കൊച്ചി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി ഇംപീച്ച് ചെയ്ത് അഭിഭാഷകർ. ഇടത് അഭിഭാഷക സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (ഐ.എ.എൽ) സംഘടിപ്പിച്ച അഡ്വക്കേറ്റ് അസംബ്ലിയിലാണ് നടപടി. കേരളത്തിലെ 88 കോടതികളിൽനിന്നുള്ള അഭിഭാഷക പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. ഹൈക്കോടതി പരിസരത്ത് പരിപാടി നടത്തുന്നതിന് വിലക്കുണ്ടായിരുന്നതിനാൽ ചേംബർ കോംപ്ലക്സിന്റെ പോർട്ടിക്കോയിലാണ് അസംബ്ലി സംഘടിപ്പിച്ചത്. ഐ.എ.എൽ ജനറൽ സെക്രട്ടറി ബി.കെ. ജയമോഹൻ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചു.
‘തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷ്പക്ഷതയിൽ വിട്ടുവീഴ്ചയോ?’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദം സുപ്രീംകോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഭരണഘടനാ സ്ഥാപനങ്ങൾ അപകടത്തിലാകുമ്പോൾ അവയെ പ്രതിരോധിക്കേണ്ട ഉത്തരവാദിത്തം ഭരണഘടനാ കോടതികൾക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി ഭരണഘടനയുടെ കാവൽക്കാരനാണ്. മുന്നറിയിപ്പുകൾ നൽകിയിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ലെങ്കിൽ കാവൽനായ കടിക്കാനും തയ്യാറാകണമെന്ന ഉപമയിലൂടെ കോടതികളുടെ ഉത്തരവാദിത്തം അദ്ദേഹം വിശദീകരിച്ചു.
‘പാർലമെന്റും കോടതികളും പരാജയപ്പെടുമ്പോൾ നമ്മെ രക്ഷിക്കാൻ തെരുവുകൾ മുന്നോട്ടുവരും’ എന്ന രാം മനോഹർ ലോഹ്യയുടെ വാക്കുകൾ ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടന സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുക എന്ന മൗലികമായ കടമയാണ് യുവസമൂഹം നിർവഹിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ജനാധിപത്യം സംരക്ഷിക്കാനും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ സ്ഥാപനങ്ങൾ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെടുമ്പോൾ സമാധാനപരമായി പ്രതിഷേധിക്കാൻ പൗരന്മാർക്ക് അവകാശമുണ്ട്. ഉന്നത പദവിയിലുള്ള വ്യക്തിയുടെ സത്യസന്ധതയിൽ വിട്ടുവീഴ്ചയുണ്ടായാൽ സ്വാതന്ത്ര്യത്തിന് ഭീഷണിയാകുമെന്നും അത് ഇന്ത്യൻ ജനാധിപത്യത്തിന് അപകടമാണെന്നും കുര്യൻ ജോസഫ് അഭിപ്രായപ്പെട്ടു. നിയമലംഘകരുടെ അക്രമത്തേക്കാൾ അപകടകരമാണ് നിയമജ്ഞരുടെ മൗനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ ഹൈക്കോടതി ജഡ്ജി കെ. ബാലകൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരി കെ.ആർ. മീരയും സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ നടക്കുന്ന സമരത്തിൽ വലിയ വിശ്വാസമുണ്ടെന്നും ധൈര്യവതികളായ പെൺകുട്ടികളാണ് അതിന് നേതൃത്വം നൽകുന്നതെന്നും അവർ പറഞ്ഞു.
മുൻ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, ബാർ കൗൺസിൽ അംഗം അനിൽ എസ്. രാജ്, അഡ്വ. അയൂബ് ഖാൻ, അഡ്വ. ലക്ഷ്മി റാണി എന്നിവരും പരിപാടിയിൽ സംസാരിച്ചു.