BREAKING NEWS

യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ വെടിവെച്ചിട്ടത് 58 ഡ്രോണുകൾ!! പുതിയ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് രണ്ട് അമേരിക്കൻ ഡ്രോണുകൾ വെടിവെച്ചിട്ട് ഇറാൻ, സൈനിക നീക്കങ്ങൾക്കിടെ അമേരിക്കയ്ക്ക് 45 എംക്യു-9 ഡ്രോണുകൾ നഷ്ടമായി, ഡ്രോണുകളുടെ മൂല്യം 130 കോടി ഡോളറിലധികം… സൈനിക നീക്കങ്ങൾക്ക് പണം നൽകരുത്- ഡെമോക്രാറ്റുകൾ

· · 1 min read
Share: Copied!

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് മുകളിൽ രണ്ട് അമേരിക്കൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി അവകാശപ്പെട്ട് ഇറാൻ. അമേരിക്ക ഇറാനെതിരായ സാമ്പത്തിക സമ്മർദം ശക്തമാക്കുന്നതിനിടെയാണ് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്.

ശനിയാഴ്ച പുതിയ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് എംക്യു-9 (MQ-9) ഡ്രോൺ തടഞ്ഞുവെച്ച് വെടിവെച്ചിട്ടതായി ഇറാന്റെ ഔദ്യോഗിക വാർത്താ മാധ്യമമായ ഐആർഐബി റിപ്പോർട്ട് ചെയ്തു. യുദ്ധം ആരംഭിച്ചിട്ട് ഏകദേശം ഒമ്പത് മാസം പിന്നിടുമ്പോൾ ഇറാൻ സൈന്യം വെടിവെച്ചിട്ട 58-ാമത്തെ ഡ്രോണാണിതെന്നും ഐആർജിസി അവകാശപ്പെട്ടു. ഇതിന് പിന്നാലെ ശനിയാഴ്ച തന്നെ ഹോർമുസ് കടലിടുക്കിലെ ഖേഷ്ം ദ്വീപിന് മുകളിൽ മറ്റൊരു എംക്യു-1 (MQ-1) ഡ്രോണും വെടിവെച്ചിട്ടതായി ഐആർജിസി അറിയിച്ചു. ഇത്തരത്തിൽ വെടിവെച്ചിട്ട 19-ാമത്തെ ഡ്രോണാണിതെന്നും ഇറാൻ അവകാശപ്പെട്ടു. സംഭവത്തിൽ അമേരിക്കൻ സൈന്യം ഉടൻ പ്രതികരിച്ചിട്ടില്ല.

നവംബർ 18ന് അമേരിക്കയും ഇറാനും പരസ്പരം ആക്രമണങ്ങൾ നടത്തിയതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണങ്ങൾ വർധിച്ചുവരുന്നതിനിടെയാണ് സംഘർഷം രൂക്ഷമാകുന്നത്. സമാധാനകാലത്ത് ലോകത്തെ മൊത്തം എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് കടന്നുപോകുന്ന സുപ്രധാന ജലപാതയാണ് ഹോർമുസ് കടലിടുക്ക്.

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ആരംഭിച്ച യുദ്ധത്തിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കപ്പൽഗതാഗതം വലിയ തോതിൽ തടസപ്പെട്ടതോടെ ആഗോള ഊർജവില ഉയരുകയും സംഘർഷം പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു.

യുദ്ധം അവസാനിപ്പിക്കുന്നതിനായി ജൂണിൽ അമേരിക്കയും ഇറാനും ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നെങ്കിലും അത് പൂർണമായി നടപ്പായില്ല. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതത്തിന്റെ സ്വാതന്ത്ര്യവും സുരക്ഷയും സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങളാണ് ധാരണ നടപ്പാക്കുന്നതിന് തടസ്സമായത്. ജൂലൈ മുതൽ ഇടയ്ക്കിടെ ആക്രമണങ്ങൾ തുടരുകയും ചെയ്തു. ഇറാനിലെ സൈനിക നീക്കങ്ങൾക്കിടെ അമേരിക്കയ്ക്ക് 45 എംക്യു-9 ഡ്രോണുകൾ നഷ്ടമായെന്നും ഇത് അമേരിക്കയുടെ ആകെ ഡ്രോൺ ശേഖരത്തിന്റെ ഏകദേശം 25 ശതമാനമാണെന്നും ഓഗസ്റ്റിൽ വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ ഡ്രോണുകളുടെ മൂല്യം 130 കോടി ഡോളറിലധികമാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിൽ ഇതുവരെ ധാരണയിലെത്താൻ കഴിയാത്ത സാഹചര്യത്തിൽ അമേരിക്കയുമായുള്ള ചർച്ചകളിൽ ഇറാന്റെ നിലപാട് വീണ്ടും വ്യക്തമാക്കി വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രം​ഗത്തെത്തി. സെപ്റ്റംബറിൽ അമേരിക്കയ്ക്ക് കൈമാറിയ ഏഴ് ദിവസത്തെ സമാധാന നിർദേശമാണിതെന്നും അദ്ദേഹം പരാമർശിച്ചു.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കണമെങ്കിൽ ഇറാൻ മുന്നോട്ടുവെച്ച ഏഴ് നിബന്ധനകളും നടപ്പാക്കണമെന്ന് വെള്ളിയാഴ്ച സർക്കാർ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അരാഗ്ചി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുക, ഇറാനെതിരായ ഉപരോധങ്ങൾ പിൻവലിക്കുക, രാജ്യത്തിന്റെ തെക്കൻ തുറമുഖങ്ങൾക്കെതിരായ നാവിക ഉപരോധം അവസാനിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.

