BREAKING NEWS

കടലിലെ കപ്പൽ ആകാശത്തേക്ക് ഉയർന്നുപൊങ്ങിയോ?! സുപ്പീരിയർ മിറാഷ് എന്ന അത്ഭുത പ്രതിഭാസം; വൈറലായി മലയാളി പ്രവാസി പകർത്തിയ ദൃശ്യം, 20 മണിക്കൂറിൽ 3.1 കോടി കാഴ്ചക്കാർ

· · 1 min read
Share: Copied!

അജ്മാൻ: കടലിൽ ചരക്കുകപ്പൽ ആകാശത്ത് പൊങ്ങിക്കിടക്കുന്നതുപോലെ തോന്നിക്കുന്ന അപൂർവ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. യുഎഇയിലെ അജ്മാൻ തീരത്തുനിന്ന് മലയാളി പ്രവാസി പകർത്തിയ വീഡിയോയാണ് ആഗോളതലത്തിൽ ശ്രദ്ധ നേടിയത്. ജസീൽ പെരളശ്ശേരി പകർത്തിയ ദൃശ്യം വെറും 20 മണിക്കൂറിനുള്ളിൽ 3.1 കോടിയിലധികം പേരാണ് കണ്ടത്.

ആദ്യ കാഴ്ചയിൽ അമ്പരപ്പിക്കുന്ന ഈ ദൃശ്യത്തിനു പിന്നിൽ ‘സുപ്പീരിയർ മിറാഷ്’ (Superior Mirage) എന്ന സ്വാഭാവിക പ്രകാശ പ്രതിഭാസമാണ്. അന്തരീക്ഷത്തിലെ വ്യത്യസ്ത താപനിലയിലുള്ള വായുപാളികളിലൂടെ പ്രകാശം കടന്നുപോകുമ്പോൾ അതിന്റെ സഞ്ചാരപാതയ്ക്ക് വ്യതിയാനമുണ്ടാകുന്നതാണ് ഈ പ്രതിഭാസത്തിന് കാരണം. ഇതോടെ ദൂരെയുള്ള കപ്പൽ കടലിന്റെ ഉപരിതലത്തിൽനിന്ന് ഉയർന്നുനിൽക്കുന്നതായോ ആകാശത്ത് പൊങ്ങിക്കിടക്കുന്നതായോ തോന്നും. യഥാർഥത്തിൽ കപ്പൽ കടലിൽ തന്നെയായിരിക്കും.

അജ്മാൻ തീരത്തുനിന്ന് യാദൃച്ഛികമായാണ് ജസീൽ ഈ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയത്. സാധാരണ രീതിയിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ ഇത്രയധികം വൈറലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം ഗൾഫ് ന്യൂസിനോട് പറഞ്ഞു. യൂട്യൂബിലൂടെ സ്വയം ഫോട്ടോഗ്രാഫിയും വീഡിയോ നിർമാണവും പഠിച്ച ജസീൽ ഒരു വർഷം മുൻപാണ് യുഎഇയിലെത്തിയത്.

ഫോട്ടോഗ്രാഫി രംഗത്ത് നേരത്തെയും ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് ജസീൽ. 2026 സെപ്റ്റംബറിൽ ദുബായിൽ നടന്ന ‘ഫ്ലേം ട്രീ സീസൺ ഫോട്ടോഗ്രാഫി’ മത്സരത്തിൽ ഒന്നാം സമ്മാനമായ 15,000 ദിർഹം അദ്ദേഹം നേടിയിരുന്നു. അൽ ജദ്ദാഫ് വാക്കിൽ ഹിജാബ് ധരിച്ച ഫ്രീസ്റ്റൈൽ ഫുട്ബോൾ താരം ഹാദിയ ഹക്കീമിനെ പകർത്തിയ ചിത്രത്തിനായിരുന്നു പുരസ്കാരം.

അന്തരീക്ഷ അപവർത്തനം (Atmospheric Refraction) എന്ന പ്രകാശ പ്രതിഭാസത്തിന്റെ ഭാഗമാണ് സുപ്പീരിയർ മിറാഷ്. പ്രകാശം വ്യത്യസ്ത സാന്ദ്രതയുള്ള മാധ്യമങ്ങളിലൂടെ കടന്നുപോകുമ്പോൾ സഞ്ചാരപാതയ്ക്ക് ദിശാവ്യതിയാനം സംഭവിക്കുന്നതിനെയാണ് അപവർത്തനം എന്നു പറയുന്നത്. നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതായും യഥാർഥ സൂര്യോദയത്തിന് മുൻപുതന്നെ സൂര്യനെ കാണാൻ കഴിയുന്നതായും തോന്നുന്നതിന് പിന്നിലും അന്തരീക്ഷ അപവർത്തനമുണ്ട്.

