ഹൈദരാബാദ്: വീടിന്റെ ഗേറ്റിൽ കത്തിച്ചുവച്ച മൺവിളക്കിൽനിന്ന് സാരിയിലേക്ക് തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. തെലങ്കാനയിലെ അഡഗുട്ട വെസ്റ്റേൺ ഹിൽസിൽ താമസിക്കുന്ന സായ് വെങ്കട സിന്ധു (18) ആണ് മരിച്ചത്. നവംബർ 12നുണ്ടായ അപകടത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി 16 ദിവസത്തോളം ചികിത്സയിലായിരുന്നു.
അഡഗുട്ടയിൽ സ്വന്തമായി വസ്ത്രശാല നടത്തുന്ന സിന്ധു രാത്രി കടയടച്ച് വീട്ടിലെത്തിയപ്പോഴായിരുന്നു അപകടം. വീടിന്റെ ഗേറ്റിൽ കത്തിച്ചുവച്ചിരുന്ന മൺവിളക്കിൽനിന്ന് സിന്ധു ധരിച്ചിരുന്ന സാരിയിലേക്ക് തീ പടരുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ തീ ശരീരത്തിലേക്ക് വ്യാപിച്ചതോടെ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു.
തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെറുപ്രായത്തിൽത്തന്നെ സ്വന്തമായി ബിസിനസ് സംരംഭം ആരംഭിച്ച് നാട്ടുകാർക്കിടയിൽ ശ്രദ്ധനേടിയ സിന്ധുവിന്റെ അപ്രതീക്ഷിത വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി.