ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനത പാർട്ടി ആഹ്വാനം ചെയ്ത മാർച്ചുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് സ്വീകരിച്ച നടപടികളെ വിമർശിച്ച് സുപ്രീംകോടതി. മെട്രോ സ്റ്റേഷനുകൾ അടച്ച നടപടിയിലാണ് കോടതി രൂക്ഷവിമർശനം ഉന്നയിച്ചത്. സാഹചര്യമനുസരിച്ച് മെട്രോ, റെയിൽ സർവീസുകൾ നിയന്ത്രിക്കാമെങ്കിലും ഒരുകാരണവശാലും പൂർണമായി നിരോധിക്കരുതെന്ന് കോടതി നിർദേശിച്ചു.
നിയമവ്യവസ്ഥ തകരാറിലാകുന്നതുവരെ മെട്രോ സാധാരണ നിലയിൽ പ്രവർത്തിക്കണം. ഇന്റർനെറ്റ് നിരോധനം പാടില്ലെന്നും സർക്കാരിനെ മറികടന്ന് ക്രമസമാധാന നടപടികൾ നടപ്പാക്കാൻ പൊലീസിന് അധികാരമില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ജീവനും സ്വാതന്ത്ര്യവും ഒരുപോലെ പ്രധാനമാണെന്ന് കോടതി നിരീക്ഷിച്ചു. പൗരനായാലും പൊലീസ് ഉദ്യോഗസ്ഥനായാലും ഈ അവകാശങ്ങൾക്ക് ഒരേ പ്രാധാന്യമാണുള്ളത്. ഡൽഹിയിലെ തെരുവിലുണ്ടായിരുന്ന എല്ലാവരെയും കസ്റ്റഡിയിലെടുക്കുന്ന സാഹചര്യമുണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടി. പൊതുജനങ്ങളുടെ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്നും നിർദേശിച്ചു.
ആളുകളെ കസ്റ്റഡിയിലെടുക്കേണ്ടിവന്ന സാഹചര്യം എന്താണെന്നും അതിനായി സ്വീകരിച്ച നടപടികൾ ഏതൊക്കെയാണെന്നും വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സംഭവത്തിൽ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയോട് സുപ്രീംകോടതി റിപ്പോർട്ട് തേടി. ക്രമസമാധാന നിയന്ത്രണത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് ഡൽഹി പൊലീസിനോടും മെട്രോ സ്റ്റേഷനുകൾ അടച്ചതുമായി ബന്ധപ്പെട്ട് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനോടും (ഡി.എം.ആർ.സി.) റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു.








































