തിരുവനന്തപുരം: കിളിമാനൂർ എം.സി. റോഡിലൂടെ പോകുകയായിരുന്ന ബൈക്ക് യാത്രക്കാരൻ നെഞ്ചിലേക്ക് തേങ്ങ തെറിച്ചുവീണ് മരിച്ചു. പുളിമാത്ത് താളിക്കുഴി വാലുപച്ച കൃഷ്ണകൃപയിൽ സൈജുവാണ് (47) മരിച്ചത്.
പ്ലംബിങ് തൊഴിലാളിയായ സൈജു വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ആറ്റിങ്ങലിൽ ജോലിക്കു പോകാനിറങ്ങിയപ്പോഴായിരുന്നു സംഭവം. വീട്ടിൽനിന്നു കിളിമാനൂർ ഭാഗത്തേക്ക് വരുന്നതിനിടെ പൊരുന്തമൺ എം.ജി.എം. സ്കൂളിന് സമീപത്തുവെച്ച് റോഡരികിലെ പുരയിടത്തിലെ തെങ്ങിൽനിന്ന് അടർന്നുവീണ തേങ്ങ സമീപത്തെ മതിലിൽ പതിച്ചശേഷം, സൈജുവിന്റെ നെഞ്ചിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
ഉടൻ ബൈക്ക് നിർത്തിയ സൈജുവിന് വേദനയും അസ്വസ്ഥതയും അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. അപ്പോൾ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാവിലെ ഒൻപതിന് സംസ്കാരം നടത്തും. ചിറയിൻകീഴിലെ സ്വകാര്യ ലാബിൽ ജീവനക്കാരിയായ ആതിരയാണ് സൈജുവിന്റെ ഭാര്യ. മകൾ: ഐശ്വര്യ. കിളിമാനൂർ പോലീസ് കേസെടുത്തു.




