ഓണം അന്നും ഇന്നും…

ഓണം നിറവിന്റെ പ്രതീകമാണ്. ഇല്ലത്തിലെ പത്തായങ്ങള്‍ നിറഞ്ഞ് കവിയും, അടിയാന്മാരുടെ കുടിലുകളില്‍ വല്ലങ്ങള്‍ നിറഞ്ഞു തുളുമ്പും. മാനുഷരെല്ലാരുമൊന്നുപോലെ… എന്ന ഈരടികളെ ഓര്‍മ്മപ്പെടുത്തി, ഈ വിളവെടുപ്പുത്സവം മലയാളിയുടെ ഒത്തൊരുമ സ്ഥിരീകരിക്കുന്ന നാടിന്റെ ഉത്സവമായ ഓണം.
ഓണം മലയാളികളുടെ ദേശീയോത്സവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. മഹാബലി എന്ന രാജാവിന്റെ ഭരണകാലം, ആ കാലം എന്നായിരുന്നിരിക്കാം? ആയിരത്താണ്ടുകള്‍ക്കപ്പുറത്തുനിന്ന് ഒരോര്‍മ്മയുടെ നാളം നന്മയുടെ പ്രകാശം പകര്‍ന്ന് നമ്മിലൂടെയും കടന്നുപോകുന്നു. കേരളനാട്ടിലെ ‘നിറ’ എന്ന ഐശ്വര്യസമൃദ്ധിയെപ്പറ്റി വര്‍ണ്ണിക്കുന്ന കാവ്യം തലമുറകള്‍ക്കു പാടി മതിയാവുന്നില്ല ഇപ്പോഴും.
”മാവേലി നാടുവാണിടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും;
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം;
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.”
എന്നതാണ് ഏറെ പ്രചരിച്ചുനില്‍ക്കുന്ന കവിവചനം.
ആ ഐശ്വര്യഭരണത്തില്‍ അസൂയപൂണ്ട ദേവന്മാര്‍ക്കുവേണ്ടി വാമനന്‍ മഹാബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയതും, തന്റെ പ്രജകളെ സന്ദര്‍ശിക്കാന്‍ മഹാബലി ആണ്ടിലൊരിക്കലെത്തുന്നതും, മലയാളനാട് എത്ര തലമുറകളിലേക്കു പകര്‍ന്ന കഥയാണ്!
ജീവിത രീതികളുടെ ഭാഗമായി ആഘോഷച്ചടങ്ങുകളില്‍ വ്യത്യാസങ്ങള്‍ പലതു വന്നിട്ടുണ്ടാകാമെങ്കിലും, ആചാര സങ്കല്‍പ്പങ്ങളിലും, ഒത്തുചേരലുകളുടെ ആഹ്ലാദത്തിലും, ഓണം ഇന്നും ഓണമായിത്തന്നെ നിലകൊള്ളുന്നു.
onamഓണം സംബന്ധിച്ച് പല ഐതീഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും, ഓണം ആത്യന്തികമായി ഒരു വിളവെടുപ്പുത്സവമാണെന്ന് കരുതിപ്പോരുന്നു. ചിങ്ങമാസത്തിലെ അത്തം നാള്‍ മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളില്‍, പ്രാധാന്യത്തോടെ ആഘോഷിക്കുകയും, ചതയം നാള്‍ വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. ഒരു കാലത്ത് കൊച്ചിക്കടുത്തുള്ള തൃക്കാക്കര വാണിരുന്ന മഹാബലി, പെരുമാള്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മഹാദേവന്റെ തിരുനാള്‍ ആഘോഷിക്കുന്നതിനായി, ചിങ്ങത്തിലെ അത്തം നാളില്‍ ജനങ്ങളെ ക്ഷേത്രസന്നിധിയില്‍ വിളിച്ചുവരുത്തുകയും, ആഘോഷങ്ങള്‍ നടത്തുകയും ചെയ്തിരുന്നുവത്രെ. ഇന്നും കൊച്ചിരാജാവ് നടത്തിപ്പോരുന്ന അത്തച്ചമയം ഇതാണെന്നു കരുതപ്പെടുന്നു. ഈ ഉത്സവാഘോഷമാണു പിന്നീടു തിരുവോണമായി പരക്കെ ആഘോഷിച്ചു തുടങ്ങിയതത്രെ. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം.
