അരുവിക്കര: പവർ ടൂൾസ് വാടകയ്ക്ക് നൽകുന്ന സ്ഥാപനത്തിൽനിന്ന് മോഷ്ടിച്ച അലുമിനിയം ഏണി ക്ഷമാപണക്കത്തോടൊപ്പം തിരിച്ചെത്തിച്ച് മോഷ്ടാക്കൾ. അരുവിക്കരയ്ക്കു സമീപം വട്ടക്കുളത്തെ എം.കെ. പവർ ടൂൾസിൽനിന്ന് കഴിഞ്ഞ 27ന് മോഷണംപോയ പുതിയ ഏണിയാണ് 30ന് ഉച്ചയോടെ തിരികെ ലഭിച്ചത്.
സ്ഥാപനത്തിന് പുറത്തുവെച്ചിരുന്ന ഏണി കാണാതായതായി 29നാണ് ഉടമ അൻവർ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് 27ന് ഉച്ചയ്ക്ക് ബൈക്കിലെത്തിയ മൂന്നുപേർ ഏണിയെടുത്തുകൊണ്ടുപോകുന്നത് കണ്ടത്. കടയുടമ അൻവറും ഭാര്യ ജസീനയും കടയോടു ചേർന്നുള്ള വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു മോഷണം. പാറശ്ശാല രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ സംഘം ഏണിയുമായി കടന്നുകളയുകയായിരുന്നു. തുടർന്ന് ഉടമ അരുവിക്കര പോലീസിൽ പരാതി നൽകി.
ഇതിനിടെ ഏണി മോഷ്ടിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ അരുവിക്കരയിലെ വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചു. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാകാം ഏണിയെടുത്തവർ അത് തിരികെ നൽകാൻ തീരുമാനിച്ചത്. 30ന് ഉച്ചയ്ക്ക് ഏണിയും ക്ഷമാപണക്കത്തും സ്ഥാപനത്തിന് മുന്നിൽ ആരും കാണാതെ ചാരിവെച്ചശേഷം സംഘം മടങ്ങി.
‘അണ്ണാ സോറി’ എന്ന് തുടങ്ങുന്ന കത്തിൽ കുഴിയിൽ വീണ ഒരു സാധനം എടുക്കാനാണ് ഏണി കൊണ്ടുപോയതെന്നും നേരത്തേ തിരികെ എത്തിക്കണമെന്ന് കരുതിയിരുന്നെങ്കിലും പെട്ടെന്ന് മറ്റൊരിടത്തേക്ക് പോകേണ്ടിവന്നെന്നും പറയുന്നു. മൂന്ന് തവണ ‘സോറി’ പറഞ്ഞാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.