തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ എണ്ണിയെണ്ണി പകരം ചോദിക്കുമെന്ന കണ്ണൂരിൽ നടത്തിയ പ്രസംഗത്തിനും സമീപനത്തിനുമെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാനത്തിന്റെ മോന്തായംതന്നെ വളഞ്ഞിരിക്കുന്നുവെന്നാണ് ഇത് കാണിക്കുന്നതെന്ന് പിണറായി പറഞ്ഞു. പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല. എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്. അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനമാണ് മുഖ്യമന്ത്രിയുടെ പ്രസംഗമെന്നും പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എസ്.ഐ.ടി.ക്ക് മാർഗനിർദേശം നൽകുന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം ഉത്തരവാദിത്വത്തിൽനിന്നുള്ള ഗുരുതരമായ വ്യതിയാനമാണ്. ഇത് പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗമായി കാണാനാവില്ല. നേരത്തെ രൂപീകരിച്ച എസ്.ഐ.ടി.കൾക്ക് കൃത്യമായ നിർദേശങ്ങൾ നൽകുന്ന രീതിയിലാണ് പ്രസംഗം തോന്നുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിതന്നെ പ്രതികാരദാഹിയായി മാറിയാൽ സംസ്ഥാനത്തിന്റെ അവസ്ഥ എന്താകുമെന്നും അദ്ദേഹം ചോദിച്ചു.
തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ ജയിലിലടയ്ക്കാനും യൂത്ത് കോൺഗ്രസിനുവേണ്ടി ആളുകളെ പിടികൂടാനുമാണ് എസ്.ഐ.ടി. രൂപവത്കരിച്ചതെന്ന് മുഖ്യമന്ത്രിതന്നെ തുറന്നുപറയുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. തീർത്തും സത്യപ്രതിജ്ഞാലംഘനമാണിത്. പ്രതികാരം ചെയ്യാനല്ല ഒരു സർക്കാരും മുഖ്യമന്ത്രിയും അധികാരത്തിലിരിക്കുന്നത്. അതിനായി സംസ്ഥാന ഭരണസംവിധാനത്തെ ഉപയോഗിക്കാനും പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്രയും ഗൗരവതരമായ വിഷയം മുഖ്യമന്ത്രി സംസാരിച്ചിട്ടും ജനാധിപത്യ സംരക്ഷണത്തിൽ പ്രധാന പങ്കുവഹിക്കേണ്ട മാധ്യമങ്ങളിൽ പലതും അതിനെ ഗൗരവത്തോടെ കണ്ടില്ലെന്നത് ഖേദകരമാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. പ്രസ്താവന നിഷേധിക്കാനോ തിരുത്തിപ്പറയാനോ അദ്ദേഹം തയ്യാറായിട്ടുമില്ല. ഇതിനെതിരേ സ്വാഭാവികമായ പ്രതിഷേധം ഉയരണമെന്നും നിയമനടപടികളിലേക്ക് നീങ്ങണമെന്നും പിണറായി കൂട്ടിച്ചേർത്തു.