കാഠ്മണ്ഡു/കണ്ണൂർ: എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു. കണ്ണൂർ തലശ്ശേരി എരഞ്ഞോളി സ്വദേശി അഞ്ജുനാഥ് കാവിങ്ങൽ വളപ്പിലാണ് മരിച്ചത്. നവംബർ 19നാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
‘ട്രാവൽ വിത്ത് അഞ്ജുനാഥ്’ എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ യാത്രാവിശേഷങ്ങൾ പങ്കുവെച്ചിരുന്ന അഞ്ജുനാഥിന്റെ അപ്രതീക്ഷിത വിയോഗം ട്രെക്കിങ് പ്രേമികൾക്കിടയിൽ വലിയ ഞെട്ടലുണ്ടാക്കി. അന്നപൂർണ ബേസ് ക്യാമ്പിൽനിന്നുള്ള ദൃശ്യങ്ങളും വിവിധ മലനിരകളിലെ കാഴ്ചകളുമെല്ലാം അദ്ദേഹം നിരന്തരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള യാത്രാമധ്യേയുള്ള ഗോരക്ഷേപിലാണ് അഞ്ജുനാഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 5,164 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. എവറസ്റ്റ് ബേസ് ക്യാമ്പ് ട്രെക്കിങ്ങിലെ അവസാനത്തെ പ്രധാന താമസകേന്ദ്രങ്ങളിലൊന്നായ ഗോരക്ഷേപ്, ഓക്സിജന്റെ കുറവും അതിശൈത്യവും ഉൾപ്പെടെയുള്ള കഠിനമായ സാഹചര്യങ്ങൾ കാരണം സഞ്ചാരികൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന മേഖലയാണ്.
കഴിഞ്ഞവർഷം അന്നപൂർണ ബേസ് ക്യാമ്പ് ട്രെക്കിങ് വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് അഞ്ജുനാഥ് എവറസ്റ്റ് ബേസ് ക്യാമ്പ് ലക്ഷ്യമാക്കി യാത്ര തിരിച്ചത്. യാത്രയ്ക്കിടയിലെ വിശേഷങ്ങളും പ്രകൃതിഭംഗിയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്ന അദ്ദേഹത്തിന്റെ മരണം സുഹൃത്തുക്കൾക്കും യാത്രാപ്രേമികൾക്കും വലിയ വേദനയായി.
അക്യൂട്ട് മൗണ്ടൻ സിക്‌നസ് (എഎംഎസ്) ആണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. സമുദ്രനിരപ്പിൽനിന്ന് വളരെ ഉയരമുള്ള പ്രദേശങ്ങളിലേക്ക് വേഗത്തിൽ കയറുമ്പോൾ അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതിനനുസരിച്ച് ശരീരത്തിന് പൊരുത്തപ്പെടാൻ കഴിയാതെ വരുന്ന അവസ്ഥയാണിത്. തലവേദന, ഛർദി, ക്ഷീണം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളോടെ ആരംഭിക്കുന്ന ഈ അവസ്ഥ ഗുരുതരമായാൽ ജീവന് ഭീഷണിയാകാം.