തിരുവനന്തപുരം: ഒരു റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞാൽ പിറ്റേന്നുതന്നെ ആ തസ്തികയിലേക്ക് അടുത്ത റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്ന രീതി അവസാനിപ്പിക്കാനുള്ള നീക്കവുമായി സർക്കാർ. നിയമനങ്ങൾ വേഗത്തിലാക്കാൻ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പിഎസ്സി നടപ്പാക്കിയ പരിഷ്കാരം ഫലത്തിൽ ഉദ്യോഗാർഥികൾക്കും സർക്കാരിനും തിരിച്ചടിയായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു ഈ മാറ്റം. ഇല്ലാത്ത ഒഴിവുകളിലേക്കു പരീക്ഷയും അഭിമുഖവും നടത്തി പിഎസ്സി റാങ്ക് പട്ടികയിറക്കുന്നതിനെക്കുറിച്ച് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സമിതിയെ വയ്ക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഒഴിവുകൾ കൃത്യമായി തിട്ടപ്പെടുത്തുന്നതിനു മുൻപുതന്നെ റാങ്ക്പട്ടികകൾ പ്രസിദ്ധീകരിക്കുന്നതു കാരണം ഒന്നാം റാങ്കുകാർക്കു പോലും നിയമനം നൽകാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇതുമൂലം ഉദ്യോഗാർഥികൾ ജോലിതേടി സമരത്തിലേക്കു കടക്കുന്നു. യഥാർഥ ഒഴിവുകളുടെ കൃത്യമായ കണക്കെടുത്ത ശേഷമാകും ഇനി പിഎസ്സിക്ക് ശുപാർശ കൈമാറുക. ഇതുവരെ ഒഴിവുകളില്ലാതെ പ്രസിദ്ധീകരിച്ച പട്ടികകളും സമിതി വിശദമായി പരിശോധിച്ചു സർക്കാരിനു റിപ്പോർട്ട് നൽകും. വിവിധ വകുപ്പുകളിലുള്ള ഒഴിവുകളുടെ കണക്കും ശേഖരിക്കും. ഒഴിവുകൾ നിർബന്ധമായും അറിയിക്കണമെന്ന കർശന നിർദേശവും വകുപ്പുകൾക്കു നൽകും.
അതേസമയം സ്കൂൾ അധ്യാപകരുടെ കാര്യത്തിലാണ് റാങ്ക്പട്ടികകൾ തുടരെ പ്രസിദ്ധീകരിക്കുന്നത് സർക്കാരിനു തിരിച്ചടിയായിരിക്കുന്നത്. വിദ്യാർഥികളുമായുള്ള അനുപാതത്തിൽ നിലവിൽ അധ്യാപകരുടെ എണ്ണം കൂടുതലാണ്. ഒഴിവുകൾ വരുമ്പോൾ അധികമുള്ള അധ്യാപകരെ അവിടേക്കു നിയമിക്കുകയാണു രീതി.
പക്ഷെ സമരക്കാർ പറയുന്നതുപോലെ ഇല്ലാത്ത ഒഴിവിലേക്കു നിയമനം നടത്താൻ ഒരു സർക്കാരിനും സാധിക്കില്ല. ഒന്നാം റാങ്കുകാർക്കുപോലും നിയമനം നൽകാനാവാത്ത രീതിയിൽ പട്ടികയുണ്ടാക്കുകയാണ്. അസിസ്റ്റന്റ് പ്രഫസർമാരുടെ കാര്യത്തിൽ ഒന്നാം റാങ്കുകാർക്കു ജോലി ലഭിച്ചില്ല. അതിൽ 3 പേർക്കു നിയമനം നൽകാൻ പ്രത്യേക നടപടിയെടുക്കേണ്ടി വന്നു. റാങ്ക്പട്ടികയുണ്ടാക്കുന്നതിനുള്ള മാനദണ്ഡമെന്താണ്. ഇക്കാര്യത്തിൽ അവ്യക്തതയും ആശയക്കുഴപ്പവുമുണ്ട്.
അധ്യാപകർ അധികമാണെന്നതു കണക്കിലെടുക്കാതെ പുതിയ റാങ്ക്പട്ടികയിറക്കുമ്പോൾ നിയമനം പ്രതിസന്ധിയിലാകും. ആറാം പ്രവൃത്തിദിവസം വിദ്യാർഥികളുടെ തലയെണ്ണി, പിന്നാലെ സ്റ്റാഫ് ഫിക്സേഷൻ നടത്തുമ്പോഴേ അധ്യാപകതസ്തികകളിലെ യഥാർഥ ഒഴിവ് മനസിലാക്കാനാവൂ. ഇതൊന്നും പരിശോധിക്കാതെയാണ് പിഎസ്സി റാങ്ക്പട്ടിക പുറത്തിറക്കുന്നതെന്ന് മുഖ്യമന്ത്രി പറയുന്നു.