കൊച്ചി: സിഎംആര്എല്- എക്സാലോജിക് കേസില് സര്ക്കാര് നിലപാടിനെ വിമര്ശിച്ച് കോണ്ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണ്. പാവപ്പെട്ട മറ്റ് മനുഷ്യര്ക്കില്ലാത്ത ഒരു പ്രിവിലേജും പിണറായിക്കും കുടുംബത്തിനും വച്ചുനീട്ടരുത്. സാധാരണ സിപിഎമ്മുകാര് പോലും ആഗ്രഹിക്കാത്തത് നമ്മളെന്തിന് മാസപ്പടിക്കാര്ക്ക് ദാനം നല്കണം. കടത്ത് കടന്ന് കര പറ്റിയാല് തോണി പുഴയില് മുക്കുന്ന പോലുള്ള നിലപാട് ഒരല്പം വാര്ദ്ധക്യസഹജമാണ്. ജിന്റോ ജോണ് ഫെയ്സ്ബുക്ക് കുറിപ്പില് അഭിപ്രായപ്പെട്ടു. പിണറായി വിജയന് സര്ക്കാരിന്റെ കാലത്ത് കോണ്ഗ്രസ് പ്രവര്ത്തകരും നേതാക്കളും നേരിട്ട കേസുകളും പീഡനങ്ങളും ഫെയ്സ്ബുക്ക് കുറിപ്പില് ജിന്റോ ജോണ് എണ്ണിയെണ്ണി ചൂണ്ടിക്കാട്ടുന്നു. ഉമ്മന്ചാണ്ടി നീതിമാനായിരുന്നു എന്ന് ഒരായിരം വട്ടം പ്രസംഗിച്ചവര് അതെല്ലാം മറന്നു പോയി. ആ മനുഷ്യന്റെ പേരില് കൂടിയായിരുന്നു ഈ വിജയമെന്നും മറന്നു. നൂറുശതമാനം നീതി നിഷേധിക്കപ്പെട്ടാണ് ഉമ്മന്ചാണ്ടി യാത്രയായതെന്നും മറന്നു.
പിണറായിയുടെ പകയില് പടച്ചെടുത്ത കള്ളക്കേസില് ആക്ഷേപിക്കപ്പെട്ട, വേട്ടയാടപ്പെട്ട മനുഷ്യരുടെ ഓര്മ്മകള് പോലും പക്വതക്കുറവായി തോന്നുന്ന വളര്ച്ചയെത്തിയോ മുതിര്ന്നവരെ നിങ്ങള്ക്ക്? പിണറായിയുടെ ധാര്ഷ്ട്യത്തില് കുന്നംകുളത്തെ സുജിത്തിനും രക്ഷാപ്രവര്ത്തനം നേരിട്ട യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര്ക്കും കെഎസ്ക്കാര്ക്കുമെല്ലാം കേസും ജയില്വാസവും ക്രൂരമര്ദ്ദനങ്ങളും കിട്ടിയപ്പോള് മറവിയിലേക്ക് വേഗത കൂട്ടിയ അധികാരം കിട്ടിയത് നിങ്ങള്ക്കാണ്. അവിടെ പിന്നെ സാധാരണ പ്രവര്ത്തകരുടെ വികാരം പോലും പക്വതക്കുറവാണല്ലോ അല്ലേ?. മടിയില് അധാര്മികകതയുടെ കനമുള്ള, കൈകള് ശുദ്ധമല്ലാത്ത, നിയമപരമായി കേസിനെ നേരിടാന് കരുത്തില്ലാത്ത മാസപ്പടിയുടെ കാരണഭൂതന്റെ കൈപിടിച്ച് കര പറ്റിക്കുന്നതെന്ന് തോന്നുന്ന ഒന്നുപോലും ഉണ്ടായിക്കൂടാ.
മോഷ്ടാവായിരുന്ന അടയ്ക്കാ രാജുവിന്റെ നീതിബോധത്തില് നിന്നുമാണ് അഭയ കേസിലെ പ്രതികളെ ശിക്ഷിക്കാനുതകിയ മൊഴിയുണ്ടായതെന്ന് മറക്കരുത്. പിണറായിക്ക് വേണ്ടി ഹര്ജിക്കാരനെ ശല്യക്കാരനായ വ്യവഹാരിയെന്ന ചാപ്പയടിച്ചത് കുറച്ച് കടന്ന കുരുതലായിപ്പോയി. രാഷ്ട്രീയമായി പറഞ്ഞു തോറ്റവരുടെ നാറ്റമെന്തിന് കോണ്ഗ്രസിന്റെ ഖദറില് വാരിത്തേക്കണം?. സാധാരണ പ്രവര്ത്തകരുടെ രാഷ്ട്രീയ ബോധ്യത്തിന് വിലയിടരുത്. മുന് സര്ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്നും ഓര്ക്കണം. ജിന്റോ ജോണ് ഫെയ്സ്ബുക്ക് കുറിപ്പില് ഓര്മ്മിപ്പിക്കുന്നു.