ന്യൂഡൽഹി: രാജ്യത്ത് വോട്ടുകൾ മോഷ്ടിക്കപ്പെടുകയാണെന്ന് എല്ലാവർക്കും അറിയാമെന്നും ഇതിന്റെ മുഖ്യ ആസൂത്രകൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും ഇത് നടപ്പാക്കുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവുമായി ഇന്ത്യാസഖ്യ നേതാക്കൾക്കൊപ്പം കൂടിക്കാഴ്ച നടത്തി നിവേദനം സമർപ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ.
‘അവിശ്വസനീയമെന്ന് തോന്നുന്ന ഒരു കൂടിക്കാഴ്ചയ്ക്കാണ് ഞാൻ സാക്ഷിയായത്. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ എന്നിവർ ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാൻ ഗൂഢാലോചന നടത്തിയെന്ന് നിവേദനത്തിൽ വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ രാഷ്ട്രപതി നിഷേധിക്കുകയോ ചോദ്യം ചെയ്യുകയോ വിയോജിപ്പ് പ്രകടിപ്പിക്കുകയോ ചെയ്തില്ല. ഞങ്ങളുടെ വാദങ്ങൾ കേട്ടശേഷം ‘വോട്ട് മോഷണ’ത്തിന്റെ തെളിവുകൾ സമർപ്പിക്കാൻ അവർ ആവശ്യപ്പെട്ടു’, രാഹുൽ പറഞ്ഞു.
രാജ്യത്തുടനീളം വോട്ട് മോഷണം നടന്നതിന്റെ തെളിവുകളുണ്ടെന്നും ഓരോ സംസ്ഥാനത്തെയും തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെട്ടെന്നുമാണ് രാഹുലിന്റെ ആരോപണം. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പും മോഷ്ടിക്കപ്പെട്ടതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. തെളിവുകൾ സ്വീകരിക്കാൻ രാഷ്ട്രപതി തയ്യാറാകുന്ന സാഹചര്യത്തിൽ അവ സമർപ്പിക്കാൻ പ്രതിപക്ഷം സന്നദ്ധമാണെന്നും രാഹുൽ വ്യക്തമാക്കി.
വോട്ട് മോഷണം നടക്കുന്നുവെന്ന ആരോപണം രാഷ്ട്രപതി നിഷേധിക്കുമെന്നാണ് താൻ പ്രതീക്ഷിച്ചതെന്നും രാജ്യത്ത് സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് സംവിധാനമാണ് നിലവിലുള്ളതെന്ന് അവർ പറയുമെന്നായിരുന്നു കരുതിയതെന്നും രാഹുൽ പറഞ്ഞു. എന്നാൽ, തെളിവുകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടത് തന്നെ ഞെട്ടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യാസഖ്യ നേതാക്കളുടെ രാഷ്ട്രപതി കൂടിക്കാഴ്ചയെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വിശദീകരിച്ചു. വോട്ട് മോഷണത്തിനെതിരെ പ്രതിപക്ഷം നാലുദിവസം മുമ്പ് ആരംഭിച്ച പ്രക്ഷോഭത്തെക്കുറിച്ച് രാഷ്ട്രപതിയെ നേരിട്ട് ധരിപ്പിക്കാനാണ് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ക്രമക്കേടുകളും ഗ്യാനേഷ് കുമാറിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവുകളും രാഷ്ട്രപതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും ഖാർഗെ വ്യക്തമാക്കി.
വോട്ടിങ് യന്ത്രങ്ങൾ ഒഴിവാക്കി ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്നും രാഷ്ട്രപതിയോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. വോട്ട് മോഷണം നടന്നതിന്റെ തെളിവുകൾ രാഷ്ട്രപതി ആവശ്യപ്പെട്ടിട്ടുണ്ട്. അവ ശേഖരിച്ചുവരികയാണെന്നും ബന്ധപ്പെട്ട മറ്റ് വിവരങ്ങൾക്കൊപ്പം ഉടൻ സമർപ്പിക്കുമെന്നും ഖാർഗെ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും രാജ്യത്തിന്റെ ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും അതിനായി സജീവമായി നടപടികൾ സ്വീകരിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചതായും ഖാർഗെ പറഞ്ഞു. നേതാക്കളുടെ വാദങ്ങൾ ശ്രദ്ധാപൂർവം കേട്ട രാഷ്ട്രപതി, വിഷയം വിശദമായി പരിശോധിക്കുമെന്നും ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ചശേഷം ഉചിതമായ നടപടികൾ തീരുമാനിക്കുമെന്നും അറിയിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, സമാജ്വാദി പാർട്ടി നേതാവ് രാജീവ് റായ്, എൻസിപി (എസ്.പി.) നേതാവ് സുപ്രിയ സുലെ, നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള, ആർജെഡി എംപി മനോജ് ഝാ, വിസികെ നേതാവ് തോൽ തിരുമാവളവൻ എന്നിവരടങ്ങിയ സംഘമാണ് രാഷ്ട്രപതിയെ കണ്ടത്.