ഈ നിബന്ധനകൾ എങ്ങനെ നടപ്പാക്കണമെന്ന കാര്യത്തിൽ ചർച്ചയ്ക്ക് ഇറാൻ തയ്യാറാണെന്നും അതിനുള്ള സമയപരിധി സംബന്ധിച്ച നിലപാട് അയവുള്ളതാണെന്നും അരാഗ്ചി വ്യക്തമാക്കി. എന്നാൽ ചർച്ചകൾ ആരംഭിക്കുന്നതിന് മുമ്പ് അമേരിക്ക വിശ്വാസം പുനഃസ്ഥാപിക്കുന്നതിനുള്ള ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

60 ശതമാനം വരെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം മറ്റൊരു രാജ്യത്തേക്ക് മാറ്റാൻ ഇറാൻ തയ്യാറല്ലെന്നും അരാഗ്ചി വ്യക്തമാക്കി. എന്നാൽ ഈ വിഷയത്തിൽ നീതിയുക്തമായ പരിഹാരം കണ്ടെത്താൻ കഴിയുമെന്നും മധ്യസ്ഥർ മുന്നോട്ടുവെച്ച ചില നിർദേശങ്ങൾ പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നിലവിലെ യുദ്ധമില്ല, സമാധാനവുമില്ല എന്ന അവസ്ഥ അഭികാമ്യമല്ലെന്ന് പറഞ്ഞ അരാഗ്ചി, എന്നാൽ മറുഭാഗത്തിന് വിജയം സമ്മാനിക്കുന്ന തരത്തിലുള്ള കരാർ അംഗീകരിക്കാൻ ഇറാന് കഴിയില്ലെന്നും വ്യക്തമാക്കി.

വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഇറാൻ കരാറിലെത്താൻ ആഗ്രഹിക്കുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. എന്നാൽ തനിക്ക് അംഗീകരിക്കാൻ കഴിയുന്ന തരത്തിലുള്ള കരാറല്ല ഇറാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

51 വർഷമായി ഇറാൻ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വ്യാജ കരാറുകൾ പോലെയല്ല, യഥാർഥ കരാറാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു. അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ ഇറാനുമായി കരാറുണ്ടാക്കേണ്ട ആവശ്യമില്ലെന്ന് കഴിഞ്ഞ ആഴ്ച ട്രംപ് പറഞ്ഞിരുന്നു.

വാർത്താസമ്മേളനത്തിൽ പങ്കെടുത്ത അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനോടും ഇറാൻ യുദ്ധത്തെക്കുറിച്ച് ചോദ്യമുയർന്നു. ഈ മാസം ആദ്യം നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കോൺഗ്രസിന്റെ ഇരുസഭകളിലും തിരിച്ചടി നേരിട്ടതിന് യുദ്ധവും കാരണമായെന്ന് വാൻസ് നേരത്തെ പറഞ്ഞിരുന്നു.

ഇറാനെ ആണവായുധം വികസിപ്പിക്കുന്നതിൽനിന്ന് തടയാൻ ഫെബ്രുവരിയിൽ നടത്തിയ ആക്രമണത്തിന് താൻ അനുമതി നൽകുമായിരുന്നോ എന്ന ചോദ്യത്തിന് വാൻസ് നേരിട്ട് മറുപടി നൽകിയില്ല. ഇറാനെ ആക്രമിക്കാനുള്ള തീരുമാനം ട്രംപിന്റേതായിരുന്നുവെന്നും അമേരിക്കൻ പ്രസിഡന്റിനെ പിന്തുണയ്ക്കുകയാണ് തന്റെ ചുമതലയെന്നും അദ്ദേഹം പറഞ്ഞു.

