കാസർകോട്: മാലപൊട്ടിക്കലും വധശ്രമവും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയെ ബേഡകം പൊലീസ് എറണാകുളത്തുനിന്ന് പിടികൂടി. കോട്ടക്കുന്ന് പള്ളിക്കര സ്വദേശി മുഹമ്മദ് അറാഫത്തിനെയാണ് കളമശ്ശേരിയിൽനിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
2011 മേയ് 18-നാണ് കേസിനാസ്പദമായ സംഭവം. ബേഡകം ചെമ്പക്കാട് ജോലി കഴിഞ്ഞ് റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽനിന്ന് രണ്ടേമുക്കാൽ പവൻ തൂക്കം വരുന്ന സ്വർണത്താലിമാല ബൈക്കിലെത്തിയ പ്രതി കവർന്നെടുക്കുകയായിരുന്നു. മാല പിടിച്ചുപറിക്കുന്നതിനിടെയുണ്ടായ പിടിവലിയിൽ പരാതിക്കാരിയുടെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
സംഭവത്തിൽ ബേഡകം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിയുകയായിരുന്നു അറാഫത്ത്. തുടർന്ന് കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
കാസർകോട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലും ഇയാൾ പ്രതിയാണ്. ബേഡകം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അജിത കെ.യുടെ നിർദേശപ്രകാരം സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രജീഷ് താരംതട്ട, ഷഫീഖ്, സിവിൽ പൊലീസ് ഓഫീസർ സന്ദീപ് കെ. എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കളമശ്ശേരിയിലെത്തി പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.