ന്യൂഡൽഹി: കെട്ടിടത്തിലെ താമസക്കാരുമായുണ്ടായ തർക്കത്തെത്തുടർന്ന് മൂന്നാം നിലയിൽനിന്ന് നിറച്ച പാചകവാതക സിലിണ്ടർ താഴേക്കെറിഞ്ഞ് അയൽവാസിയെ കൊലപ്പെടുത്തിയതായി ആരോപണം. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബിന്ദാപുരിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന 24കാരനാണ് പ്രകോപിതനായി സിലിണ്ടർ താഴേക്കെറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ 28കാരനായ സാഹിൽ കൊല്ലപ്പെട്ടു.
വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെ ബിന്ദാപുർ എക്സ്റ്റൻഷനിലെ തലാബ് വാല പാർക്കിന് സമീപമുള്ള രാധിക അപ്പാർട്ട്മെന്റിലായിരുന്നു സംഭവം. കെട്ടിടത്തിന് പുറത്തുനിന്ന സാഹിലിന്റെ തലയിലേക്ക് മൂന്നാം നിലയിൽനിന്ന് എറിഞ്ഞ സിലിണ്ടർ പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാഹിലിനെ നാട്ടുകാർ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചു. പിന്നീട് ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഭാര്യയ്ക്കും ഒന്നര വയസുള്ള മകനുമൊപ്പം ഇതേ കെട്ടിടത്തിലെ ഒന്നാം നിലയിലായിരുന്നു സാഹിൽ താമസിച്ചിരുന്നത്. ആഴ്ചച്ചന്തയിൽ ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.
സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ശിവം ശർമ എന്ന ശിവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തയ്യൽക്കാരനായ ഇയാൾ ബിന്ദാപുരിലെ ഒരു ഫാക്ടറിയിലാണ് ജോലി ചെയ്യുന്നത്. വെള്ളിയാഴ്ച രാവിലെ മുതൽ മദ്യപിച്ചിരുന്ന ഇയാൾ ജോലിക്ക് പോയിരുന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
കെട്ടിടത്തിലെ പാർക്കിങ് ഏരിയയിൽവെച്ചാണ് ശിവം മറ്റ് താമസക്കാരുമായി ആദ്യം തർക്കത്തിലേർപ്പെട്ടത്. പിന്നീട് തർക്കം രൂക്ഷമായി. ഇതോടെ പ്രകോപിതനായ ഇയാൾ മുകളിലേക്ക് കയറിപ്പോയി മൂന്നാം നിലയിലെ ബാൽക്കണിയിൽനിന്ന് നിറച്ച പാചകവാതക സിലിണ്ടർ താഴേക്ക് വലിച്ചെറിയുകയായിരുന്നു. താഴെ നിൽക്കുകയായിരുന്ന സാഹിലിന്റെ തലയിലാണ് സിലിണ്ടർ പതിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് 7.15ന് ദാബ്രി പൊലീസ് സ്റ്റേഷനിൽ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കൺട്രോൾ റൂം (പിസിആർ) സന്ദേശം ലഭിച്ചിരുന്നു. മൂന്നാം നിലയിൽനിന്ന് ഒരാൾ ഗ്യാസ് സിലിണ്ടർ താഴേക്ക് എറിഞ്ഞെന്നും പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചെന്നുമായിരുന്നു വിവരം.
2023ൽ ശിവത്തിന്റെ പിതാവ് മരിച്ചിരുന്നു. മാതാവ് ഒരു കമ്പനിയിൽ ഫ്രീലാൻസറായി ജോലി ചെയ്യുകയാണ്. കെട്ടിടത്തിലെ താമസക്കാരുമായുണ്ടായ തർക്കത്തിന്റെ സാഹചര്യങ്ങളും കൊലപാതകത്തിലേക്ക് നയിച്ച സംഭവവികാസങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്.