കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിൽ നാല് പ്രതികളെയും വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് നാളെ വൈകിട്ട് അഞ്ചുവരെ കസ്റ്റഡി അനുവദിച്ചത്. ദൃക്‌സാക്ഷികളെക്കൊണ്ട് പ്രതികളെ തിരിച്ചറിയുന്നതിനും ഡിജിറ്റൽ തെളിവുകൾ സംബന്ധിച്ച് കൂടുതൽ ചോദ്യം ചെയ്യുന്നതിനുമാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്.
ജില്ലാ കോടതി കഴിഞ്ഞ ദിവസം പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകിയത്. രണ്ടു ദിവസത്തെ കസ്റ്റഡിയായിരുന്നു അന്വേഷണസംഘം ആവശ്യപ്പെട്ടത്. ദൃക്‌സാക്ഷികളെക്കൊണ്ട് പ്രതികളെ തിരിച്ചറിയിക്കണമെന്നും ഡിജിറ്റൽ തെളിവുകൾ കാണിച്ച് ചോദ്യം ചെയ്യണമെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ, പ്രതിഭാഗം കസ്റ്റഡി ആവശ്യത്തെ എതിർത്തു. പ്രതികളുടെ ചിത്രങ്ങളും വിവരങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച സാഹചര്യത്തിൽ ഇനി തിരിച്ചറിയൽ പരേഡിന്റെ ആവശ്യമെന്തെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
കുറ്റപത്രം തയ്യാറാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുന്നതിനാൽ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തുടർന്നാണ് സുഹൈൽ സജീവ്, നിനവ്, ജോയൽ, അമീൻ എന്നീ പ്രതികളെ നാളെ വൈകിട്ട് അഞ്ചുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. രണ്ടാം തവണയാണ് കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ലഭിക്കുന്നത്.
അപകടത്തിൽപ്പെട്ട മിനി കൂപ്പറിന്റെ ഇഡിആർ (ഇവന്റ് ഡാറ്റ റെക്കോർഡർ) പരിശോധന സാങ്കേതിക വിദഗ്ധർ തുടരുകയാണ്. ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ മൂന്നാം പ്രതി ജോയൽ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.