തിരുവനന്തപുരം: കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾക്കിടെ നേതാക്കൾക്ക് ഓർമപ്പെടുത്തലുമായി മന്ത്രി രമേശ് ചെന്നിത്തല. ജയിപ്പിക്കാൻവേണ്ടി സിന്ദാബാദ് വിളിച്ച പ്രവർത്തകരെ മറക്കരുതെന്നാണ് നേതാക്കളോടുള്ള ചെന്നിത്തലയുടെ ഓർമപ്പെടുത്തൽ. വി.ഡി. സതീശനുമായും കെ.സി. വേണുഗോപാലുമായും അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അതെല്ലാം പാർട്ടി നേതൃത്വത്തിനുമുന്നിൽ മാത്രമാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം കനകക്കുന്നിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ‘ആഗോറ’ വേദിയിലെ മാധ്യമസംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ഗ്രൂപ്പുകൾ വേണ്ടെന്നാണ് ഹൈക്കമാൻഡ് നിർദേശിച്ചിട്ടുള്ളത്. ഗ്രൂപ്പുകളുണ്ടാക്കാൻ ശ്രമിക്കുന്നവരെല്ലാം ഇക്കാര്യം ഓർക്കണം. ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിസഭയിൽ എല്ലാ മന്ത്രിമാർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ചുവർഷവും ആഭ്യന്തരമന്ത്രിയായി തുടരുമോയെന്ന ചോദ്യത്തിനും ചെന്നിത്തല മറുപടി നൽകി. പാർട്ടി ആവശ്യപ്പെട്ടാൽ ഈ നിമിഷം തന്നെ രാജിവെക്കാൻ താൻ സന്നദ്ധനാണെന്നായിരുന്നു പ്രതികരണം.
രാഷ്ട്രീയത്തിൽ ജൂനിയർ, സീനിയർ എന്ന വേർതിരിവില്ലെന്നും ചെന്നിത്തല പറഞ്ഞു. പ്രണബ് മുഖർജിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന മൻമോഹൻ സിങ് പിന്നീട് പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ പ്രണബ് മുഖർജി മന്ത്രിയായി പ്രവർത്തിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നേക്കാൾ ജൂനിയറായ വി.ഡി. സതീശന്റെ മന്ത്രിസഭയിൽ മന്ത്രിയായി പ്രവർത്തിക്കുന്നതിലെ കെമിസ്ട്രിയും ചെന്നിത്തല വിശദീകരിച്ചു.