ന്യൂഡൽഹി: കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ വെള്ളിയാഴ്ച വൈകീട്ട് നടത്താനിരിക്കുന്ന തിരംഗാ മാർച്ചിന് മുന്നോടിയായി സിജെപി നേതാവ് അഭിജീത് ദിപ്കെയുടെ താമസസ്ഥലത്തെത്തി ഡൽഹി പൊലീസ്. നിരോധനാജ്ഞ നിലവിലുണ്ടെന്ന് അറിയിച്ച പൊലീസ്, മാർച്ച് നടത്തരുതെന്ന് അഭ്യർഥിക്കുകയും ഇതുസംബന്ധിച്ച നോട്ടീസ് കൈമാറുകയും ചെയ്തു.
ഡൽഹിയിൽ എൻസിപി–എസ്പി വക്താവ് അനീഷ് ഗവാൻഡെയുടെ ഝണ്ടേവാലനിലുള്ള വസതിയിലാണ് അഭിജീത് താമസിക്കുന്നത്. ഇവിടെ എത്തിയ പൊലീസ് സംഘം ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (BNSS) 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അറിയിച്ചു. നിയമവിരുദ്ധമായി ആളുകൾ കൂട്ടംചേരരുതെന്നും നോട്ടീസിൽ നിർദേശിച്ചിട്ടുണ്ട്.
പൊലീസ് സംഘം അഭിജീത്തിന്റെ താമസസ്ഥലത്തെത്തിയതിന്റെ ദൃശ്യങ്ങൾ സിജെപി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
‘ലെഹ്രാ ദോ തിരംഗ’ എന്ന പേരിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ സിജെപി പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ദേശീയപതാകയുമായി പരിപാടിയിൽ പങ്കെടുക്കാൻ ജനങ്ങളോട് പാർട്ടി ആഹ്വാനം ചെയ്തിരുന്നു.
പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി (SIR) ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് തിരംഗാ മാർച്ച് സംഘടിപ്പിക്കുന്നത്.