തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന് പൂർണ പിന്തുണ പ്രഖ്യാപിച്ച് മന്ത്രി കെ. മുരളീധരൻ. മന്ത്രിസഭാ യോഗത്തിലെ തർക്കത്തിൽ ആര് എന്ത് നീക്കം നടത്തിയിട്ടും കാര്യമില്ലെന്നും വി.ഡി. സതീശൻ അഞ്ചുവർഷം കാലാവധി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ രീതിയിൽ ചില വിമർശനങ്ങൾ സ്വാഭാവികമാണ്. മുഖ്യമന്ത്രി ശക്തമായി തന്നെ മുന്നോട്ടുപോകും. മന്ത്രിസഭയുടെയും ജനങ്ങളുടെയും പിന്തുണ അദ്ദേഹത്തിനുണ്ടെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട വിഷയത്തിൽ വലിയ വഞ്ചനയാണ് നടന്നതെന്നും മന്ത്രി ആരോപിച്ചു. പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഗവർണറും അനുമതി നൽകിയിരുന്നു. വരാത്ത മെസ്സി വരുമെന്ന് പ്രചാരണം നടത്തുകയും സ്റ്റേഡിയം നവീകരണത്തിന്റെ പേരിൽ കോടികൾ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഇതൊന്നും അംഗീകരിക്കാനാകില്ലെന്നും സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലയ്ക്കലിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡ്രൈവറെ മർദിച്ച സംഭവത്തിലും ശക്തമായ നടപടിയുണ്ടാകുമെന്ന് കെ. മുരളീധരൻ വ്യക്തമാക്കി. അതേസമയം, പത്മജയുടെ കോൺഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ തൽക്കാലം പ്രതികരിക്കാനില്ലെന്നും പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എ.പി. അനിൽകുമാറിനെതിരായ സൈബർ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ഇത്തരം കാര്യങ്ങളൊന്നും താൻ ശ്രദ്ധിക്കാറില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. തനിക്കെതിരെയും നിരവധി വിമർശനങ്ങൾ ഉയർന്നിട്ടുണ്ടെന്നും അതൊന്നും വകവയ്ക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.