കൊച്ചി: നെടുമ്പാശേരിയിൽ പുലർച്ചെയുണ്ടായ 3 പേരുടെ മരണത്തിനിടയാക്കിയ ആഡംബര കാർ ഓടിച്ച സുഹൈൽ പതിവായി അമിത വേഗത്തിലാണ് കാർ ഓടിച്ചിരുന്നതെന്ന് പോലീസ്. മുൻപ് 218 കിലോമീറ്റർ വേഗത്തിൽ വാഹനമോടിച്ചതിന്റെ വീഡിയോ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. ഇന്നു പുലർച്ചയും സമാന രീതിയിൽ തന്നെയാണു ഇയാൾ വാഹനമോടിച്ചതെന്നാണു ദൃക്സാക്ഷികൾ പറയുന്നത്. ഈ സമയങ്ങളിൽ വിമാനത്താവളം റോഡിൽ മത്സരയോട്ടങ്ങൾ പതിവാണെന്നും പ്രദേശവാസികൾ പറയുന്നു.
അതേസമയം അറസ്റ്റിലായ വസ്ത്ര വ്യാപാരിയുടെ മകനായ സുഹൈൽ രാജഗിരി കോളജിലെ ബികോം വിദ്യാർഥിയാണ്. വിമാനത്താവളം റോഡിൽ വാളേപ്പുറം കവലയിൽ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. വയനാട് മടക്കിമല സന്തോഷ് ഭവനിൽ ദേവിക (21), മംഗലാപുരം സുള്ള്യ കനകമഞ്ചൽ ഇബ്രാഹിമിന്റെ മകൻ ഇജാസ് (21), പാലക്കാട് കരിമ്പ ഇടക്കുറിശ്ശി മുള്ളൻകുഴി പ്രദീപ് കുമാറിന്റെ മകൾ ഗോപിക (21) എന്നിവരാണു മരിച്ചത്. ഹാൻഡിക്രാഫ്റ്റ് കടയിലെ ജീവനക്കാരാണ്. മരിച്ച മൂന്നു പേരും സ്കൂട്ടറിലാണു സഞ്ചരിച്ചിരുന്നത്. വിമാനത്താവളം റോഡിൽ ചായ കുടിക്കാൻ വന്ന് മടങ്ങവേയാണ് സുഹൈലിന്റെ കാർ ഇടിച്ചത്.
തൃക്കാക്കരയാണ് സുഹൈൽ താമസിക്കുന്നത്. മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ ബോണറ്റും ചില്ലുകളും തകർന്നു. മരിച്ച യുവതികളിൽ ഒരാളുടെ ഷോൾ കാറിന്റെ വൈപ്പറിൽ കുടുങ്ങിയ നിലയിലാണ്. എംവിഡി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.








































