കൊച്ചി: കെഎസ്ഇബി ആന്റി പവർ തെഫ്റ്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലയിൽ നടത്തിയ പരിശോധനകളിൽ കണ്ടെത്തിയത് വൻ ക്രമക്കേട്. മരട് ഇലക്ട്രിക്കൽ സെക്‌ഷന്റെ കീഴിൽ 50 കിലോവാട്ട് കണക്ടഡ് ലോഡിന്റെ അനുമതി മാത്രമുണ്ടായിരുന്ന ഉപഭോക്താവിന്റെ കണക്‌ഷനിൽ 260 കിലോവാട്ട് അനധികൃത ലോഡ് ഘടിപ്പിച്ച് ഉപയോഗിക്കുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ കണക്‌ഷനിൽ നിന്നും അനുമതിയില്ലാതെ 145 കടമുറികളിലേക്ക് വൈദ്യുതി നൽകിയാണ് ദുരുപയോഗം നടത്തിയിരുന്നത്. അതുപോലെ പരിശോധനയിൽ 3.14 കോടിരൂപയുടെ വൈദ്യുതി ക്രമക്കേടുകളാണ് കണ്ടെത്തിയത്.
കളമശേരി സെക്‌ഷൻ പരിധിയിൽ വ്യാവസായിക ആവശ്യത്തിനുള്ള 450 കിലോവാട്ട് കണക്ടഡ് ലോഡ് അനുമതിയുള്ള കണക്‌ഷനിൽ 850 കിലോവാട്ട് അധികലോഡ് സ്ഥാപിച്ച് പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഈ സ്ഥാപനത്തിൽ കെഎസ്ഇബിയുടെ അനുമതിയില്ലാതെ മൊബൈൽ ടവറുകളിലേക്ക് വൈദ്യുതി വിതരണം നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.




