പട്ന: മകളുടെ വിവാഹാഘോഷത്തിനിടെ ഡ്രൈവറെ ചവിട്ടുന്ന ബിഹാർ എംഎൽഎ അനന്ത് സിങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കാറിന്റെ സൺറൂഫിലൂടെ പുറത്തേക്ക് നിന്ന് അതിഥികളെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് ഡ്രൈവറോട് എംഎൽഎ മോശമായി പെരുമാറുന്നതായി ദൃശ്യങ്ങളിലുള്ളത്. മകൾ ശിവാംഗി സിങ്ങിന്റെ വിവാഹാഘോഷത്തിനിടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ.
വൈറൽ വീഡിയോയിൽ ഒരു എസ്യുവിയുടെ സൺറൂഫിലൂടെ പുറത്തേക്ക് എഴുന്നേറ്റുനിന്ന് ചുറ്റും കൂടിനിൽക്കുന്നവരെ അനന്ത് സിങ് അഭിവാദ്യം ചെയ്യുന്നത് കാണാം. ജനക്കൂട്ടത്തെ നോക്കി കൈവീശുന്നതിനിടെ അതിഥികളും അനുയായികളും അദ്ദേഹത്തെ കാണാനായി വാഹനത്തിന് സമീപം തടിച്ചുകൂടിയിരുന്നു.
എന്നാൽ ഇതിനിടെ ഡ്രൈവറോട് ക്ഷുഭിതനാകുന്ന അനന്ത് സിങ് ഇയാളെ ചവിട്ടുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. സൺറൂഫിലൂടെ പുറത്തേക്ക് തന്നെ നിന്നുകൊണ്ടാണ് എംഎൽഎയുടെ ഈ നടപടി. വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. നിരവധി പേർ അദ്ദേഹത്തിന്റെ പെരുമാറ്റത്തിനെതിരെ പ്രതികരിച്ചു. എക്സിലൂടെയാണ് വീഡിയോ പ്രചരിച്ചത്.
Anant Singh kicked his driver while the car was moving. https://t.co/Y4FQ7Sympx
— Ghar Ke Kalesh (@gharkekalesh) November 26, 2026
അതേസമയം ബിഹാറിലെ പട്ന ജില്ലയിലുള്ള നദ്വാൻ ഗ്രാമത്തിൽ നവംബർ 25നായിരുന്നു അനന്ത് സിങ്ങിന്റെ മകൾ ശിവാംഗി സിങ്ങിന്റെ വിവാഹം. വൻതോതിലുള്ള ഒരുക്കങ്ങളും ആഘോഷങ്ങളുമാണ് വിവാഹത്തോടനുബന്ധിച്ച് നടന്നത്. ആയിരക്കണക്കിന് അതിഥികൾ പങ്കെടുത്ത ചടങ്ങിൽ വിപുലമായ ഭക്ഷണവിരുന്നും കുതിരപ്പന്തയവും ആഡംബര വാഹനങ്ങളുടെ സാന്നിധ്യവുമുണ്ടായിരുന്നു.
‘ഛോട്ടേ സർക്കാർ’ എന്നറിയപ്പെടുന്ന അനന്ത് സിങ് ബിഹാറിലെ മോകാമ മണ്ഡലത്തിലെ എംഎൽഎയാണ്. വിവാഹാഘോഷത്തിനിടെ നടന്ന വ്യത്യസ്ത സംഭവങ്ങളുടെയും വീഡിയോകളുടെയും പേരിൽ നേരത്തേയും ചടങ്ങ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഏറ്റവും ഒടുവിൽ ഡ്രൈവറോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.