീനൽ കോഡിലെ 301-ാം വകുപ്പ് പ്രകാരം സ്വന്തം മക്കളെ കൊലപ്പെടുത്തുന്ന പിതാക്കൾക്കും പിതാമഹന്മാർക്കും ‘ഖിസാസ്’ അഥവാ അതേ രീതിയിലുള്ള ശിക്ഷയിൽനിന്ന് ഇളവുണ്ട്. മിക്ക കൊലപാതകങ്ങളിലും ബാധകമായ ശിക്ഷയാണ് ഖിസാസ്. എന്നാൽ സ്വന്തം മക്കളെ കൊലപ്പെടുത്തുന്ന മാതാക്കൾക്ക് ഈ ഇളവ് ലഭിക്കില്ല. സൊഗന്ദിന്റെ മരണത്തിന് പിന്നാലെ നിയമത്തിൽ മാറ്റം വരുത്തണമെന്നും സ്ത്രീകൾക്ക് കൂടുതൽ ശക്തമായ നിയമപരിരക്ഷ ഉറപ്പാക്കണമെന്നും അഭിഭാഷകരും വനിതാ അവകാശ പ്രവർത്തകരും ആവശ്യപ്പെട്ടിരുന്നു.
ഗായികയ്ക്ക് 74 ചാട്ടവാറടി
സ്ത്രീകളോടുള്ള ഇറാന്റെ സമീപനവും നിയന്ത്രണങ്ങൾ ലംഘിക്കുന്ന വനിതാ കലാകാരികൾക്കെതിരായ നടപടികളും വീണ്ടും ചർച്ചയാകുന്നതിനിടെയാണ് പുതിയ കൊലപാതകവും പുറത്തുവന്നിരിക്കുന്നത്. ശിരോവസ്ത്രം ധരിക്കാതെ സംഗീതപരിപാടി നടത്തിയതിന് ഇറാനിയൻ ഗായിക പരസ്തൂ അഹമ്മദിക്കും അവരുടെ സംഗീതപരിപാടിയുടെ സംഘത്തിലെ നാല് പേർക്കും തിങ്കളാഴ്ച 74 വീതം ചാട്ടവാറടി നൽകിയതായി റിപ്പോർട്ടുകൾ. ഇറാനിലെ ഖോമിലാണ് ശിക്ഷ നടപ്പാക്കിയതെന്ന് ഗായികയുടെ അഭിഭാഷകൻ ബി.ബി.സിയോട് പറഞ്ഞു.
2024 ഡിസംബറിൽ ഓൺലൈനായി സംപ്രേഷണം ചെയ്ത സംഗീതപരിപാടിയിൽ കൈയില്ലാത്ത വസ്ത്രം ധരിച്ചും തലമുടി മറയ്ക്കാതെയും പാടിയതാണ് നടപടിക്ക് കാരണമായത്. ഇറാനിലെ നിർബന്ധിത ഹിജാബ് നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ചാണ് ഗായികയ്ക്കും സംഘാംഗങ്ങൾക്കുമെതിരെ അധികൃതർ കേസെടുത്തത്. അനധികൃത സംഗീതപരിപാടി നടത്തിയെന്നായിരുന്നു ആരോപണം.
1979ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ഇറാനിൽ സ്ത്രീകൾക്ക് പൊതുവേദികളിൽ ഒറ്റയ്ക്ക് പാടുന്നതിന് വിലക്കുണ്ട്. സ്ത്രീകളുടെ സ്വാതന്ത്ര്യവും സുരക്ഷയും സംബന്ധിച്ച ആശങ്കകൾക്കിടയിൽ ഹെലിയയുടെ കൊലപാതകവും ഗായികയ്ക്കെതിരായ നടപടിയും ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിയൊരുക്കിയിരിക്കുകയാണ്.