ദില്ലി: പാലക്കാട് കല്ലടിക്കോട് പനയമ്പാടത്തുണ്ടായ അപകടം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും കുട്ടികൾ മരിച്ച സംഭവം വളരെ വേദനയുണ്ടാക്കുന്നതാണെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ ദില്ലിയിൽ പറഞ്ഞു. സംഭവത്തെക്കുറിച്ച അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്, അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ഗതാഗത മന്ത്രി പറഞ്ഞു. ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികൾക്കുനേരെയാണ് ലോറി മറിഞ്ഞത്. സംഭവത്തിൽ കർശനമായ നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ദേശീയപാതയിലെ പനയമ്പാടം മേഖലയിലെ റോഡ് അപകടമേഖലയാണെന്ന നാട്ടുകാരുടെ പരാതി മോട്ടോർ വാഹന വകുപ്പിന് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു
അങ്ങനെ ലഭിച്ചിരുന്നെങ്കിൽ ബ്ലാക്ക് സ്പോട്ട് പരിഹരിക്കാനുള്ള നടപടിയെടുക്കുമായിരുന്നു. മേഖലയിൽ നിരന്തരം അപകടം എന്ന പരാതി തനിക്ക് ലഭിച്ചിട്ടില്ല. തന്നോടല്ല ഈ വിഷയം എംഎൽഎ ഉന്നയിച്ചത്. അപകടത്തിൽ അടിയന്തരമായി റിപ്പോർട്ട് തേടിയിട്ടുണ്ട്. ലോറികളിൽ സ്പീഡ് ഗവർണർ ഊരിയിടുന്ന രീതി തുടരുന്നുണ്ട്. ഇതിൽ ശക്തമായ നടപടി ഉണ്ടാകും. നേരത്തെ തീരുമാനിച്ചത് പോലെ അപകടങ്ങൾ കുറയ്ക്കുന്നതിനായി പൊലീസും മോട്ടോർ വാഹന വകുപ്പും പരിശോധന നടത്തും. പനയമ്പാടത്തെ ദാരുണാപകടത്തിൻറെ കാരണം അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അമിത വേഗതയാണോ, അപകട കാരണമെന്നും ലോറി ഡ്രൈവർ മദ്യപിച്ചിരുന്നോയെന്നുമുള്ള കാര്യങ്ങൾ ഉൾപ്പെടെ പരിശോധിക്കും.
റോഡിൻറെ അപകടാവസ്ഥ സംബന്ധിച്ച് നാട്ടുകാർക്കേ പിഡബ്ല്യുഡിക്ക് ഉൾപ്പെടെ പരാതി നൽകിയിരിക്കാം. എംഎൽഎയും വിഷയം ശ്രദ്ധയിൽപ്പെടുത്തി കാണും. എന്തുകൊണ്ടാണ് അപകടമേഖലയിൽ ആവശ്യമായ നടപടിയെടുക്കാൻ വൈകിയതെന്ന കാര്യം ഉൾപ്പെടെ ഉദ്യോഗസ്ഥരാണ് പറയേണ്ടത്. മോട്ടോർ വാഹന വകുപ്പിൻറെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ല. ട്രാൻസ്പോർട്ട് കമ്മീഷണർ സ്ഥലത്ത് പരിശോധന നടത്തും. അപകടം നടക്കുമ്പോൾ മാത്രമാണ് ഇത്തരം സ്ഥലങ്ങൾ ശ്രദ്ധിക്കുന്നത്.
ഈ രീതി മാറി അപകടം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളാണ് സ്വീകരിക്കേണ്ടത്. റോഡുകളിൽ പരിശോധന നടത്തി ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി പരിഹരിക്കാനുള്ള നടപടിയെടുക്കും. ട്രാഫിക്ക് മുൻകരുതലുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാനാകുന്ന മൊബൈൽ ആപ്ലിക്കേഷൻ വൈകാതെ പുറത്തിറക്കും. റോഡിൽ എന്ത് ചെയ്യാൻ പാടുമെന്നും പാടില്ലെന്നും വിശദമാക്കിയുള്ള ആപ്പായിരിക്കും പുറത്തിറക്കുകയെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. പൊതുനിരത്തിൽ റീൽസ് എടുക്കുന്നത് അടക്കം കുറ്റകരമാണെന്നും റീൽസ് എടുക്കാനുള്ള ഇടമല്ല റോഡെന്നും കോഴിക്കോട് സംഭവത്തിൻറെ പശ്ചാത്തലത്തിൽ ഗതാഗത മന്ത്രി കൂട്ടിച്ചേർത്തു.
പനയമ്പാടം സ്ഥിരം ബ്ലാക്ക് സ്‌പോട്ട്, ഇതുവരെയുണ്ടായിട്ടുള്ളത് 55 അപകടങ്ങൾ, ഒക്ടോബർ അവസാനം ഇവിടെ പൊലിഞ്ഞത് അഞ്ചു ജീവനുകൾ, മഴ പെയ്താൽ അപകടം ഉറപ്പ്, ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ, ഇവിടം ബ്ലാക് സ്പോട്ടാണെന്നു അറിയില്ലെന്നു ഗതാഗത മന്ത്രി