കൊച്ചി: വയനാട് ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിനു പിന്നാലെ, മുൻ രക്ഷാപ്രവർത്തനത്തിന്റെ പണം കേന്ദ്രം ആവശ്യപ്പെട്ടതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിന് 132.62 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു. ഇക്കാര്യം പരിഗണിച്ചു കൊണ്ടായിരുന്നു കോടതിയുടെ പരാമർശം.
ജൂലൈ 30നാണ് വയനാട്ടിൽ ഉരുൾപൊട്ടലുണ്ടാകുന്നത്. രാജ്യം കണ്ടൊരു ദുരന്തം നടന്ന് രണ്ടു മാസത്തിനുള്ളിൽ എങ്ങനെയാണ് ഇത്തരമൊരു ‘മാന്ത്രിക ഓർമപ്പെടുത്തൽ’ നടത്തിയതെന്നും കോടതി വാക്കാൽ ചോദിച്ചു. 2016, 2017 വർഷങ്ങളിലെ ദുരന്തങ്ങളുടെ എയർലിഫ്റ്റിങ് ചാർജുകൾ ഓർമപ്പെടുത്തി 2024 ഒക്ടോബർ 22നാണ് കേന്ദ്രം കേരളത്തിനു കത്തയച്ചത്. കൂടാതെ ദുരന്ത നിവാരണ ചട്ടങ്ങളിൽ ആവശ്യമായ ഇളവുകൾ നൽകുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ മറുപടി അറിയിക്കാനും കോടതി നിർദേശിച്ചു.
2016, 2017 വർഷത്തെ എയർലിഫ്റ്റിംഗ് ചാർജുകൾ എന്തിന് ഇപ്പോൾ ചോദിക്കുന്നെന്നു ആരാഞ്ഞ കോടതി ചൂരൽമല ഉരുൾപൊട്ടലിന് തൊട്ടുപിന്നാലെ തുക ചോദിച്ചത് അദ്ഭുതപ്പെടുത്തുന്നുവെന്നു പറഞ്ഞു. കേന്ദ്രം സമർപ്പിച്ച 132 കോടി രൂപ ബില്ലിൽ വയനാട് ദുരന്തത്തിന് ചെലവായത് 13 കോടിയാണ്. ബാക്കി ബില്ലുകൾ എട്ട് വർഷം മുമ്പുള്ളതാണ്. പെട്ടെന്ന് ഈ ബില്ലുകളെല്ലാം എവിടുന്ന് കിട്ടിയെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ കൃത്യമായ മറുപടി നൽകാനും കേന്ദ്രത്തോട് കോടതി നിർദേശിച്ചു. അടുത്ത മാസം 10ന് കേസ് വീണ്ടും പരിഗണിക്കും.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, എസ്. ഈശ്വരൻ എന്നിവരുെട ബെഞ്ച് കേന്ദ്രത്തോട് ചോദ്യങ്ങൾ ആരാഞ്ഞത്. ദുരന്തത്തെ നേരിടാൻ സംസ്ഥാന സർക്കാർ അടിയന്തര സഹായം ആവശ്യപ്പെട്ടിട്ടുണ്ടല്ലോയെന്നും കോടതി പറഞ്ഞു. രക്ഷാപ്രവർത്തനം നടത്തിയതിന് കേന്ദ്രത്തിനു നൽകാൻ സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിൽ (എസ്ഡിആർഎഫ്) വകയിരുത്തിയിട്ടുള്ള തുക വാങ്ങുന്നത് കുറച്ചുനാൾ നീട്ടിവയ്ക്കുന്ന കാര്യം പരിഗണിക്കാനും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
132.62 കോടി രൂപയിൽ 2024 മേയ് മാസം വരെയുള്ള 120 കോടി രൂപ കേരളം നൽകുന്നത് തൽക്കാലത്തേക്ക് നീട്ടിവയ്ക്കുന്നത് അനുവദിക്കാമോയെന്ന് ജനുവരി 10ന് കേസ് പരിഗണിക്കവെ കേന്ദ്രം അറിയിക്കണം. ഇതിനൊപ്പം എസ്ഡിആർഎഫിലെ തുക ചെലവഴിക്കുന്നതിന് മാനദണ്ഡങ്ങളിൽ ആവശ്യമായ ഇളവ് അനുവദിക്കുന്ന കാര്യവും കേന്ദ്രം അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര ആശ്വാസമായി 219 കോടി രൂപ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അടുത്തിടെ 153 കോടി രൂപ കേന്ദ്രം അനുവദിച്ചെങ്കിലും നിബന്ധനകൾക്ക് വിധേയമായിരുന്നു തുക അനുവദിച്ചത്. എസ്ഡിആർഎഫിലുള്ള തുകയുടെ 50 ശതമാനം വിനിയോഗിക്കുന്നതിന് അനുസൃതമായി മാത്രമേ ഈ തുക ലഭിക്കൂയെന്നതായിരുന്നു ഇത്. എന്നാൽ എസ്‍ഡിആർഎഫിൽ 700.5 കോടി രൂപ ഉണ്ടെങ്കിലും ഇതിൽ 638.97 കോടി രൂപയും പലവിധ ആവശ്യങ്ങൾക്കായി ഇതിനകം തന്നെ വകയിരുത്തിയിട്ടുള്ളതാണ്.
ബാക്കി വരുന്ന 61.03 കോടി രൂപ മാത്രമാണെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടിയിരുന്നു. ഫലത്തിൽ 153 കോടി രൂപ ലഭിക്കില്ല എന്നതാണ് ഇതിനർഥമെന്നും സംസ്ഥാന സർക്കാർ പറയുന്നു. തുടർന്നാണ് എസ്ഡിആർഎഫിൽ മുൻ രക്ഷാപ്രവർത്തനത്തിന്റെ പ്രതിഫലമായി നീക്കി വച്ചിട്ടുള്ള 120 കോടി രൂപ അടിയന്തരമായി ഉപയോഗിക്കാൻ സംസ്ഥാന സർക്കാരിനെ അനുവദിക്കാമോ എന്നറിയിക്കാനാണ് കോടതി നിർദേശിച്ചിട്ടുള്ളത്. പുതുവത്സരത്തിൽ വയനാട് നടത്താൻ തീരുമാനിച്ചിട്ടുള്ള ഫെസ്റ്റിന്റെ വിശദാംശങ്ങൾ സമർപ്പിക്കാനും കോടതി നിർദേശം നൽകി.