നാല് പേർക്കെതിരെ അമേരിക്കൻ ഉപരോധം

ഇറാനെതിരായ സാമ്പത്തിക സമ്മർദം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച നാല് ഇറാനിയൻ പൗരന്മാർക്കെതിരെ അമേരിക്കൻ ട്രഷറി വകുപ്പ് ഉപരോധം ഏർപ്പെടുത്തി. ഇറാന്റെ അനധികൃത അന്താരാഷ്ട്ര എണ്ണവിൽപ്പനയിൽനിന്ന് ലഭിക്കുന്ന പണം ശേഖരിച്ച് ഉപരോധങ്ങളും തെക്കൻ തുറമുഖങ്ങളിലെ അമേരിക്കൻ നാവിക ഉപരോധവും മറികടക്കാൻ സഹായിച്ചവരാണ് ഇവരെന്ന് അമേരിക്ക ആരോപിച്ചു.

ഇത്തരത്തിൽ പണം ശേഖരിക്കുന്നവർ പലപ്പോഴും എണ്ണവിൽപ്പനയിൽനിന്നുള്ള വരുമാനം വ്യക്തിപരമായ നേട്ടത്തിനായി ഉപയോഗിക്കുന്നുണ്ടെന്നും അമേരിക്കൻ ട്രഷറി വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. ഉപരോധം നേരിട്ടവരിൽ മുൻ ഐആർജിസി ഇന്റലിജൻസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ജവാദ് ബവന്ദും ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജിന്റെ സഹോദരൻ മജീദ് താജും ഉൾപ്പെടുന്നു.

ഇവരെ അമേരിക്കൻ ട്രഷറി വകുപ്പിന്റെ വിദേശ ആസ്തി നിയന്ത്രണ വിഭാഗമായ ഒഫാക്കിന്റെ പ്രത്യേകമായി നിർദേശിക്കപ്പെട്ട വ്യക്തികളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ അമേരിക്കൻ അധികാരപരിധിയിലുള്ള ഇവരുടെ സ്വത്തുക്കൾ മരവിപ്പിക്കും. ഇവരുമായോ ഇവരുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുമായോ ഡോളർ ഇടപാടുകൾ നടത്തുന്നതിനും വിലക്കേർപ്പെടും.

ഉപരോധം നേരിട്ട മറ്റൊരാൾ ഐആർജിസി ബ്രിഗേഡിയർ ജനറൽ മൊഹ്സെൻ സെർവതിയുടെ മകൻ മുഹമ്മദ് ഹൊസൈൻ സെർവതിയാണ്. ഇറാനിൽനിന്നുള്ള എണ്ണ കയറ്റുമതി ഇടപാടുകൾക്ക് മധ്യസ്ഥത വഹിക്കുകയും ചൈനയിലെ സ്വതന്ത്ര എണ്ണ ശുദ്ധീകരണശാലകളിലേക്ക് എണ്ണ എത്തിക്കുകയും ചെയ്ത കമ്പനികളിൽ ഇയാൾ വിവിധ പദവികൾ വഹിച്ചിരുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം.

ഉപരോധം നേരിട്ട നാലാമത്തെയാൾ മഹാൻ എയർ വിമാനക്കമ്പനിയുടെ ഉപരോധം നേരിടുന്ന സിഇഒ ഹമീദ് അറബ്നെജാദിന്റെ മകൻ മൊജ്തബ അറബ്നെജാദാണ്. മഹാൻ എയറിന് ആവശ്യമായ വിമാനഭാഗങ്ങൾ ഇയാൾ വാങ്ങിയതായും വിമാനക്കമ്പനിക്ക് സാമ്പത്തിക പിന്തുണ നൽകിയ എണ്ണവിൽപ്പന ഇടപാടുകൾക്ക് മേൽനോട്ടം വഹിച്ചതായും അമേരിക്കൻ ട്രഷറി വകുപ്പ് ആരോപിച്ചു.

ഇറാനെതിരായ സൈനിക നീക്കങ്ങൾക്ക് പണം അനുവദിക്കരുത്- ഡെമോക്രാറ്റുകൾ

അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പ്രത്യാഘാതങ്ങൾ റിപ്പബ്ലിക്കൻ പാർട്ടി നേരിടുന്നതിനിടെ ഇറാനെതിരായ സൈനിക നീക്കങ്ങൾക്കുള്ള ധനസഹായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധികളായ യാസമിൻ അൻസാരിയും റോ ഖന്നയും രംഗത്തെത്തി.

