നടക്കാനും ഇരിക്കാനും കഴിയാത്ത സ്ഥിതി; തലച്ചോറില്‍ രക്തം കട്ടപിടിച്ചു; ഒരുമാസം ഇനിയും ആശുപത്രിയില്‍; കാംബ്ലിയുടെ ആദ്യ പ്രതികരണം പുറത്ത്; പ്രാര്‍ഥനയോടെ ആരാധകര്‍

മുംബൈ: മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന്റെ മസ്തിഷ്‌കത്തില്‍ രക്തം കട്ടപിടിച്ചതായി പരിശോധനയില്‍ കണ്ടെത്തി. അണുബാധയെ തുടര്‍ന്നാണ് കാംബ്ലിയെ താനെയിലെ ആശുപത്രിയിലെത്തിച്ചത്. ഒരു മാസത്തിലേറെ കാംബ്ലിക്ക് ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നാണു പുറത്തുവരുന്ന വിവരം. ആശുപത്രിയിലുള്ള വിനോദ് കാംബ്ലിയുടെ ആദ്യ പ്രതികരണവും അതിനിടെ പുറത്തുവന്നു.

‘ഡോക്ടര്‍മാര്‍ കാരണമാണു ഞാനിപ്പോള്‍ ജീവനോടെ ഉള്ളത്. അവര്‍ പറയുന്ന കാര്യങ്ങളൊക്കെ ഇപ്പോള്‍ ചെയ്യുന്നുണ്ട്’ വിനോദ് കാംബ്ലി പ്രതികരിച്ചു. കാംബ്ലിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ അദ്ദേഹത്തിന് ഇരിക്കാനോ, നടക്കാനോ സാധിച്ചിരുന്നില്ലെന്നു ഡോക്ടര്‍മാര്‍ പ്രതികരിച്ചു.

കാംബ്ലി, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എന്നിവര്‍ പരിശീലകനായ രമാകാന്ത് അചഛരേക്കറുടെ പ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങില്‍ ഈ മാസം ആദ്യം പങ്കെടുത്തിരുന്നു. അന്ന് ഇരിപ്പിടത്തില്‍നിന്ന് എഴുന്നേല്‍ക്കാന്‍ സാധിക്കാതെ സച്ചിന്റെ കൈകള്‍ മുറുകെ പിടിക്കുന്ന കാംബ്ലിയുടെ ദൃശ്യങ്ങള്‍ വന്‍ ചര്‍ച്ചയായി. സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ സാമ്പത്തിക സഹായത്തോടെ 2013ല്‍ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ബിസിസിഐയില്‍നിന്നു ലഭിക്കുന്ന പെന്‍ഷന്‍ ഉപയോഗിച്ചാണു ജീവിക്കുന്നതെന്ന് വിനോദ് കാംബ്ലി നേരത്തേ വെളിപ്പെടുത്തിയിരുന്നു.

ഒന്‍പത് വര്‍ഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറില്‍ രാജ്യത്തിനു വേണ്ടി 17 ടെസ്റ്റുകളും 104 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. രണ്ട് ഇരട്ട സെഞ്ചറി ഉള്‍പ്പെടെ 4 സെഞ്ചറി നേടി. ടെസ്റ്റില്‍ തുടര്‍ച്ചയായി രണ്ട് ഇരട്ട സെഞ്ചറി നേടിയ ആദ്യ ഇന്ത്യക്കാരന്‍ എന്ന റെക്കോര്‍ഡിന്റെ ഉടമയാണ്

 

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7