പത്തനംതിട്ട: നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പംനിന്ന് ആ കുടുംബത്തിന് നീതി കിട്ടുകയെന്നുള്ളതുതന്നെയാണ് സിപിഎമ്മിനെ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട കാര്യം. കേസിൽ പ്രതിചേർക്കപ്പെട്ട പിപി ദിവ്യക്കെതിരെ പാർട്ടി സ്വീകരിച്ച ശക്തമായ നടപടി എല്ലാവരും കണ്ടതല്ലേ, പിപി ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരമുള്ള കേസ് തന്നെയെടുക്കുകയും ജയിൽശിക്ഷ നൽകുകയും ചെയ്തു. അതിന്റെയെല്ലാം അർത്ഥം ഇവിടെ നീതിപൂർവമായ നടപടിയുണ്ടെന്നാണെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഭാര്യയുടെ ഹർജി ഹൈക്കോടതി തളളിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നവീൻ ബാബുവിന്റെ നഷ്ടം ആ കുടുംബത്തിലുണ്ടാക്കിയിരിക്കുന്ന വലിപ്പം നമ്മൾ പറയുന്നതിനെല്ലാം അപ്പുറമാണ്. ദുഃഖം തളംകെട്ടി നിൽക്കുന്ന അന്തരീക്ഷമാണ് ഇപ്പോഴും അവിടെ. അതെല്ലാം അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം സ്വീകരിച്ച നിലപാടുകൾ പാർട്ടി സംസ്ഥാന സെക്രട്ടറി പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് സിപിഎം അക്കാര്യത്തിൽ വ്യത്യാസം വരുത്തേണ്ട യാതൊരു സാഹചര്യവും ഉണ്ടായിട്ടുമില്ല. ഇനി ഉണ്ടാവുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതുകൊണ്ടുതന്നെ വ്യക്തിപരമായ തീരുമാനങ്ങൾ ആ കുടുംബത്തിനെടുക്കാം. അതിൽ യാതൊരു തർക്കവുമില്ല. ഏതുകേസിലായാലും സിബിഐ കൂട്ടിലടച്ചിട്ട തത്തയാണെന്ന് പറഞ്ഞത് ഞങ്ങളല്ല. ഇന്ത്യൻ രാഷ്ട്രീയം മൊത്തത്തിലെടുക്കുമ്പോൾ പ്രത്യേകിച്ച് കേരളത്തിൽ പല സന്ദർഭങ്ങളിലും നമുക്ക് കാണാൻകഴിഞ്ഞിട്ടുള്ളത് സമ്മർദം ഉണ്ടാക്കാൻ വേണ്ടി സിബിഐയെ പല കാര്യങ്ങൾക്കും ദുരുപയോഗം ചെയ്തിട്ടുണ്ട് എന്നാണ്. അതുകൊണ്ടാണ് സിബ.ഐ അന്വേഷണത്തിലേക്ക് പോകേണ്ടതില്ലെന്നും അതിനേക്കാൾ മികച്ച അന്വേഷണം കേരളത്തിലെ പോലീസ് നടത്തുന്നുണ്ടെന്നും പാർട്ടി പറയുന്നത്.
മാത്രമല്ല ഒറ്റപ്പെട്ട കേസായി എഡിഎം മരണത്തെ സിബിഐയുമായി ബന്ധപ്പെട്ടുവരുമ്പോൾ കാണാൻ കഴിയില്ല. കേരളാ പോലീസിന്റെ അന്വേഷണത്തിൽ എന്തെങ്കിലും വീഴ്ച കാണുന്നുണ്ടെങ്കിൽ കോടതിയിൽ പോകാനും ഏതുതരത്തിലുള്ള അന്വേഷണം ആവശ്യപ്പെടാനും നവീൻ ബാബുവിന്റെ കുടുംബത്തിനും ഏത് അഭ്യുദയകാംക്ഷിക്കും അവകാശമുണ്ട്. ഇന്നത്തെ നിലയിൽ കേരളാ പോലീസ് എടുത്തിരിക്കുന്ന നടപടി ആർക്കും ഒരു തർക്കത്തിനും ഇടയാക്കാത്ത രൂപത്തിലുള്ളതാണ്.” രാജു എബ്രഹാം ചൂണ്ടിക്കാട്ടി.
നവീൻ ബാബുവിന്റേത് നാടിനും വീടിനുമുണ്ടായ വലിയ നഷ്ടമാണ്. അതിന്റെയടിസ്ഥാനത്തിൽ പുതിയ അന്വേഷണം അവർ ആവശ്യപ്പെട്ടേക്കാം. അതിൽ പാർട്ടി ഇടപെടില്ല. സർക്കാരിനേയും സിപിഎമ്മിനേയും സംബന്ധിച്ചിടത്തോളം ഒറ്റ നിലപാടേയുള്ളൂ. ഏറ്റവും നിഷ്പക്ഷമായ നീതി ആ കുടുംബത്തിന് വാങ്ങിക്കൊടുക്കുക എന്നതാണതെന്നും രാജു എബ്രഹാം കൂട്ടിച്ചേർത്തു.
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല, മഞ്ജുഷയുടെ ഹർജി തള്ളി ഹൈക്കോടതി,എസ്ഐടി റിപ്പോർട്ടുകൾ ഡിഐജിക്ക് കൈമാറണം, കൊന്ന് കെട്ടിത്തൂക്കിയതാണോയെന്നും പരിശോധിക്കണം, അന്വേഷണ പുരോഗതി ഹർജിക്കാരിയെ അറിയിക്കണം, വിധിയിൽ തൃപ്തിയില്ല അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കും- മഞ്ജുഷ