അവിടെയാണ് ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ് ഐതിഹ്യമെങ്കിലും, അതിനേക്കാള്‍ വളരെ മുന്‍പേ തന്നെ തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികള്‍ വെളിപ്പെടുത്തുന്നു. സംഘകാലകൃതിയായ ‘മധുരൈകാഞ്ചിയിലാണ്’ ഓണത്തെക്കുറിച്ചുളള ആദ്യപരാമര്‍ശങ്ങള്‍ കാണുന്നത്.
onam2കര്‍ക്കിടകം എന്ന പഞ്ഞമാസം കഴിഞ്ഞ്, മാനം തെളിയുന്ന ഈ കാലത്താണ്, വിദേശകപ്പലുകള്‍ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തില്‍ കൂടുതലായി അടുത്തിരുന്നത്. മഴമാറി വാണിജ്യം പുനരാരംഭിക്കുന്നത് ശ്രാവണ മാസത്തിലെ തിരുവോണ നാളില്‍ ആണ്. ദൂരെ നങ്കൂരമിട്ടു കിടന്നിരുന്ന കപ്പലുകള്‍ അന്നാണ് സ്വര്‍ണ്ണപ്പണവുമായി തുറമുഖത്തെത്തിയിരുന്നത്. അങ്ങനെ സ്വര്‍ണ്ണനാണയം കൊണ്ടുവന്നിരുന്ന ഈ മാസത്തെ പൊന്നിന്‍ ചിങ്ങമാസമെന്നും, ഓണത്തെ പൊന്നോണമെന്നും വിളിക്കാന്‍ കാരണമായി എന്ന് പറയപ്പെടുന്നു. കേരളത്തില്‍ വിളവെടുപ്പിനേക്കാള്‍ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം.
ശ്രാവണത്തിന്റെ പാലി സമാന്തരമാണ് ‘സാവണം’. അത് ആദിരൂപം ലോഭിച്ച് പാലിയുടെ തന്നെ നയമനുസരിച്ച് ‘ആവണം’ എന്നും, പിന്നീട് ‘ഓണം’ എന്നും ഉള്ള രൂപം സ്വീകരിച്ചു. ‘ശ്രാവണം’ ചിങ്ങമാസമാണ്.
ഇതിനു ബുദ്ധമതവുമായി സുദൃഢബന്ധം ഉണ്ടെന്നു ചരിത്രപണ്ഡിതന്മാര്‍ വിശ്വസിക്കുന്നു. ബുദ്ധഭിക്ഷുക്കളായ ശ്രവണന്മാരെ സംബന്ധിച്ചുള്ളതാണ് ശ്രാവണം. സംഘകാലത്ത് കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം ബുദ്ധമതം പ്രബലമായിരുന്നു. അന്നൊക്കെ മഴക്കാലത്ത് ഭജനയിരിക്കലും പഠനവും ഒക്കെയായി ജനങ്ങള്‍ കഴിഞ്ഞു കൂടിയിരുന്നു, അതിന്റെ തുടര്‍ച്ചയായിരിക്കാം ഇന്നത്തെ കര്‍ക്കടകമാസത്തെ രാമായണം വായന. ബുദ്ധഭിക്ഷുവായി ദീക്ഷ സ്വീകരിച്ചു കഴിഞ്ഞ്, ശ്രവണന്മാരായി മാറുന്ന യുവഭിക്ഷുക്കള്‍ക്ക്, അവരുടെ ദീക്ഷയുടെ പ്രതീകമായി ഒരു മഞ്ഞവസ്ത്രംകൂടി നല്‍കുക പതിവുണ്ടായിരുന്നു. ഈ സംഭവത്തെ അനുസ്മരിക്കുന്നതാണ് ഓണക്കാലത്തു കുട്ടികള്‍ ഉടുക്കുന്ന മഞ്ഞക്കോടിയെന്നും വാദമുണ്ട്.
