തിരുവനന്തപുരം: നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുൻ നിലമ്പൂർ എംഎൽഎ പിവി അൻവർ. തന്റെ ഈ ജീവിതത്തിലെ അസറ്റ് എംഎൽഎ എന്ന മൂന്നക്ഷരമായിരുന്നു മൂന്നരക്കോടി ജനങ്ങൾക്കായി വേണ്ടെന്നു വയ്ക്കുന്നു. തന്റെ രാജി മലയോര ജനതയ്ക്കു വേണ്ടിയാണെന്നും നിലമ്പൂരിൽ മലയോര ജനതയെയറിയുന്ന ഒരാളെ നിർത്തണമെന്നാണ് തന്റെ അഭ്യർഥനയെന്നും അൻവർ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ സ്പീക്കർ എഎൻ ഷംസീറിനെ കണ്ട് രാജിക്കത്തു കൈമാറിയശേഷം നടത്തിയ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു അൻവറിന്റെ പ്രതികരണം. തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കോ- ഓർഡിനേറ്ററായി പ്രവർത്തിക്കാൻ തീരുമാനിച്ച അൻവർ ഇന്നലെ കൊൽക്കത്തയിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കണ്ടിരുന്നു. എംഎൽഎ ബോർഡ് നീക്കം ചെയ്ത കാറിലാണ് അൻവർ സ്പീക്കറെ കാണാനെത്തിയത്. 1.5 വർഷത്തോളം കാലാവധി ബാക്കിയുള്ളപ്പോഴാണ് അൻവറിന്റെ രാജി.
തമിഴ്നാട്ടിൽ വളരെ മലയാളികളുണ്ട്, അവർക്കുവേണ്ടി പ്രവർത്തിക്കണം, അതുപോലെ തൃണമൂൽ കോൺഗ്രസിൽ മെമ്പർഷിപ്പെടുക്കുന്ന ദിവസം അവർ രാഷ്ട്രീയ ലക്ഷ്യം പ്രഖ്യാപിക്കും. അതല്ലാതെ ഒന്നും പറയാൻ താൻ ഉദ്ദേശിക്കുന്നില്ല. വിഡി സതീശൻ മലയോര ജനതയെ സംരക്ഷിക്കാൻ യാത്ര നടത്തുന്നുണ്ടല്ലോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആര് മലയോര ജനതയ്ക്കായി യാത്ര നടത്തിയാലും താൻ ആ കൂടെയുണ്ടാകുമെന്നായിരുന്നു അൻവറിന്റെ പ്രതികരണം.
ഒരുമുഴം നീട്ടിയെറിഞ്ഞ് പിവി അൻവർ, എംഎൽഎ സ്ഥാനം രാജി വച്ചു
കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സ്വതന്ത്ര എംഎൽഎയായ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനായാൽ ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. ഈ സാധ്യത കണക്കിലെടുത്താണു ഈ മുൻകരുതൽ. അൻവർ പാർട്ടിയിൽ ചേർന്നതായി തൃണമൂൽ ഔദ്യോഗികമായി അറിയിച്ചതിനാൽ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള നീക്കം ഉടനെയുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നു. ഇതു മുൻകൂട്ടി കണ്ടാണ് അൻവർ രാജിവച്ചത്.