മണിക്കടവ്: ജോലിക്കുനിന്ന വീട്ടിൽനിന്ന് 31 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. വയനാട് പെരിയ സ്വദേശിനി ഉച്ചപ്പള്ളി പ്രേമയെ (50) ഉളിക്കൽ പൊലീസാണ് പിടികൂടിയത്. മണിക്കടവ് ന്യായപ്പള്ളി ഈപ്പന്റെ വീട്ടിൽനിന്നാണ് 30 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. ഈപ്പന്റെ മകൾ നിമ്മി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഈപ്പനെയും ഭാര്യയെയും പരിചരിക്കുന്നതിനായി മൂന്നുവർഷം മുൻപാണ് പ്രേമ വീട്ടിലെത്തിയത്. ഭാര്യയുടെ മരണശേഷം ഈപ്പൻ മകൾക്കൊപ്പം കുറച്ചുനാൾ ബെംഗളൂരുവിൽ താമസിച്ചിരുന്നു. ഈ സമയത്താണ് വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയത്. അലമാരയിലും മേശയിലുമായി സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കവർന്ന ശേഷം പകരം അതേ ഡിസൈനിലുള്ള മുക്കുപണ്ടങ്ങൾ വയ്ക്കുകയായിരുന്നു. മാല, വള, നെക്ലസ്, മോതിരം, ലോക്കറ്റ്, പാദസരം എന്നിവയുൾപ്പെടെയുള്ള ആഭരണങ്ങളാണ് മോഷ്ടിച്ചത്.
യഥാർഥ സ്വർണാഭരണങ്ങളുടെയും അവയ്ക്കു സമാനമായ മുക്കുപണ്ടങ്ങളുടെയും ചിത്രങ്ങൾ പ്രതി മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്നതാണ് അന്വേഷണത്തിൽ നിർണായകമായത്. മോഷണവിവരം അറിഞ്ഞ വീട്ടുകാർ സംശയം തോന്നിക്കാത്ത വിധത്തിൽ പ്രതിയോട് പെരുമാറുകയും പിന്നീട് ഫോൺ പരിശോധിക്കുകയും ചെയ്തു. ഇതോടെയാണ് മോഷണവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ. രാധാകൃഷ്ണൻ, എ.എസ്.ഐ. പി.വി. രാജേഷ്, ടി.ജെ. ഷിജിമോൾ, കെ.കെ. രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.