തൃശൂര്‍: മുന്‍ എംഎല്‍എ ടി.എന്‍ പ്രതാപനെതിരെ ആഞ്ഞടിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ല സെക്രട്ടറി സി.വി കുര്യാക്കോസ്. തോമസ് ഉണ്ണിയാടനെ പുകഴ്ത്തിയ പ്രതാപന്റേത് വാടകക്ക് കൊടുക്കാറുള്ള നാവാണെന്ന് സി.വി കുര്യാക്കോസ് പറഞ്ഞു. മുന്നണി മര്യാദകള്‍ ലംഘിച്ച പ്രതാപന് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ പരസ്യ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സി.വി കുര്യാക്കോസ് മുന്നറിയിപ്പ് നല്കി.
ടി.എന്‍ പ്രതാപന് മണിമൂറുകള്ക്കുള്ളില് മാപ്പ് പറയണമെന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. ‘തോമസ് ഉണ്ണിയാടന്റെ അപ്പന് മന്ത്രി ആയിരിക്കില്ല… ഉണ്ണിയാടന്റെ അപ്പന് ചെയര്മാനായിരിക്കില്ല… ചെയര്‍മാന്റെ മകനെ അല്ല ചീഫ് വിപ്പ് ആക്കേണ്ടത്,’ എന്നായിരുന്നു പ്രതാപന്റെ പരാമര്‍ശം. ഉണ്ണിയാടന് സംഘടിപ്പിച്ച സൗഹൃദ സംഗമത്തിനിടെയായിരുന്നു പരാമര്‍ശം. തോമസ് ഉണ്ണിയാടന് ഒരു ഫിനിക്സ് പക്ഷിയെ പോലെ പറന്നുയരുമെന്നും പ്രതാപന് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സി.വി കുര്യാക്കോസിന്റെ പ്രതികരണം. ഇരിങ്ങാലക്കുടയിലെ നേതൃസംഗമത്തിനിടെ ഉണ്ടായ സംഘര്‍ഷവും കയ്യാങ്കളിയുമാണ് നിലവിലെ പ്രതിസന്ധിക്ക് ഇടയാക്കിയത്.
ഉണ്ണിയാടന്റെ അനുകൂലികളും പാര്‍ട്ടിയുടെ ഔദ്യോഗിക പക്ഷവും തമ്മിലാണ് ഏറ്റുമുട്ടിയത്. നേതൃസംഗമത്തില്‍ പങ്കെടുക്കാനെത്തിയ തോമസ് ഉണ്ണിയാടന് അനുകൂലികള്‍ക്ക് പ്രവേശനം നിഷേധിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഏറ്റുമുട്ടലില്‍ യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. പ്രവര്‍ത്തകര്‍ ഹാളിനുള്ളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ഇടപെട്ട് തടഞ്ഞതാണ് പ്രശ്നം വഷളാക്കിയത്.




