കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിൻ്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ട് നൽകണമെന്ന പെൺമക്കളുടെ ഹർജി ഹൈക്കോടതി തള്ളി. മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ഏറ്റെടുത്ത നടപടി ശരിവച്ചുകൊണ്ടായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി. നേരത്തെ സിംഗിൾ ബെഞ്ചും ഈ ഹർജി തള്ളിയിരുന്നു. പെൺമക്കളായ സുജാതയും, ആശയുമാണ് ഹർജിയുമായി ഹൈക്കോടതിയിലെത്തിയത്.
എന്നാൽ, ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി മകൾ ആശ ലോറൻസും രംഗത്തെത്തി. നിയമ പോരാട്ടം തുടരുമെന്നും ഇതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും ആശ ലോറൻസ് പറഞ്ഞു. നീതി നടപ്പാക്കാൻ കോടതികൾ ബാധ്യതസ്ഥരാണ്. നീതിക്കുവേണ്ടി പോരാടാനാണ് തീരുമാനം. പിതാവ് മൂത്തമകൾ സുജയോട് സെമിത്തേരിയിൽ അടക്കാനാണ് താൽപ്പര്യമെന്ന് പറഞ്ഞിരുന്നു. കോടതിയിൽ ഹാജരാക്കിയ സാക്ഷികൾ പിതാവിനെ പരിചരിച്ചിരുന്നവരല്ല, അവർ കള്ളസാക്ഷികളാണ്. പൊതു സ്ഥലത്തും സ്വകാര്യ സംഭാഷണത്തിലും പുസ്തകത്തിലും മെഡിക്കൽ കോളേജിന് വിട്ടുനൽകണമെന്ന് പറഞ്ഞിട്ടില്ലെന്നും അമ്മയെയും സഹോദരനേയും അടക്കിയത് പള്ളിയിലാണെന്നും മൂത്തമകളോട് സെമിത്തേരിയിൽ അടക്കണമെന്ന് പറഞ്ഞിരുന്നതായും ആശ പറഞ്ഞു.
പക്ഷെ രണ്ട് സാക്ഷികളുടെ സാന്നിധ്യത്തിൽ മകൻ എംഎൽ സജീവനോട്, ലോറൻസ് പറഞ്ഞതായുള്ള മൊഴികളുടെ അടിസ്ഥാനത്തിൽ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകണമെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നത്. എന്നാൽ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി മൃതദേഹം പളളിയിൽ സംസ്‌കരിക്കാനായി വിട്ടു നൽകണമെന്നാണ് പെൺമക്കളുടെ അപ്പീലിലെ ആവശ്യം. മൃതദേഹം നിലവിൽ എറണാകുളം മെഡിക്കൽ കോളേജിന് കൈമാറിയിരിക്കുകയാണ്.
മോഷണക്കേസ് പ്രതിയായ ഭർത്താവിനെ ജാമ്യത്തിലിറക്കാൻ ഭാര്യ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു, കുട്ടിയുടെ അമ്മ ഉൾപ്പെടെ 9 അംഗസംഘം അറസ്റ്റിൽ, കുട്ടിയെ വാങ്ങിയത് മനുഷ്യക്കടത്ത് സംഘമെന്ന് സൂചന, നഴ്സും കല്യാണ ബ്രോക്കറുമുൾപ്പെടെയുള്ള സംഘമാണ് ഇതിനു പിന്നിലെന്ന് പോലീസ്
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ തെളിവെടുപ്പിലടക്കം ഈ രണ്ട് സാക്ഷികളെയും ഹാജരാക്കിയിരുന്നു. തുടർന്ന് സാക്ഷിമൊഴികൾ അവിശ്വസിക്കേണ്ടതില്ലെന്ന് കണ്ടെത്തിയാണ് ആശ ലോറൻസിൻറെ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയത്. സെപ്റ്റംബർ 21 നായിരുന്നു എംഎം ലോറൻസിന്റെ അന്ത്യം. 2015 ൽ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാർട്ടിയുടെ ഔദ്യോഗിക സമിതികളിൽ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറൻസ്. ന്യൂമോണിയ ബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.