കോഴിക്കോട്: നോർത്ത് ഡിഎഫ്ഒ ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് പോലീസ് ഫയൽ ചെയ്തിരിക്കുന്ന കേസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. സംഭവസമയത്ത് പിവി അൻവർ എംഎൽഎ ഓഫീസിനുള്ളിൽ ഇല്ലായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പ്രേരണയിലാണ് ആക്രമണം നടന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 40 പേരടങ്ങുന്ന സംഘം ലഹള നടത്താൻ ആസൂത്രണം ചെയ്തു, അതിക്രമം നടത്തി, ഒന്നുമുതൽ 10 വരെയുള്ള പ്രതികളാണ് നേരിട്ട് ആക്രമണത്തിൽ പങ്കാളികളായത്. ഇവർ പോലീസിനെ നിലത്തിട്ട് ചവിട്ടുകയും സാധനസാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു.
അക്രമത്തിൽ ഏകദേശം 35000 രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത് എന്നടക്കമുള്ള വിവരങ്ങൾ വിശദമാക്കിയാണ് പോലീസ് കസ്റ്റഡി അപേക്ഷ തയ്യാറാക്കിയിട്ടുള്ളത്. ഒപ്പംതന്നെ പോലീസിന്റെ ഫോൺചോർത്തൽ, ചേലക്കര തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം അടക്കം പി.വി. അൻവറിനെതിരെ നിലമ്പൂർ പോലീസ് സ്‌റ്റേഷനിലുള്ള കേസുകളെക്കുറിച്ചും കസ്റ്റഡി അപേക്ഷയിൽ പ്രതിപാദിച്ചിട്ടുണ്ട്.
കൂടാതെ അറസ്റ്റ് ചെയ്തത് എംഎൽഎയെ ആയതിനാൽ ഈ വിവരം നിയമസഭാ സ്പീക്കറെ അറിയിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പിവി അൻവർ മറ്റ് നാല് കേസുകളിൽ പ്രതിയാണെന്നും സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതാണ് അൻവറിന്റെ പ്രവർത്തിയെന്നും രാഷ്ട്രീയ സാമ്പത്തിക സ്വാധീനമുള്ള പ്രതികൾ തെളിവ് നശിപ്പിക്കുന്നതും അന്വേഷണത്തിന് തടസം സൃഷ്ടിക്കുന്നതും ഒഴിവാക്കാണ് അറസ്റ്റ് എന്നും ജാമ്യം ലഭിച്ചാൽ ഒളിവിൽ പോകാൻ സാധ്യതയെന്നും പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ആക്രമണം നടക്കുന്ന സമയത്ത് താൻ ഓഫീസിനകത്ത് ഉണ്ടായിരുന്നില്ല എന്നായിരുന്ന അൻവറിന്റെ പ്രതികരണം. എന്നാൽ ഇതിനെ പാടെ തള്ളിക്കൊണ്ടുള്ള റിപ്പോർട്ടാണ് പുറത്തുവന്നിട്ടുള്ളത്.