കോവളം: ആന്ധ്ര സ്വദേശിനിയായ പതിനാറുകാരിയെ സ്പാകളിലെത്തിച്ച് നിരവധി പേർ പീഡിപ്പിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം ഞായറാഴ്ചയും തെളിവെടുപ്പ് നടത്തി. കേസിലെ മൂന്നാം പ്രതി ആലപ്പുഴ നൂറനാട് സ്വദേശി സജിത്ത് കുമാർ, റിമാൻഡിലുള്ള ഹെൽത്ത് ഇൻസ്‌പെക്ടർ അനുരൂപിന്റെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന പൂവാർ സ്വദേശി നിഷാന്ത് എന്നിവരെയാണ് വൈകിട്ടോടെ കോവളത്തെ സ്പാകളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
ഇരുവരും പെൺകുട്ടിയെ പീഡിപ്പിച്ചതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. കോവളം വൈക്കോൽകുളത്തിന് സമീപം സജിത്ത് കുമാർ നടത്തിയിരുന്ന ‘ആയൂർകേരള’, നിഷാന്തിന്റെ ‘ഡ്രീംസ്’ എന്നീ സ്പാകളിലായിരുന്നു തെളിവെടുപ്പ്.
പരിശോധനയിൽ ‘ഡ്രീംസ്’ സ്പാ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകൾനിലയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള മുറികൾ നിർമിക്കുന്നതായി കണ്ടെത്തി. ഇവിടത്തെ ഒരു മുറിയിൽ ഒളിപ്പിച്ച നിലയിൽ വിവിധ രേഖകളും സർക്കാർ വിതരണം ചെയ്ത 200-ലധികം ഗർഭനിരോധന ഉറകൾ അടങ്ങിയ പെട്ടികളും കണ്ടെടുത്തു.
വയനാട് വൈത്തിരിയിലെ വൻകിട ഹോട്ടലിൽ മൂന്ന് ആഡംബര മുറികൾ സ്പാ നടത്തിപ്പിനായി സജിത്ത് കുമാർ വാടകയ്ക്കെടുത്തിരുന്നു. അഞ്ച് ലക്ഷം രൂപ അഡ്വാൻസ് നൽകിയാണ് മുറികൾ സ്വന്തമാക്കിയത്. ജോലിക്ക് അവസരം നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പെൺകുട്ടിയെ വയനാട്ടിലെത്തിച്ചത്. സജിത്തും ജീവനക്കാരനായ കിരണും ചേർന്നാണ് കുട്ടിയെ അവിടെയെത്തിച്ചത്. നാലുദിവസം ഹോട്ടലിൽ താമസിച്ച പെൺകുട്ടിയെ സജിത്ത് പീഡിപ്പിച്ചെന്നാണ് വൈത്തിരിയിൽ അന്വേഷണം നടത്തുന്ന എസ്.ഐ.ടി. സംഘത്തിന് ലഭിച്ച വിവരം. കോവളത്തെ ‘ഡ്രീംസ്’ സ്പായിൽവെച്ച് നിഷാന്തും പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് കണ്ടെത്തൽ. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.
അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണർ എസ്. ചന്ദ്രകുമാർ, കോവളം സി.ഐ. വി.എം. ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്.
കോവളം വൈക്കോൽകുളത്തിന് സമീപം വാടകയ്ക്കെടുത്ത ഇരുനില കെട്ടിടത്തിലായിരുന്നു സജിത്ത് കുമാറിന്റെ ‘ആയൂർകേരള’ സ്പാ പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ഒന്നര വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് 60,000 രൂപയായിരുന്നു പ്രതിമാസ വാടക. അസിസ്റ്റന്റ് കമ്മിഷണർ ചന്ദ്രകുമാർ കെട്ടിടയുടമയെ വിളിച്ചുവരുത്തി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
കോവളത്തും ചൊവ്വര ചപ്പാത്തിലും സ്പാകൾക്ക് പുറമേ പൊഴിയൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സജിത്തിന് റിസോർട്ടുമുണ്ട്. പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ കോവളം പോലീസ് കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇതിനിടെ സ്പായിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി. ക്യാമറകളും അനുബന്ധ ഉപകരണങ്ങളും അഴിച്ചുമാറ്റി പൊഴിയൂരിലെ ‘ജീവ’ റിസോർട്ടിൽ ഒളിപ്പിച്ചു. എസ്.ഐ.ടി. നടത്തിയ പരിശോധനയിൽ ഇവ കണ്ടെടുത്തതായി അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.
സ്പാകളിലെത്തിയ മറ്റുള്ളവരും പെൺകുട്ടിയെ പീഡിപ്പിച്ചതായി അന്വേഷണസംഘത്തിന് സംശയമുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉടൻ അറസ്റ്റിലായേക്കും. കോവളത്തെ രണ്ടും ചൊവ്വര ചപ്പാത്തിലെ ഒന്നും ഉൾപ്പെടെ മൂന്ന് സ്പാകളിലാണ് പെൺകുട്ടി പീഡനത്തിനിരയായത്. ഇവിടങ്ങളിൽ എത്തിയവരുടെ വിവരങ്ങളും പണമിടപാടുകളും എസ്.ഐ.ടി. ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന.