ദുബായ്: യുഎഇയിലെ റാസൽഖൈമയിൽ അൽ വതൻ റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചവരിൽ 11 പേർ ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക വിവരം. ഇവരിൽ ഭൂരിഭാഗവും മലയാളികളാണെന്നാണ് റിപ്പോർട്ടുകൾ.
ഒമാനിൽ വിസ പുതുക്കി മടങ്ങുകയായിരുന്ന പ്രവാസികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന് സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ബസിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് 41 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
മരിച്ചവരിൽ ഒരാൾ ഫിലിപ്പീൻസ് സ്വദേശിയും മറ്റൊരാൾ ശ്രീലങ്കൻ സ്വദേശിയുമാണ്. അപകടത്തിൽ 26 പേർക്ക് പരിക്കേറ്റതായി യുഎഇ നാഷണൽ ആംബുലൻസ് അറിയിച്ചു. ഇതിൽ 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിൽ തുടരുകയാണ്.
അപകടത്തിൽപ്പെട്ട ഇന്ത്യക്കാരെക്കുറിച്ചും മരിച്ചവരുടെ വിവരങ്ങൾ അറിയുന്നതിനുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്. സഹായം ആവശ്യമുള്ളവർക്ക് 800 46342 എന്ന നമ്പറിൽ ബന്ധപ്പെടാം.