നിലമ്പൂർ: വനംമന്ത്രി എകെ ശശീന്ദ്രനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പിവി അൻവർ. അയാൾക്ക് എന്താണ് പണി. ഈ വനം മന്ത്രിയുടെ സംഭാവന എന്താണ്?. മൂന്നര കൊല്ലത്തിനിടെ കേരളത്തിലെ ജനങ്ങൾക്ക് എന്ത് ചുക്കാണ് അയാൾ ചെയ്തത് – പിവി അൻവർ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
ജനങ്ങൾക്കുവേണ്ടി ഒരു ചുക്കും ചെയ്യാത്ത വനംമന്ത്രിയെ മാറ്റാത്തത് ക്രൈസ്തവ സഭാംഗമായ തോമസ് കെ തോമസ് വനം മന്ത്രിയായാൽ വനംനിയമ ഭേദഗതി ബില്ലിൽ ഒപ്പിടില്ലെന്ന് അറിയാവുന്നതുകൊണ്ടാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. വനം മന്ത്രിയെ എന്താണ് മാറ്റാത്തത്. എൻസിപിയുടെ പ്രസിഡന്റാണ് ആ പാർട്ടിയുടെ മന്ത്രിയെ മാറ്റാൻ പറഞ്ഞത്. മാറ്റാത്തതിന്റെ കാരണം എന്താണെന്ന് ജനം അറിയണം.
മാറ്റേണ്ടിവന്നാൽ വനംനിയമ ഭേദഗതി ഒപ്പിടേണ്ടത് ക്രൈസ്തവ സഭാംഗമായ തോമസ് കെ തോമസാണ്. അദ്ദേഹം മന്ത്രിയായി വന്നാൽ ഭേദഗതിയിൽ ഒപ്പിടുമെന്ന് തോന്നുന്നുണ്ടോ? ആ സമുദായത്തിൽനിന്ന് അദ്ദേഹത്തെ പുറത്താക്കും. അയാൾക്ക് ഈ നാട്ടിലിറങ്ങാൻ കഴിയില്ല. ക്രൈസ്തവ സമൂഹമാണ് ഇതിൽ ഏറ്റവും കൂടുതൽ പീഡനം അനുഭവിക്കുന്നത്. അവർ സ്വാഭാവികമായും എതിർക്കില്ലേയെന്നും പിവി അൻവർ ചോദിച്ചു.
മാത്രമല്ല വനംനിയമ ഭേദഗതി പാസാകുംമുമ്പ് തോമസ് കെ തോമസിന്റെ കൈയിലേക്ക് മന്ത്രിപദം നൽകിയാൽ ബിൽ പാസാകില്ലെന്ന് പിണറായിക്കറിയാം. ഇത്തരത്തിൽ എല്ലാ പഴുതുകളും അടച്ചിരിക്കുകയാണ് പിണറായി സർക്കാർ. പത്രത്തിൽ പരസ്യം നൽകിയിട്ടില്ല. പുറത്ത് പ്രസിദ്ധീകരിച്ചിട്ടില്ല. ഗസറ്റ് വിജ്ഞാപനം ചെയ്തുവെന്നാണ് പറയുന്നത്. ഗസറ്റ് ആരാണ് കാണുക?
ഒരു ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നിട്ട് തിരിഞ്ഞുനോക്കിയോ? വൈകീട്ട് 6.30-ന് അപകടമുണ്ടായിട്ട് 11 മണിക്കാണ് ആശുപത്രിയിലെത്തിച്ചത്. ചോരവാർന്നാണ് യുവാവ് മരിച്ചത്. പക്ഷെ അയാളുടെ ഫോറസ്റ്റ് ഓഫീസിൽകയറി ജനം ചില്ല് അടിച്ചുതകർത്തതാണ് വലിയ പ്രശ്‌നം. മറ്റ് എംഎൽഎമാർ എന്റെയടുത്തുവന്ന് സംസാരിച്ച് പ്രശ്‌നം പരിഹരിക്കുന്നുവെന്ന് പറയുന്നു. ഞാൻ ഇനി അയാളുടെ അണ്ടിപ്പരിപ്പ് തിന്നാൻ തിരുവനന്തപുരത്ത് പോകണോ? കുറേ അണ്ടിപ്പരിപ്പ് തിന്നതാണ്. വരുന്നവരെയെല്ലാം സോപ്പാക്കി വിടുകയാണെന്നും അൻവർ പരിഹസിച്ചു.