പ്രതി എത്തിയത് കൊല്ലാനുറച്ച്; വെട്ടുകത്തി തൃശൂരില്‍നിന്ന് വാങ്ങി; സിന്ധുവിന്റെ ഭര്‍ത്താവിനെ കൊല്ലാനും പദ്ധതിയിട്ടു; സഹോദര തുല്യനായ കണ്ണന്‍ എത്തിയപാടെ തുരുതുരാ വെട്ടി

കുന്നംകുളം: വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോലീസ്. ഇന്നലെ വൈകീട്ടാണു ആര്‍ത്താറ്റ് വീട്ടമ്മയായ സിന്ധു (50) അടുക്കളയില്‍ വെട്ടേറ്റു മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. ഇവരുടെ മകന്‍ ഹൈദരാബാദില്‍നിന്ന് എത്തിയശേഷമാണു മറ്റു ചടങ്ങുകള്‍.

ഇന്നലെ രാത്രി എട്ടിനാണു നാടിനെ നടുക്കിയ സംഭവം. കൊലപാതക ലക്ഷ്യത്തോടെയാണ് വീട്ടിലേക്ക് എത്തിയതെന്നു പോലീസ് കസ്റ്റഡിയിലായ സഹോദരീഭര്‍ത്താവ് കണ്ണന്‍ സമ്മതിച്ചു. കൊല നടത്താനുള്ള വലിയ വെട്ടുകത്തി തൃശൂരില്‍നിന്നാണു വാങ്ങിയതെന്നും ഭര്‍ത്താവ് മണികണ്ഠനുണ്ടായിരുന്നെങ്കില്‍ അയാളെയും വെട്ടുമായിരുന്നെന്നും ഇയാള്‍ പറഞ്ഞെന്നാണു വിവരം. സംഭവ സമയത്തു മണികണ്ഠന്‍ പുറത്തുപോയിരുന്നു.

ബന്ധുവായതിനാല്‍ ഇയാള്‍ കയറിവരുന്നതുകണ്ടു സിന്ധുവിനു സംശയം തോന്നിയില്ല. വീട്ടിലേക്കു കയറി സംസാരം തുടങ്ങുംമുമ്പേ ഇയാള്‍ ആഞ്ഞുവെട്ടി. വെട്ടേറ്റ ഇവര്‍ അടുക്കളയില്‍ചെന്നു വീണു. അവിടെവച്ചും കഴുത്തില്‍ തുരുതുരാ വെട്ടി. സിന്ധു ഉടനടി മരിച്ചു. പിന്നാലെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളുമായി പ്രതി രക്ഷപ്പെട്ടു.

നാട്ടില്‍ വിസ ഇടപാടുകളുമായി നടന്ന ഇയാള്‍ക്ക് അടുത്തിടെ സാമ്പത്തിക ബാധ്യതയുണ്ടായി. സിന്ധു ഇടയ്ക്കിടെ ഇയാളുടെ മുതുവറയിലെ വീട്ടിലേക്കു വരാറുണ്ടായിരുന്നു. ആഭരണങ്ങളില്‍ കണ്ണുടക്കിയത് അങ്ങനെയാണ്. തുടര്‍ന്നാണു കൊലപാതകം ആസൂത്രണം ചെയ്തത്. കൊലയ്ക്കുശേഷം വീടിനു പിന്നിലെ പാടംവഴി രക്ഷപ്പെട്ട പ്രതി ക്ഷേത്രത്തിനടുത്തുള്ള തോട്ടിലിറങ്ങി കുളിച്ചു. വസ്ത്രത്തിലും ആഭരണത്തിലുമുണ്ടായിരുന്ന രക്തക്കറയും നീക്കി.

നനഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചു റോഡിലൂടെ നടക്കുന്നതുകണ്ടു ശ്രദ്ധയില്‍പെട്ട യുവാവക്കള്‍ ആനായ്ക്ല്‍വച്ചു ചോദ്യം ചെയ്തപ്പോഴാണു വിവരം പുറത്തുവന്നത്. കൈയിലുണ്ടായിരുന്ന കവറില്‍നിന്ന് വള താഴെവീഴുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ പോലീസിനെ വിളിച്ചുവരുത്തി. സിന്ധുവിന്റെ അനുജത്തിയുടെ ഭര്‍ത്താവും മുതുവറ സ്വദേശിയുമായ കണ്ണന്‍ വെല്‍ഡിംഗ് തൊഴിലാളിയാണ്. ആര്യലക്ഷ്മി, ആദര്‍ശ് (ഹൈദരാബാദ്) എന്നിവരാണു സിന്ധുവിന്റെ മക്കള്‍.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7