ജിഷവധക്കേസ്: മാധ്യമങ്ങള്‍ കേസിനെ സമീപിച്ചത് മുന്‍വിധിയോടെ; അപ്പീല്‍ വാദം കേരള ഹൈക്കോടതിയില്‍ നിന്ന് മാറ്റണം, സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി പ്രതി അമീര്‍ ഉള്‍ ഇസ്ലാം

കൊച്ചി: ജിഷ വധക്കേസില്‍ അപ്പീല്‍ വാദം കേരള ഹൈക്കോടതിയില്‍ നിന്ന് മാറ്റി ചെന്നൈ, ബംഗളൂരു ഹൈക്കോടതികള്‍ ഏതെങ്കിലും കേസ് പരിഗണിക്കണമെന്ന അപേക്ഷയുമായി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി പ്രതി അമീര്‍ ഉള്‍ ഇസ്ലാം. അപ്പീല്‍ ഹര്‍ജി കേരള ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുന്ന മുറയ്ക്കു സുപ്രീം കോടതിയെ സമീപിക്കാനാണു അമീര്‍ ഉള്‍ ഇസ്ലാമിന്റെ നീക്കം.

കുറ്റക്കാരനെന്നു കണ്ടെത്തിയ അമീറിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷയാണ് വിധിച്ചത്. കേരളത്തിലെ മാധ്യമങ്ങള്‍ മുന്‍വിധിയോടെയാണു കേസിനെ സമീപിച്ചിട്ടുള്ളത്. മലയാളികളായ ജഡ്ജിമാരെയും മാധ്യമവാര്‍ത്തകള്‍ സ്വാധീനിക്കാം. ഈ സാഹചര്യത്തില്‍ കേസ് സംസ്ഥാനത്തിനു പുറത്തുള്ള കോടതികളില്‍ വാദം കേട്ടാല്‍ മാത്രമേ തന്റെ നിരപരാധിത്വം തെളിയിക്കപ്പെടൂവെന്നാണു അമീറിന്റെ വാദം. കേരള ഹൈക്കോടതിയാണു വാദം കേള്‍ക്കുന്നതെങ്കില്‍ മലയാളികളല്ലാത്ത ജഡ്ജിമാരാകണമെന്നും ആവശ്യമുന്നയിക്കും. എന്നാല്‍, നിലവില്‍ കേരള ഹൈക്കോടതിയില്‍ ഒരാള്‍ മാത്രമേ സംസ്ഥാനത്തിനു വെളിയില്‍ നിന്നുള്ളൂ, ആന്ധ്രാ സ്വദേശിയായ ശേഷാദ്രി നായിഡു. ഈ സാഹചര്യത്തിലാണു മറ്റേതെങ്കിലും ഹൈക്കോടതികള്‍ വാദം കേള്‍ക്കണമെന്നു ആവശ്യപ്പെടുന്നത്. കേസില്‍ തനിക്കെതിരായ തെളിവൊന്നുമില്ലെന്നാണു അമീറിന്റെ വാദം.

പൊതുജനശ്രദ്ധ നേടിയ കേസായതിനാല്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും മുഖം രക്ഷിക്കാന്‍ 50 ദിവസത്തിനുശേഷം നിരപരാധിയായ തന്നെ പിടികൂടി കുറ്റം കെട്ടിവയ്ക്കുകയായിരുന്നു. ശാസ്ത്രീയപരിശോധകളെല്ലാം തന്റെ നിരപരാധിത്വം തെളിയിക്കുന്നതാണെന്നും അമീര്‍ ഉന്നയിക്കും. അതേസമയം, അമീറിന്റെ സഹോദരന്‍ ഇന്നലെ സ്വദേശമായ അസമില്‍ നിന്നെത്തിയിട്ടുണ്ട്. കൂടെ ഏതാനും ബന്ധുക്കളുമുണ്ട്. ഇവര്‍ അമീറിന്റെ അഭിഭാഷകനായ ബി.എ. ആളൂരുമായി കൂടിക്കാഴ്ച നടത്തി. സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ടു ഉടന്‍ തന്നെ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കും.

Similar Articles

Comments

Advertismentspot_img

Most Popular