Onathappan1ആണ്ടുപിറപ്പിനെ സൂചിപ്പിക്കുന്ന ചിങ്ങമാസത്തിലെ ആഘോഷം ക്രമേണ ദേശീയോത്സവമായി വളര്‍ന്നുവെന്നാണ് മറ്റൊരു വിശ്വാസം. എന്നാല്‍, തിരുവോണം വിളവെടുപ്പ് ഉത്സവം ആണെന്ന് ചില സാമൂഹിക ശാസ്ത്രജ്ഞര്‍ കരുതുന്നു. ഇല്ലങ്ങളിലെ പത്തായങ്ങളെല്ലാം നിറഞ്ഞ്, കുടിലുകളിലെ വല്ലങ്ങളെല്ലാം നിറഞ്ഞ്, നിറവിന്റെയും സന്തുഷ്ടിയുടെയും സമയം – പാടങ്ങളിലെ പണിയെല്ലാം കഴിഞ്ഞ്, കൃഷിപ്പണി ചെയ്യുന്നവര്‍ക്കും, ചെയ്യിക്കുന്നവര്‍ക്കും കൊണ്ടാടാനുള്ള അവസരം. ജന്മിമാരും അടിയാന്മാരും വ്യത്യാസങ്ങള്‍ മറന്നു സമഭാവനയോടുകൂടി കഴിയുകയും, പരസ്പരം സ്‌നേഹസന്ദര്‍ശനങ്ങള്‍ നടത്തുകയും, ഒരേ വേദിയില്‍ ഒത്തുചേരുകയും ചെയ്യുവാന്‍ ഉപകരിച്ചിരുന്ന ഈ കാര്‍ഷികോത്സവ പരിപാടി, ക്രമേണ ദേശീയോത്സവമായി എന്നതാണ് ഇവരുടെ നിഗമനം.
അത്തം നാള്‍ മുതല്‍, തിരുവോണം വരെ പൂക്കളമിട്ട്, ഊഞ്ഞാലിലാടി, തിരുവോണം നാള്‍ മാവേലിയെ (തൃക്കാക്കരയപ്പന്‍, ഓണത്തപ്പന്‍) നടുമുറ്റത്ത് കുടിയിരുത്തി, വീട്ടിലെ ആണ്‍കുട്ടിയെകൊണ്ട് പൂജ ചെയ്യിച്ച്, പെണ്‍കുട്ടികളുടെ കൈകൊട്ടിക്കളിയും, ആണ്‍കുട്ടികളുടെ ഓണപ്പന്തുകളിയും, ഓണത്തല്ലും, വീട്ടിനുള്ളിലും പുറത്തും ഉള്ളവര്‍ക്ക് ഓണക്കോടിയും, വിഭവസമൃദ്ധമായ സദ്യയും ഒക്കെയായി, ചതയം നാള്‍, മാവേലിയെ എടുത്തു മാറ്റുന്നതു വരെ, ഓണം പൊടിപൊടിക്കുമായിരുന്നു. അരിയിടിക്കലും വറക്കലും, കായവറുക്കലും, കൊണ്ടാട്ടമുണക്കലും, അടപരത്തലും, അച്ചാറിനിടീലും, ചക്ക വരട്ടലും ഒക്കെയായി ഒരുമാസം മുന്‍പേ ഒരുക്കങ്ങള്‍ തുടങ്ങും. ‘കാണം വിറ്റും ഓണമുണ്ണണം.’ എന്നൊരു ചൊല്ലുണ്ടായിരുന്നു. ഓരോ ദിവസവും ഓരോ പായസം, അടപ്രഥമന്‍, ചക്കപ്രഥമന്‍, കടല പ്രഥമന്‍, പാലട, ഓലന്‍, കാളന്‍, അവിയല്‍.
onappottanഇന്ന് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും എല്ലാം റെഡിമേഡ് ആയി സുലഭം, മാവേലിമന്നനെ കാലാന്തരത്തില്‍, പ്രച്ഛന്നവേഷമിട്ട കോമാളിരൂപത്തിലുള്ള ഒരു കുടവയറനാക്കി മാറ്റി. എന്നാലും ഓണം, ഓണം തന്നെ. വള്ളംകളിയും, അത്തപ്പൂമത്സരങ്ങളും, പുലികളിയും, ഘോഷയാത്രയും ഒക്കെയായി, ജാതിമതഭേദങ്ങളെല്ലാം മറന്ന് ‘നാമെല്ലാം ഒന്നാണ്’ എന്ന അനന്തമായ സത്യം ഓര്‍മപ്പെടുത്തുന്ന ഒത്തുചേരലിന്റെ ഒരുത്സവമായി അതു മാറി. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും, മലയാളി ഏറ്റവും ചെറിയ രീതിയിലെങ്കിലും ഓണം ആഘോഷിച്ചിരിക്കും.

Similar Articles

Comments

ഒരു മറുപടി അയക്കുക

Please enter your comment!
Please enter your name here

Advertismentspot_img

Most Popular

G-8R01BE49R7