കൊച്ചി: മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസിൽ സിബിഐയുടെ പിഴവുകൾ ഓരോന്നായി എടുത്തുപറഞ്ഞ് വിചാരണക്കോടതി. ഈ കേസിൽ ഗൂഢാലോചന തെളിയിക്കാനാകാഞ്ഞത് സിബിഐക്ക് തിരിച്ചടിയായി, കേസിലെ പ്രധാനപ്പെട്ട മൂന്ന് സാക്ഷികളെ സിബിഐ വിസ്തരിക്കാതെ ഒഴിവാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. അതുപോലെ സിപിഎം നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന പ്രധാന സാക്ഷികളുടെ മൊഴി ഉൾപ്പെടുത്തിയിട്ടില്ല, കൂടാതെ പ്രധാന പ്രതികളുടെ കോൾ രേഖകൾ സിബിഐ ശേഖരിച്ചില്ല എന്നും കോടതി വിധി പകർപ്പിൽ വ്യക്തമാക്കി.
അതേസമയം 17 മാസം നീണ്ട വിചാരണയ്ക്കൊടുവിലാണ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി അരിയിൽ ഷുക്കൂർ വധക്കേസിൽ വിധിപറഞ്ഞത്. 31 പ്രതികളാണ് കേസിൽ വിചാരണ പൂർത്തിയാക്കിയത്. അതിൽ 13 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 18 പേരെ കോടതി വെറുതെവിടുകയും ചെയ്തു. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി. ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷ് എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് ഉൾപ്പെടെയുള്ള പ്രതികളെയാണ് ഇന്നലെ കോടതി വെറുതെവിട്ടത്.
കേസിൽ ഇത്രയും പ്രതികളെ വെറുതെവിട്ടത് സിബിഐയേയും പ്രോസിക്യൂഷനെയും സംബന്ധിച്ചിടത്തോളം വലിയ നാണക്കേടിനാണ് വഴിവച്ചത്. അതേസമയം, കുറ്റക്കാരാണെന്ന് കണ്ടെത്തിയ 13 പ്രതികളിൽ ഏഴുപേർക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു. ഒന്നാംപ്രതി കെ.വി. സുമേഷ്, അനൂപ്, പവിത്രൻ, മനോഹരൻ പി.വി., മൈന ദിനേശൻ, ബിജു മോൻ, ഷിജിൻ മോഹൻ എന്നീ പ്രതികൾക്കാണ് ജീവപര്യന്തം ലഭിച്ചത്. കുറ്റക്കാരാണ് എന്ന് കണ്ടെത്തിയ മറ്റ് ആറുപേർക്ക് രണ്ടുവർഷമാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. തടവുശിക്ഷ രണ്ട് വർഷമാണ് എന്നതുകൊണ്ടുതന്നെ അവർക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട് കോടതി.
വധക്കേസിൽ രണ്ടാം പ്രതിയായ ഗണേശനെ വെറുതെ വിട്ട സംഭവമാണ് പ്രോസിക്യൂഷൻ ഏറ്റവുമധികം നിരാശ പ്രകടിപ്പിച്ചത്. ഒന്നും രണ്ടും പ്രതികളായ കെ.വി.സുമേഷ്, പി. ഗണേശൻ എന്നിവരാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നതിന് മതിയായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ പറയുമ്പോൾ കോടതി ചൂണ്ടിക്കാണിച്ചത് ഗണേശനെതിരായ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്നാണ്. അതോടൊപ്പം, കേസിലെ 32, 33 പ്രതികളായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവർക്കെതിരെ പ്രോസിക്യൂഷൻ പ്രധാനമായും ഉന്നയിച്ചിരുന്ന ആരോപണം തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315ാം നമ്പർ മുറിയിൽ വച്ച് അവർ മറ്റു പ്രതികളുമായി ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തി എന്നതാണ്. എന്നാൽ ഈ ഗൂഢാലോചന തെളിയിക്കുന്നതിലും സിബിഐ പരാജയപ്പെട്ടു എന്നു ചൂണ്ടിക്കാട്ടിയാണ് സിബിഐ പ്രത്യേക കോടതി ജഡ്ജി പി. ശബരീനാഥൻ ഇവരെ വെറുതെ വിട്ടത്.
360 പേജുള്ള വിധിന്യായത്തിലെ വീഴ്ചകൾ ഇങ്ങനെ
കത്തി ഉപയോഗിച്ച് ഒന്നാം സാക്ഷി സക്കറിയയെ ആക്രമിക്കുകയും അബ്ദുൾ ഷുക്കൂറിന്റെ വയറ്റിൽ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു എന്നതായിരുന്നു രണ്ടാം പ്രതിയായ ഗണേശനെതിരെയുള്ള ആരോപണം.
