കൊച്ചി: അതിക്രൂരമായ അഞ്ചൽ കൊലപാതകത്തിനു ശേഷം പ്രതികൾ ആരുമറിയാതെ ഒളിവിൽ കഴിഞ്ഞത് 18 വർഷവും 11 മാസവും. 2006 ഫെബ്രുവരി 10-നാണ് അവിവാഹിതയായ യുവതിയെ തലയ്ക്കടിച്ചും നെഞ്ചിൽ കുത്തിയും കൊലപ്പെടുത്തിയത്. യുവതിയുടെ ഇരട്ടക്കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്ന് കേരളത്തിൽനിന്ന് രക്ഷപ്പെട്ട ദിവിൽ കുമാറും രാജേഷും പേരുകൾമാറ്റി വിഷ്ണുവും പ്രവീൺകുമാറുമായി പുതുച്ചേരിയിൽ ഒളിവിൽ കഴിയുകയായിരുന്നു. യഥാർഥ വിവരങ്ങൾ മറച്ചുവച്ച് അവിടെ നിന്ന് തന്നെ ഇരുവരും വിവാഹം കഴിക്കുകയും ഭൂമിയും വീടും വാങ്ങി താമസമുറപ്പിക്കുകയും ചെയ്തു.
സംഭവം നടന്നു വർഷങ്ങൾ കടന്നുപോയതിനാൽ ഇനി ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മ വിശ്വാസത്തിലായിരുന്നു ഇരുവരും. അതിനാൽ തന്നെ പുതുച്ചേരിയിൽ നിന്ന് അധ്യാപികമാരെ വിവാഹം ചെയ്ത് ഇരുവരും അവിടെ താമസമുറപ്പിക്കുകയും ചെയ്തു. എന്നാൽ സിബിഐ ചെന്നൈ യൂണിറ്റ് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ തിരഞ്ഞുകൊണ്ടിരുന്നു. കൊല നടന്ന കൊല്ലം അഞ്ചലിൽ നിന്ന് തന്നെയാണ് സിബിഐയ്ക്ക് ഇവർ പുതുച്ചേരിയിലുണ്ടെന്ന വിവരം ലഭിച്ചത്. ഇതോടെ ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു.
2006 ഫെബ്രുവരി 10-ന് നടന്ന ക്രൂരമായ കൊലപാതകത്തിൽ അഞ്ചൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. ഇതേ തുടർന്ന് കേരള ഹൈക്കോടതി 2010 ജനുവരി 15-ന് സിബിഐയ്ക്ക് കേസ് കൈമാറി. സിബിഐ ചെന്നൈ യൂണിറ്റ് 2010 ഫെബ്രുവരി ആറിന് കേസ് വീണ്ടും രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ദിവിൽ കുമാറിന്റെയും സുഹൃത്തായ രാജേഷിന്റെയും പേരിൽ സിബിഐ സംഘം എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കോടതി ഇരുവരെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാൽ കോടതിയുടേയും പോലീസിന്റെ കണ്ണുവെട്ടിച്ച് പുതുച്ചേരിയിലാണെങ്കിലും ഇരുവരും കാര്യങ്ങളെല്ലാം നിരീക്ഷിച്ചിരുന്നു. പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചതോടെ സിബിഐ അന്വേഷണം അവസാനിപ്പിക്കുമെന്നാണ് ഇരുവരും കരുതിയത്. ഇതാണ് ഇവർ പുതുച്ചേരിയിൽ നിന്ന് തന്നെ വിവാഹം കഴിക്കുകയും അവിടെ താമസമുറപ്പിക്കുകയും ചെയ്തത്.
പക്ഷെ ഇരുവരുടേയും കണക്കുകൂട്ടലുകൾ തെറ്റിച്ച് കുറ്റകൃത്യം നടത്തി ഒളിവിൽ പോകുന്നവരെ കണ്ടെത്താൻ സിബിഐയിൽ പ്രവർത്തിക്കുന്ന പ്രത്യേക വിഭാഗം ഉദ്യോഗസ്ഥർ കൊലപാതകം നടന്ന അലയമണിൽ നിന്ന് രഹസ്യമായി വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരുന്നു. ഇത്തരം വിവരശേഖരണത്തിൽ നിന്നാണ് പ്രതികൾ പുതുച്ചേരിയിലുണ്ടെന്ന വിവരം അന്വേഷണസംഘത്തിന് ലഭിക്കുന്നത്. അലയമൺ സ്വദേശികളിലൊരാൾ ദിവിൽകുമാറിനെ പുതുച്ചേരിയിൽ വച്ച് കണ്ടു എന്നാണ് സൂചന. ഇയാൾ വിവരം സിബിഐയ്ക്ക് കൈമാറുകയായിരുന്നു.
വിവരം ലഭിച്ചയുടൻ ചെന്നൈ സിബിഐ യൂണിറ്റ് ഡിവൈഎസ്പിമാരായ രാജശേഖർ, രവി, അഡീഷണൽ എസ്പി ദിനേശ്, എസ്ഐ സെബാസ്റ്റ്യൻ, ദിലീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച പുതുച്ചേരിയിലേക്ക് പുറപ്പെട്ടു. ദിവിൽ കുമാറിനെയും രാജേഷിനെയും ഉച്ചയോടെ കണ്ടെത്തി, അറസ്റ്റ് രേഖപ്പെടുത്തി, പുതുച്ചേരിയിലെ കോടതിയിൽ വൈകുന്നേരത്തോടെ ഹാജരാക്കി കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള അനുമതി വാങ്ങുകയായിരുന്നു. ശനിയാഴ്ച രാവിലെ സിബിഐ ചെന്നൈ യൂണിറ്റ് സംഘം എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. സംഭവമുണ്ടായത് കേരളത്തിലായതിനാൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തത് എറണാകുളം സിജെഎം കോടതിയിലായതിനാലാണ് ഇരുവരെയും എറണാകുളത്ത് തന്നെ ഹാജരാക്കിയത്.
‘എന്റെ പ്രാർഥനയ്ക്ക് ഫലം കണ്ടു. എനിക്കിനി കരയാൻ കണ്ണീരില്ല, കൈയിൽ പണവുമില്ല, കൊലചെയ്യപ്പെട്ട രഞ്ജിനിയുടെ അമ്മ ശാന്തമ്മ നിറകണ്ണുകളോടെ പറയുന്നു. മൂവരുടേയും മരണത്തിനു ശേഷം അഞ്ചാലുംമൂട് കുപ്പണയിലുള്ള മൂദോടത്ത് പടിഞ്ഞാറ്റതിൽ വീട്ടിൽ താമസമാക്കിയ ശാന്തമ്മ (67) പുരാണപാരായണം നടത്തി ലഭിക്കുന്ന വരുമാനത്തിലാണ് ജീവിതവൃത്തിയും നിയമപോരാട്ടവും നടത്തിയത്.