കൊച്ചി: തുറവൂർ മഹാക്ഷേത്രത്തിൽ മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കുമടക്കം അഭിവാദ്യമർപ്പിച്ച് ഫ്ലക്സ് ബോർഡ് വച്ച സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശ്ചിച്ച് ഹൈക്കോടതി.
മുഖ്യമന്ത്രിയുടെയോ, എംഎൽഎമാരുടെയോ, ബോർഡ് അംഗങ്ങളുടെയോ മുഖം കാണാനല്ല ദൈവത്തെ കാണാനാണ് ഭക്തർ ക്ഷേത്രത്തിലെത്തുന്നത്. ക്ഷേത്ര ഉപദേശക സമിതിയുടെ ജോലി ഇതല്ല. ഭക്തർ ക്ഷേത്രത്തിലേക്ക് നൽകുന്ന പണം ഉപയോഗിച്ചല്ല ഫ്ലക്സ് അടിക്കേണ്ടതെന്നും ജസ്റ്റീസുമാരായ അനിൽ കെ. നരേന്ദ്രൻ, മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് രൂക്ഷമായി വിമർശിച്ചു. അതോടൊപ്പം തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിൽ ഇത്തരം ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ബോർഡ് സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം നൽകി.
ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിന്ന് നീതി ലഭിച്ചില്ല, രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത, തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ച സംഭവത്തിൽ നടപടിയെടുത്തില്ലെന്ന് കത്തിൽ
ശബരിമല ഇടത്താവളമായ ക്ഷേത്രത്തിൽ ഇതുപോലെ ഫ്ലക്സ് അടിച്ചുവച്ചതിന് പകരം ആ പണം കൊണ്ട് അന്നദാനം നടത്തിയാൽ അത് ശബരിമലയിലേക്ക് പോകുന്ന തീർഥാടകർക്ക് പ്രയോജനപ്പെടുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ ഉടമയാണെന്ന് ധരിക്കരുത്. ബോർഡ് അതിൻറെ കീഴിലുള്ള ക്ഷേത്രങ്ങൾ നിയന്ത്രിക്കുന്ന ട്രസ്റ്റി മാത്രമാണ്.
തുറവൂർ ക്ഷേത്രം ശബരിമല തീർഥാടകരുടെ ഇടത്താവളമാണ്. അവിടെ ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ കടമയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ശബരിമല ഇടത്താവളത്തിൽ തീർഥാടകർക്കായി അന്നദാനത്തിന് അനുമതി നൽകിയ സംസ്ഥാന സർക്കാരിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് ഫ്ലക്സ് വച്ച സംഭവത്തിലാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.
മുഖ്യമന്ത്രി, ദേവസ്വം മന്ത്രി, സ്ഥലം എംഎൽഎ തുടങ്ങിയവർക്ക് അഭിവാദ്യം അർപ്പിച്ചായിരുന്നു ക്ഷേത്രത്തിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്.