- 2012 മെയ് 26ന് അറസ്റ്റിലായ ഗണേശനെ ജൂൺ രണ്ടിന് നടത്തിയ തിരിച്ചറിയൽ പരേഡിൽ സാക്ഷികൾക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. സംഭവം നടന്ന് നാല് മാസത്തിനുള്ളിൽ നടന്ന തിരിച്ചറിയൽ പരേഡിൽ സക്കറിയ, രണ്ടാം സാക്ഷി അയൂബ് തുടങ്ങിയ സാക്ഷികൾക്കൊന്നും ഗണേശനെ തിരിച്ചറിയാനായില്ല. മാത്രമല്ല ഒറ്റ അവസരം മാത്രം ഉപയോഗപ്പെടുത്തിയ സക്കറിയ കൂടുതൽ റൗണ്ടുകൾ ആവശ്യമില്ലെന്ന് വ്യക്തമാക്കി. വിസ്താര വേളയിൽ, ഭയം കാരണമാണ് പരേഡിൽ തിരിച്ചറിയാൻ കഴിയാത്തതെന്ന് സക്കറിയ വിശദീകരിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിലൊന്നും ഇത്തരമൊരു മൊഴി നൽകിയിരുന്നില്ല.
- തിരിച്ചറിയൽ പരേഡിന് ശേഷം പയ്യന്നൂർ റെയിൽവേ സ്റ്റേഷന് സമീപം വച്ച് ആക്രമിച്ചയാളെ കണ്ടിരുന്നുവെന്ന് സക്കറിയ സിബിഐ ഉദ്യോഗസ്ഥന് മൊഴി നൽകിയിരുന്നത്, എന്നാൽ കണ്ടത് രണ്ടാം പ്രതിയായ ഗണേശനെയാണെന്ന് അന്ന് വ്യക്തമാക്കിയിരുന്നില്ല. പരേഡിന് ശേഷം പൊലീസ് സ്റ്റേഷനിൽ വച്ച് പ്രതിയെ സക്കറിയയ്ക്ക് കാണിച്ചുകൊടുത്ത സാഹചര്യത്തിൽ, കോടതിയിൽ വച്ച് ആദ്യമായി നടത്തിയ തിരിച്ചറിയൽ വിശ്വസനീയമല്ല.
- രണ്ടാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തെങ്കിലും ആയുധം കണ്ടെടുത്തു എന്നതുകൊണ്ട് മാത്രം സംഭവത്തിലെ പങ്കാളിത്തം തെളിയിക്കാനാവില്ല.
- ആശുപത്രി മുറിയിൽ 28 മുതൽ 33 വരെയുള്ള പ്രതികൾ ഗൂഢാലോചന നടത്തിയെന്ന വാദം സാധൂകരിക്കാൻ പ്രോസിക്യൂഷൻ വിസ്തരിച്ചത് 16ാം സാക്ഷിയായ ഒരു മാധ്യമ പ്രവർത്തകനെ മാത്രം. 28 മുതൽ 31 വരെയുള്ള പ്രതികൾ ആശുപത്രിയിൽ ഉണ്ടായിരുന്നതായി ഇയാൾ മൊഴി നൽകിയിട്ടില്ല. ഇതോടെ ജയരാജനും ടി.വി. രാജേഷിനും ആശുപത്രിയിൽ വെച്ച് ഗൂഢാലോചന നടന്നതായി അദ്ദേഹത്തിന്റെ മൊഴിയിൽ തെളിവുകളൊന്നുമില്ല.
- ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷനും സിബിഐയും ചൂണ്ടിക്കാണിച്ച പല നിർണായക സാക്ഷികളെയും വിസ്തരിക്കാതെ ഒഴിവാക്കി. ജയരാജന്റെ ഗൺമാനായിരുന്ന പ്രമോദ്, ദിവാകരൻ, രാജേഷ്, മുകുന്ദൻ എന്നിവരെ പ്രോസിക്യൂഷൻ ഒഴിവാക്കി. 15ാം സാക്ഷി വാസുദേവൻ മരിച്ച സാഹചര്യത്തിൽ, വിദേശത്തായിരുന്ന കോടതി സാക്ഷികൾ പി.പി. അബു, മുഹമ്മദ് സാബിർ എന്നിവരെ ഹാജരാക്കാനും കഴിഞ്ഞില്ല.
- ഗൂഢാലോചനയിൽ പങ്കാളികളെന്ന് ആരോപിക്കപ്പെട്ട 32, 33 പ്രതികളുടെ കോൾ ഡീറ്റെയിൽസ് റെക്കോർഡുകൾ (സിഡിആർ) ശേഖരിച്ച് ഹാജരാക്കാൻ പോലും പ്രോസിക്യൂഷൻ ശ്രമിച്ചില്ല.
- 29, 30 പ്രതികൾ തമ്മിലുള്ള ഫോൺ വിളികൾ ഗൂഢാലോചനയുടെ ഭാഗമാണെന്ന് നേരിട്ടുള്ള തെളിവില്ലാത്തതിനാൽ ഉറപ്പിക്കാനാവില്ല 31ാം പ്രതിയുടേതെന്ന് പറഞ്ഞ ഫോൺ നമ്പർ 18ാം സാക്ഷി സന്തോഷിന്റെ പേരിലുള്ളതാണ്. അത് 31ാം പ്രതിയാണ് ഉപയോഗിച്ചതെന്ന് സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞില്ല.
- വിവരങ്ങളും ഫോട്ടോകളും കൈമാറിയെന്ന് ആരോപിക്കപ്പെടുന്ന 10, 11 പ്രതികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ ശ്രമിച്ചില്ല, ഇതിന് വിശദീകരണം നൽകാത്തതും ഗൂഢാലോചന തെളിയിക്കാൻ ലഭ്യമായ തെളിവുകൾ പര്യാപ്തമല്ല.