കൊച്ചി: കളമശേരി സ്പാ കൂട്ടബലാത്സംഗ കേസിലെ മുഖ്യകണ്ണിയാണ് അറസ്റ്റിലായ ആലപ്പുഴ സ്വദേശി ശരണ്യയെന്ന് പോലീസ്. കേസിലെ ഒന്നാം പ്രതി ശ്രീരാജ് നേതൃത്വം നൽകുന്ന സംഘത്തിലേക്ക് സ്ത്രീകളെ കണ്ടെത്തുന്നതും അവരെ അവിടേക്കു എത്തിക്കുന്നതും ശരണ്യയാണെന്നാണ് പോലീസ് പറയുന്നത്. അതുപോലെ ലഹരി ഉപയോഗിച്ചു കഴിഞ്ഞാൽ ശരണ്യ നിയന്ത്രണം വിട്ടു പെരുമാറുമെന്നും പോലീസ് പറയുന്നു. മാത്രമല്ല തന്നെ ഏറ്റവുമധികം ഉപദ്രവിച്ചതു ശരണ്യയാണെന്നാണു കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.
കൂടാതെ കൊച്ചിയിലെ സ്പാകളിലേക്ക് സ്ത്രീകളെ എത്തിച്ചു നൽകുന്നതിൽ ശ്രീരാജും മുഖ്യപങ്കുവഹിച്ചതായി പോലീസിനു വിവരം ലഭിച്ചു. സ്പാകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും ഇയാൾ ഇടപെടും. സ്പാകളിലേക്ക് വേണ്ട സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിൽ ശ്രീരാജിന്റെ സംഘത്തിലെ പ്രധാന കണ്ണിയാണ് ശരണ്യ. സ്പായിലേക്ക് പുതിയ സ്ത്രീകളെ കണ്ടെത്തുന്നതും ഫോണിലൂടെ ബന്ധപ്പെടുന്നതും ശരണ്യയാണ്.
ഇത്തരത്തിൽ എത്തുന്നവർക്ക് ‘ഗ്രൂമിങ്’ എന്ന പേരിൽ പല രീതിയിലുള്ള നിർദേശങ്ങൾ നൽകുന്നതും ശരണ്യയാണെന്ന് പോലീസ് പറയുന്നു. സ്പാകളിൽ എന്ത് പ്രശ്നം വന്നാലും തങ്ങൾ പരിഹരിക്കാമെന്ന് പറഞ്ഞ് ശ്രീരാജ് സ്പാ ഉടമകളിൽനിന്ന് പണം ഈടാക്കാറുണ്ടെന്നും പരാതി ഉയർന്നിരുന്നു. രണ്ട് ലഹരി കേസുകളിലും യുവതികളോട് അപമര്യാദയായി പെരുമാറിയ കേസിലും പ്രതിയാണ് ശ്രീരാജ്. സ്പായിലെ ജോലിക്കെത്തിയ ശരണ്യ ആദ്യം ഇരയായിരുന്നു. പിന്നീട് ശ്രീരാജുമായുണ്ടായ അടുത്ത ബന്ധത്തിലൂടെ ശരണ്യയും കുറ്റകൃത്യങ്ങളിൽ പങ്കാളിയായി എന്നാണ് പോലീസ് പറയുന്നത്.
അതേസമയം തന്നെ ഏറ്റവുമധികം ഉപദ്രവിച്ചതും അതിക്രമത്തിന് ഇരയാക്കിയതും ശരണ്യയാണെന്ന് കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി നൽകിയ മൊഴി പോലീസും ശരിവയ്ക്കുന്നു. ലഹരിയുടെ സ്വാധീനത്തിലാണ് ഇവർ യുവതികൾക്ക് നേരെ അതിക്രമങ്ങൾ നടത്തുന്നതെന്നും പോലീസ് പറയുന്നു. കേസിലെ രണ്ടാം പ്രതിയാണ് ശരണ്യ. ഒന്നാം പ്രതി ശ്രീരാജും മൂന്നാം പ്രതി ജിത്ത് മാർട്ടിനും നേരത്തെ അറസ്റ്റിലായിരുന്നു. ഇവർ ഇരുവരും യുവതിയെ ഉപദ്രവിച്ചവരാണ്. ശരണ്യക്കൊപ്പം അറസ്റ്റിലായ നാലാം പ്രതി സഞ്ജയ് യുവതി മുറിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തടഞ്ഞ ആളാണ്. ഇതിൽ ശ്രീരാജിനേയും ജിത്ത് മാർട്ടിനേയും പോലീസ് നേരത്തെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്നലെയാണ് ശരണ്യയേയും സഞ്ജയ്യേയും കസ്റ്റഡിയിലെടുത്ത് പോലീസ് തെളിവെടുപ്പ് നടത്തിയത്.
പ്രതികളെ കൂട്ടബലാത്സംഗം നടന്ന ലോഡ്ജിലെ മുകളിലത്തെ മുറിയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കുറ്റകൃത്യങ്ങളുടെ കേന്ദ്രമാണ് ഈ ലോഡ്ജെന്ന് പോലീസ് പറയുന്നു. നേരത്തെയും സമാനവിധത്തിലുള്ള പരാതി ഉയരുകയും പോലീസ് ഇവിടെ പരിശോധന നടത്തുകയും ചെയ്തിരുന്നു. ലോഡ്ജിന്റെ മുകൾ നിലയിലെ മുറിയിലാണ് ഒരു രാത്രി മുഴുവൻ യുവതിയെ പ്രതികൾ ക്രൂരമായി ബലാത്സംഗം ചെയ്തത്. ലഹരി മരുന്ന് നൽകിയശേഷമായിരുന്നു പീഡനം. അതിക്രമം നടന്ന ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങൾ നീക്കം ചെയ്ത നിലയിലായിരുന്നു. ഈ ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പോലീസ് നടത്തുന്നുണ്ട്. ഇതുവഴി ആരൊക്കെയാണ് ലോഡ്ജിൽ എത്തിയിരുന്നത് എന്ന് കണ്ടെത്താനാണ് ശ്രമം. അവിടെയുണ്ടായിരുന്നവരെ കൂടാതെ മറ്റു രണ്ടുപേർ കൂടി മുറിയിലേക്ക് വന്നിരുന്നു എന്ന് യുവതി മൊഴി നൽകിയിരുന്നു. എന്നാൽ, യുവതി രക്ഷപ്പെട്ട ശേഷമാണ് രണ്ടുപേർ അകത്തേക്ക് വന്നതെന്നാണ് പോലീസിന്റെ നിഗമനം.