കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസയിൽ അനധികൃതമായി നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്. സ്വകാര്യസ്ഥാപനത്തിന്റെ ക്യുആർ സ്കാനർ ഉപയോഗിച്ച് ഇതര സംസ്ഥാന തൊഴിലാളികളായ ജീവനക്കാർ ഏഴു ലക്ഷം രൂപയിലധികം തട്ടി. ടോൾ പ്ലാസ മാനേജരുടെ പരാതിയിൽ പന്തീരാങ്കാവ് പോലീസ് കേസെടുത്തു.
ഉത്തർപ്രദേശ് സ്വദേശികളായ ഉമാശങ്കർ, മോണ്ടി രാജ്പുത്, ഹരിമോഹൻ, ശിം, നവീൻസിങ് ഭദോരിയ, ബിബിൻ രാജ്പുത് എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ ബിബിൻ രാജ്പുത് നിലവിൽ പോലീസ് കസ്റ്റഡിയിലാണുള്ളത്. അതേസമയം കസ്റ്റഡിയിലുള്ള ആൾ ഒഴികെ മറ്റ് പ്രതികളെല്ലാം കരാർ കാലവധി കഴിഞ്ഞതിനാൽ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇവരെ കോഴിക്കോട്ടെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി പന്തീരങ്കാവ് പോലീസ് അറിയിച്ചു. തട്ടിപ്പ് നടത്തിയ പണത്തേക്കുറിച്ചുള്ള പ്രാഥമിക വിവരം മാത്രമാണ് പുറത്തുവന്നിരിക്കുന്നതെന്നും തട്ടിയ പണം ഇതിലും കൂടുലാകാമെന്നും പോലീസ് പറയുന്നു. എസ്ഐ എൻ. രാജ്കുമാറിനാണ് അനേഷണച്ചുമതല.
പ്രതികൾ ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾ കടന്നുപോകുമ്പോൾ സ്വകാര്യ അക്കൗണ്ടുകളുടെ ക്യുആർ കോഡ് സ്കാനർ കാണിച്ചുകൊടുത്ത് പണം തട്ടുന്നതായിരുന്നു രീതി. പ്രതികൾ നാട്ടിലേക്ക് മടങ്ങിയശേഷം ടോൾ പ്ലാസ മാനേജർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പിനേക്കുറിച്ച് അറിഞ്ഞതും തുടർന്ന് പൊലീസിൽ പരാതി നൽകിയതും.