അടുത്ത മാസം സർക്കാർ ചെലവുകൾക്കുള്ള ബജറ്റ് അംഗീകരിക്കേണ്ട സാഹചര്യത്തിൽ, ഇറാനെതിരായ ആക്രമണങ്ങൾക്കായി പണം ചെലവഴിക്കുന്നത് അവസാനിപ്പിക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്ന് ഇരുവരും കോൺഗ്രസിനോട് ആവശ്യപ്പെട്ടു. യുദ്ധത്തിനായി അമേരിക്ക ചെലവഴിക്കുന്ന തുക വർധിച്ചുവരുന്ന കാര്യം ചൂണ്ടിക്കാട്ടിയ ഇരുവരും വീഡിയോ സന്ദേശത്തിലൂടെയാണ് മറ്റ് ജനപ്രതിനിധികളോട് നിലപാട് വ്യക്തമാക്കിയത്. ഇറാനെതിരായ യുദ്ധത്തിന് തുടർന്നും പണം അനുവദിക്കുന്ന ഏതൊരു ധനവിനിയോഗ പാക്കേജിനെയും എതിർക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

ഡിസംബർ 11നകം ചെലവുകൾക്കുള്ള ബിൽ പാസാക്കാൻ കഴിയാത്തപക്ഷം അമേരിക്കൻ സർക്കാരിന്റെ പ്രവർത്തനം ഭാഗികമായി നിലയ്ക്കുന്ന സാഹചര്യമുണ്ടാകാം. സർക്കാർ അടച്ചുപൂട്ടൽ ഒഴിവാക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് ഇറാൻ യുദ്ധത്തിന്റെ കാര്യത്തിൽ കടുത്ത നിലപാട് സ്വീകരിക്കാൻ ചില ഡെമോക്രാറ്റുകൾ മടിക്കുന്നതായും റിപ്പോർട്ടുണ്ട്.

അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തുന്നതിനാണ് മുൻഗണന നൽകേണ്ടതെന്നും എന്നാൽ സർക്കാർ അടച്ചുപൂട്ടലിന് വഴിയൊരുക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ധനവിനിയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മുതിർന്ന ഡെമോക്രാറ്റിക് നേതാക്കളായ റോസ ഡിലോറോയും പാറ്റി മുറെയും വ്യക്തമാക്കിയിട്ടുണ്ട്.

BREAKING NEWS
ഭാര്യയോട് സംസാരിക്കുന്നത് കണ്ട് അയൽവാസിക്കു നേരെ വെട്ടുകത്തിയുമായി പാഞ്ഞടുത്ത് ഭർത്താവ്, യുവാവ് നിലത്തുവീണതോടെ കാൽ വെട്ടിയെടുക്കാനായി ശ്രമം, കാലിൽ പിടുത്തമിട്ടതോടെ നാട്ടുകാർ പൂഴിമണൽ കണ്ണിൽ വാരിയെറിഞ്ഞ് കീഴ്പ്പെടുത്തി, തടയാൻ ശ്രമിക്കുന്നതിനിടെ യുവതിയേയും ആക്രമിച്ചു, വധശ്രമത്തിന് കേസ്
21 Nov 2026
BREAKING NEWS
'രാവണനെ മഹത്വവൽക്കരിക്കാനുള്ള ബോധപൂർവ്വമായ ശ്രമം, രാമന്റെ മഹത്വം വ്യക്തമാക്കുന്ന പല ഭാ​ഗങ്ങളും ഒഴിവാക്കി; 'രാമായണ'യുടെ പ്രദർശനം നിർത്തിവയ്ക്കണം': വിശ്വഹിന്ദു പരിഷത്ത്
21 Nov 2026
BREAKING NEWS
’ജനാധിപത്യത്തിന്റെ നല്ല സൗന്ദര്യം, പിന്നെ എന്തിനാണ് പരാതിയുമായി പോകുന്നത്? ആ സൗന്ദര്യം ആസ്വദിച്ചുനിന്നാൽ പോരേ? പരസ്പരം കഴുത്തിന് പിടിച്ച് എത്രനാൾ മുന്നോട്ടുപോകും? ആറുമാസംകൊണ്ട് സ്ഥിതി ഇത്രത്തോളമായി’:മന്ത്രിസഭയിലെ തർക്കത്തിൽ എം.വി. ഗോവിന്ദൻ
21 Nov 2026
BREAKING NEWS
കടയിലേക്ക് നിയന്ത്രണം വിട്ട് കാർ പാഞ്ഞുകയറി; കൈക്കുഞ്ഞുൾപ്പെടെ അഞ്ചുപേർ കടയ്ക്കരകിൽ, അത്ഭുതരക്ഷ
21 Nov 2026