ചേലക്കര: പിവി അൻവർ വിളിച്ച വാർത്താസമ്മേളനത്തിനിടെ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം മറികടന്ന് അൻവർ വാർത്താസമ്മേളനം നടത്തിയത് ചട്ടലംഘനമാണെന്നു പറയാൻ വന്ന ഉദ്യോഗസ്ഥനെ അൻവർ തിരിച്ചയച്ചു. ചട്ടം കാണിക്കാൻ ഉദ്യോഗസ്ഥനെ വെല്ലുവിളിക്കുകയും ചെയ്തു. തുടർന്ന് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വാർത്താസമ്മേളനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി അൻവറിന് നോട്ടീസ് നൽകിയ ശേഷം അവർ മടങ്ങി. വിഷയത്തിൽ, അൻവറിനെതിരേ നടപടിയുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
താൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് അൻവർ വാർത്താസമ്മേളനം ആരംഭിച്ചത്. ഇന്ന് പ്രചരണം നടത്തരുതെന്ന് ചട്ടം പറയുന്നില്ല. മാത്രമല്ല പറയാനുള്ളത് താൻ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പോലീസ് തൻറെ വാർത്താസമ്മേളനം തടയുന്നതെന്നും വാ പോയ കോടാലിയെ പിണറായി എന്തിനാണ് പേടിക്കുന്നതെന്നും അൻവർ ചോദിച്ചു.
കയറിയതുപോലെ തിരിച്ചിറങ്ങി ‘പൊന്ന്’: 12 ദിവസത്തിനിടെ കുറഞ്ഞത് 2,960 രൂപ; പവന് 56,680 രൂപയായി
രാവിലെതന്നെ പൊലീസ് വന്ന് സ്റ്റാഫിനെയും ഹോട്ടലുകാരെയും ഭീഷണിപ്പെടുത്തുന്നു. ചെറുതുരുത്തിയിൽനിന്ന് 19 ലക്ഷം രൂപ പിടിച്ചെടുത്തു. മരുമകനല്ലേ അവിടെ ക്യാംപ് ചെയ്യുന്നത്. അവിടെനിന്നല്ലേ ഈ പണം മുഴുവൻ ഒഴുകിയത്. തിരഞ്ഞെടുപ്പ് സ്ലിപ് കവറിലാക്കി പണം കൂടി വച്ചാണ് കോളനികളിൽ വിതരണം ചെയ്യുന്നത്. ഇടതുമുന്നണി തന്നെയാണ് പണം കൊടുക്കുന്നത്. ആ നിലയിലേക്ക് അവരെത്തിയിരിക്കുന്നു’- അൻവർ ആരോപിച്ചു.
ഉപതെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപയാണ്. എന്നാൽ മൂന്ന് മുന്നണികളും കൂടി 36 കോടി രൂപയാണ് ചേലക്കരയിൽ ചെലവഴിച്ചതെന്നും ബൂത്ത് തിരിച്ച് ഓരോ പാർട്ടിയും ചെലവാക്കിയ തുകയുടെ കണക്ക് തൻറെ കൈയിലുണ്ടെന്നും അൻവർ പറഞ്ഞു.