ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജന്തർ മന്തറിൽ സമരം നടത്താനൊരുങ്ങുന്ന സിജെപി നേതാക്കൾ ഇന്ന് രാവിലെ മുംബൈയിൽനിന്ന് ഡൽഹിയിലെത്തും. അഭിജീത് ദിപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് തുടങ്ങിയ നേതാക്കൾ രാവിലെ 10.15ന് വിമാനത്താവളത്തിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിമാനത്താവളത്തിൽനിന്ന് നേരിട്ട് ജന്തർ മന്തറിലേക്ക് പോകാനാണ് തീരുമാനമെന്ന് അഭിജീത് ദിപ്കെ വ്യക്തമാക്കി.
വിമാനത്താവളത്തിൽവെച്ചുതന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും അതിനെ ഭയപ്പെടുന്നില്ലെന്നും ദിപ്കെ പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കാനാണ് തങ്ങളുടെ ആഗ്രഹം. ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്തുനിന്ന് രാജിവയ്ക്കാതെ സമരത്തിൽനിന്ന് പിൻമാറില്ല. തനിക്കെതിരെ യുഎപിഎയോ ദേശീയ സുരക്ഷാ നിയമമോ ചുമത്തിയാലും ആവശ്യത്തിൽനിന്ന് പിന്നോട്ടുപോകില്ലെന്നും രാജ്യത്ത് സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ചലോ ജന്തർ മന്തർ’ എന്ന പോസ്റ്ററുമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത സിജെപി, എല്ലാവരും ജന്തർ മന്തറിലെത്തണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.
അതേസമയം, പ്രതിഷേധത്തിൽ ഏഴായിരത്തോളം പേർ പങ്കെടുക്കുമെന്ന് ഡൽഹി പൊലീസ് പ്രതീക്ഷിക്കുന്നതായാണ് റിപ്പോർട്ട്. അനുമതിയില്ലാതെ ആളുകൾ കൂട്ടംകൂടുന്നത് തടയാൻ പൊലീസ് നഗരത്തിൽ കർശന സുരക്ഷ ഒരുക്കിയിട്ടുണ്ട്. പ്രതിഷേധക്കാരെ നേരിടുമ്പോൾ പരമാവധി സംയമനം പാലിക്കാൻ ഡൽഹി പൊലീസ് കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പ്രകോപനമുണ്ടായാലും പ്രതികരിക്കരുതെന്നും വളരെ പ്രൊഫഷണലായി വേണം കാര്യങ്ങൾ കൈകാര്യം ചെയ്യാനെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
പ്രതിഷേധക്കാർ എത്തുമ്പോൾ തന്നെ അവരെ കസ്റ്റഡിയിലെടുത്ത് പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദേശം. ഇതിനായി പൊലീസ് ആറ് വലിയ തടങ്കൽ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്വതന്ത്ര സോഷ്യൽ മീഡിയ റിപ്പോർട്ടർമാരാണെന്ന് പറഞ്ഞ് വരുന്നവർ പൊലീസിനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചാൽ അവർക്കെതിരെയും നടപടിയുണ്ടാകും. ഇത്തരം ആളുകളെയും പ്രതിഷേധക്കാരായി കണ്ട് കസ്റ്റഡിയിലെടുക്കാനാണ് പൊലീസിന്റെ തീരുമാനം. പ്രതിഷേധക്കാരെ രാംലീല മൈതാനത്തേക്ക് മാറ്റുമോ എന്ന ചോദ്യത്തിന്, ഇതുവരെ അങ്ങനെയൊരു അനുമതി ആരും ചോദിച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊലീസ് സേന പൂർണമായും പ്രൊഫഷണലായി പ്രവർത്തിക്കണമെന്നും മുതിർന്ന ഉദ്യോഗസ്ഥർ നേരിട്ട് ഫീൽഡിലുണ്ടാകുമെന്നും കമ്മീഷണർ വ്യക്തമാക്കി. സാഹചര്യത്തിനനുസരിച്ച് അപ്പപ്പോൾ തീരുമാനങ്ങളെടുക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകുമെന്നും എഎൻഐ റിപ്പോർട്ട് ചെയ്തു.
പ്രതിഷേധം തടയുന്നതിനായി ഡൽഹിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. 57 മെട്രോ സ്റ്റേഷനുകൾ അടച്ചതായും ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനുകൾ അടച്ചതായും റിപ്പോർട്ടുകളുണ്ട്. കർത്തവ്യപഥിൻ്റെ നാല് കിലോമീറ്റർ ചുറ്റളവിലായിരിൽ രാത്രി 10 മണി വരെ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.. ഇത് സംബന്ധിച്ച് ഇൻറർനെറ്റ് സേവന കമ്പനികൾക്ക് നിർദേശം നൽകി. എയർടെൽ, വോഡഫോൺ/ഐഡിയ, ജിയോ & എം.ടി.എൻ.എൽ എന്നീ കമ്പനികൾക്കാണ് നിർദേശം നൽകിയത്. ടെലികമ്മ്യൂണിക്കേഷൻസ് ആക്ട് 2023 ലെ സെക്ഷൻ 20(2)(b) പ്രകാരമാണ് പൊലീസിന്റെ നടപടി.




