ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ ഇന്ത്യ സഖ്യം. തിങ്കളാഴ്ച ഡൽഹിയിൽ ആയിരക്കണക്കിന് പ്രവർത്തകർ അണിനിരന്ന മാർച്ച് സുപ്രീംകോടതിയിലേക്ക് നീങ്ങി. ‘വോട്ട് മോഷണം’ ആരോപണത്തിൽ ഗ്യാനേഷ് കുമാറിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ നിയമസംഘം സുപ്രീംകോടതിയിൽ ഹർജിയും സമർപ്പിച്ചു. ‘ചലോ ഡൽഹി – മാർച്ച് ഫോർ ഡെമോക്രസി’ പ്രതിഷേധത്തിൽ ഡൽഹിയിലെ കനോട്ട് പ്ലേസ് മുതൽ മണ്ഡി ഹൗസ് വരെയുള്ള മേഖലകളിൽ പ്രതിഷേധക്കാർ നിറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിരുന്നു. കനോട്ട് പ്ലേസ്–ബരാഖംബ റോഡ് ജങ്ഷനു സമീപം ഒത്തുകൂടിയ പ്രതിപക്ഷ നേതാക്കൾ അവിടെനിന്നാണ് മാർച്ച് ആരംഭിച്ചത്.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ) അധ്യക്ഷ നെഹ ബോറ എന്നിവർ മാർച്ചിന് നേതൃത്വം നൽകി. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ് എന്നിവരുൾപ്പെടെ ഇന്ത്യ സഖ്യത്തിലെ നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
മാർച്ച് അധികദൂരം മുന്നോട്ടുപോകുന്നതിന് മുമ്പ് പോലീസ് പ്രതിപക്ഷ നേതാക്കളെ തടഞ്ഞു. ഇതിനിടെ രാഹുൽ ഗാന്ധി ഒരു ട്രക്കിന് മുകളിൽ കയറി നിന്നു. അഖിലേഷ് യാദവും തേജസ്വി യാദവും ഉൾപ്പെടെയുള്ള നേതാക്കളും വാഹനത്തിന് മുകളിൽ അദ്ദേഹത്തോടൊപ്പം അണിനിരന്നു. ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്നാണ് രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും ആവശ്യം. നേരത്തെ ഇന്ത്യ സഖ്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ഇതിനു പിന്നാലെ ഹർജി സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചതായാണ് രാഹുൽ ഗാന്ധി അറിയിച്ചത്.രാഹുൽ സമർപ്പിച്ച ഹർജി നാളെ പരിഗണിക്കും,
അതേസമയം കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തിൽ മാറ്റമുണ്ടാകുന്നതുവരെ പ്രതിപക്ഷത്തിന്റെ പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഭരണഘടന സംരക്ഷിക്കുകയും തിരഞ്ഞെടുപ്പ് സംവിധാനത്തിൽ സമഗ്രമായ പരിഷ്കാരം കൊണ്ടുവരികയും ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ഗ്യാനേഷ് കുമാറിനെ നേരിട്ട് വിമർശിച്ച രാഹുൽ ഗാന്ധി, തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് സമ്മതിച്ച് മാപ്പുസാക്ഷിയാകണമെന്നും ആവശ്യപ്പെട്ടു. “രാജിവയ്ക്കുക, മാപ്പുസാക്ഷിയാകുക. നിങ്ങൾക്ക് തെറ്റുപറ്റിയിട്ടുണ്ട്. എന്നാൽ ആ തെറ്റിന് പിന്നിലെ ബുദ്ധികേന്ദ്രം നിങ്ങളല്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച രാഹുൽ ഗാന്ധി, ആരോപണങ്ങൾ അദ്ദേഹത്തിന് മേൽ സമ്മർദം സൃഷ്ടിക്കുന്നുണ്ടെന്നും പറഞ്ഞു. “ഗ്യാനേഷ് കുമാറിന് രാത്രിയിൽ ഉറങ്ങാൻ കഴിയുന്നില്ലെന്ന് ഞങ്ങൾക്കറിയാം. ഞാൻ അദ്ദേഹത്തോട് നേരിട്ട് പറയുകയാണ്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിങ്ങൾക്ക് തുടരാനാകില്ല” എന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയുടെയോ നേതാവിന്റെയോ മാത്രം താൽപര്യത്തിനുവേണ്ടിയുള്ള പോരാട്ടമല്ല ഇതെന്നും രാജ്യത്തെ ജനാധിപത്യത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു. രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ പ്രതിഷേധത്തെ പിന്തുണയ്ക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഇന്ത്യ സഖ്യം ചീഫ് ജസ്റ്റിസിന് കത്തയച്ചതും തുടർന്ന് ഹർജി സമർപ്പിക്കാൻ നിർദേശം ലഭിച്ചതും സംബന്ധിച്ച വിവരങ്ങൾ രാഹുൽ ഗാന്ധി സമൂഹമാധ്യമമായ എക്സിലും പങ്കുവച്ചു. ‘വോട്ട് മോഷണ’ത്തിനെതിരെ ഇന്ത്യ സഖ്യത്തിന്റെ നേതാക്കൾ സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തി ഹർജി സമർപ്പിക്കുമെന്ന് അദ്ദേഹം കുറിച്ചു. “ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ സഹപൗരന്മാരും ഞങ്ങളോടൊപ്പം ചുവടുവയ്ക്കണം. കനോട്ട് പ്ലേസിലെത്തി മാർച്ചിന്റെ ഭാഗമാകൂ. നേരിട്ട് എത്താൻ കഴിയില്ലെങ്കിൽ നിങ്ങൾ എവിടെയാണോ അവിടെനിന്ന് ശബ്ദമുയർത്തൂ” എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആഹ്വാനം. #ChaloDilli എന്ന ഹാഷ്ടാഗും അദ്ദേഹം ഉപയോഗിച്ചു.
എല്ലാ ഇന്ത്യക്കാരുടെയും പിന്തുണ അഭ്യർഥിച്ച രാഹുൽ ഗാന്ധി, ഭരണഘടനയ്ക്കെതിരായ ആക്രമണം നടക്കുന്നുവെന്ന് ബിജെപിക്കുള്ളിൽ വിശ്വസിക്കുന്നവരുണ്ടെങ്കിൽ അവരും പ്രതിഷേധത്തിൽ പങ്കുചേരണമെന്ന് പറഞ്ഞു. “ഇത് ഭരണഘടനയെ രക്ഷിക്കാനുള്ള പോരാട്ടമാണ്. നിങ്ങളുടെ ഭാവി സംരക്ഷിക്കാനുള്ള പോരാട്ടമാണിത്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