കടൽജലം തണുത്തിരിക്കുമ്പോൾ അതിന് മുകളിലുള്ള വായു താരതമ്യേന ചൂടുള്ളതാണെങ്കിൽ അന്തരീക്ഷത്തിൽ വ്യത്യസ്ത താപനിലയിലുള്ള പാളികൾ രൂപപ്പെടും. താഴെ തണുത്ത വായുവും മുകളിൽ ചൂടുള്ള വായുവും നിലനിൽക്കുന്ന ഈ അവസ്ഥയെ താപവിപരീതനം (Temperature Inversion) എന്നു വിളിക്കുന്നു.

ഇത്തരം സാഹചര്യങ്ങളിൽ കപ്പലിൽനിന്നുള്ള പ്രകാശകിരണങ്ങൾ അന്തരീക്ഷത്തിലെ വായുപാളികളിലൂടെ കടന്നുപോകുമ്പോൾ വളയുന്നു. എന്നാൽ മനുഷ്യന്റെ കണ്ണ് പ്രകാശം നേർരേഖയിലാണ് സഞ്ചരിക്കുന്നതെന്ന് കണക്കാക്കുന്നതിനാൽ കപ്പലിന്റെ പ്രതിബിംബം യഥാർഥ സ്ഥാനത്തേക്കാൾ ഉയരത്തിലായി കാണപ്പെടുന്നു. ഇതാണ് കപ്പൽ ആകാശത്ത് പൊങ്ങിക്കിടക്കുന്നതുപോലെയുള്ള കാഴ്ചയ്ക്ക് കാരണം.

ധ്രുവപ്രദേശങ്ങളിലും തണുത്ത കടൽക്കാറ്റുള്ള മേഖലകളിലുമാണ് സാധാരണയായി ഈ പ്രതിഭാസം കൂടുതലായി കാണപ്പെടുന്നത്. ചില സാഹചര്യങ്ങളിൽ പ്രതിബിംബം നേരെയും മറ്റു ചിലപ്പോൾ തലകീഴായും പ്രത്യക്ഷപ്പെടാം.

BREAKING NEWS
'​ഗോ ബാക്ക് കോൺ​ഗ്രസ്'... സ്റ്റാലിനെ സന്ദർശിക്കാനെത്തുന്ന ഇന്ത്യ സഖ്യനേതാക്കളെ ഓടിക്കാൻ പോസ്റ്ററുമായി ഡിഎംകെ പ്രവർത്തകർ ചെന്നൈയിലെ വസതിക്കു മുന്നിൽ!! പാർട്ടി എടുത്ത ഓരോ തീരുമാനവും തമിഴ്‌നാടിന്റെയും ജനങ്ങളുടെയും താല്പര്യങ്ങൾ മുൻനിർത്തി- സ്റ്റാലിൻ
29 Nov 2026
BREAKING NEWS
ആളുകളുടെ പിന്നിൽനിന്ന് നിരന്തരം കുത്തുന്നയാളാണ് ശരദ് പവാർ, അദ്ദേഹത്തിന് യഥാർഥത്തിൽ ഒരു പ്രത്യയശാസ്ത്രവുമില്ല... പ്രസ്താവന നടത്തി 24 മണിക്കൂറിനുള്ളിൽ നിലപാട് മാറ്റി കോൺ​ഗ്രസ് നേതാവ്!! ബില്ലിനെ പിന്തുണയ്ക്കുന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ കാലിൽ തലവെച്ച് ഞാൻ മാപ്പുപറയും, പൊതുസ്ഥലത്ത് വെച്ചുതന്നെ ക്ഷമാപ...
29 Nov 2026
BREAKING NEWS
അവള്‍ക്ക് നടക്കാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല, ബലാത്സംഗത്തിനിടയില്‍ ബാക്കിന് പരിക്കേറ്റു, പിന്നീട് ഒരിക്കലും ഞങ്ങള്‍ കണ്ടിട്ടില്ല, സംവിധായകന്‍ ലിജു കൃഷ്ണക്കെതിരായ ബലാത്സംഗക്കേസില്‍ വെളിപ്പെടുത്തലുമായി നടി സജിത മഠത്തില്‍
29 Nov 2026
BREAKING NEWS
പുലർച്ചെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 14 കാരൻ നാട്ടുകാരും കൂട്ടുകാരും നോക്കി നിൽക്കെ മുങ്ങി മരിച്ചു, കുളത്തിൽ മുങ്ങിത്താണ കുട്ടിയെ പുറത്തെടുത്തത് അ​ഗ്നിശമന സേനയെത്തി
29 Nov 2026