കാസർകോട്: തൃശൂർ കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥിയെ കാസർകോട്ടെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ, വേമ്പല്ലൂർ സ്കൂളിലെ വിദ്യാർഥിയായ അഴീക്കോട്, തോപ്പിൽ വീട്ടിൽ നസീമിന്റെ മകൻ ടി.എം അബ്ദുൽ നിഹാൽ (15) ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് ആറര മണിയോടെയാണ് വിദ്യാർഥി കാസർകോട് കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപത്തെ ലോഡ്ജിൽ മുറിയെടുത്തത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും കുട്ടിയെ പുറത്തേക്കു കാണാതെ വന്നതോടെ ഇന്നലെ രാത്രി എട്ടുമണിക്ക് ലോഡ്ജിലെ ജീവനക്കാരൻ റൂമിൽ നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കാസർകോട് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച രാവിലെ ട്യൂഷൻ സെൻററിലേക്കെന്ന് പറഞ്ഞ് പോയ കുട്ടി തിരികെ എത്താതിരുന്നതിനെ തുടർന്ന് കുടുംബം നൽകിയ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ മിസിങ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ലോഡ്ജ് മുറിയിൽ നിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡ് വഴിയാണ് മരിച്ചത് അബ്ദുൽ നിഹാൽ ആണെന്ന് തിരിച്ചറിഞ്ഞത്.