മുംബൈ: മുംബൈയിലെ ഘാട്‌കോപ്പർ റെയിൽവേ സ്റ്റേഷനിലെ പൊതുശുചിമുറിയിൽ 60 വയസ്സുകാരിയെ മർദിച്ച് ബലാത്സംഗം ചെയ്ത സംഭവത്തിൽ 25-കാരൻ അറസ്റ്റിൽ. തസ്ലിം നൂർ മുഹമ്മദ് ഷാ എന്നയാളെയാണ് റെയിൽവേ പോലീസ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.
18 വയസ്സുകാരിയായ മകളോടൊപ്പം വീട്ടിലേക്ക് മടങ്ങാൻ ലോക്കൽ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെയാണ് സ്ത്രീ ശുചിമുറിയിലേക്ക് പോയത്. ഈ സമയം പിന്നാലെയെത്തിയ യുവാവ് ശുചിമുറിയുടെ വാതിൽ തള്ളിത്തുറന്ന് അകത്തുകയറി. തുടർന്ന് വാതിൽ അകത്തുനിന്ന് പൂട്ടി. സ്ത്രീ നിലവിളിച്ചതോടെ ഇയാൾ മർദിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം. ആക്രമണത്തിൽ സ്ത്രീയുടെ മുഖത്തും നെറ്റിയിലും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ സ്ത്രീ മകളോട് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇരുവരും റെയിൽവേ പോലീസിനെ സമീപിച്ചു. പരിക്കേറ്റ സ്ത്രീയെ തുടർപരിശോധനയ്ക്കായി രാജവാഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് റെയിൽവേ സ്റ്റേഷനിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പ്രതി ശുചിമുറിയിലേക്ക് കയറുന്നതും അൽപസമയത്തിനുശേഷം പുറത്തുവന്ന് മെട്രോ സ്റ്റേഷനിലേക്ക് പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഘാട്‌കോപ്പറിലെ അസ്ൽഫ മേഖലയിൽനിന്ന് പ്രതിയെ പിടികൂടിയത്. സംഭവസമയത്ത് ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചു, എം വി ഗോവിന്ദനും കെ കെ രാഗേഷിനുമെതിരെ പരാതി