മകന്റെ സന്തോഷത്തിനു വേണ്ടിയാണ് അവർ പുഷ്പ 2 കാണാൻ തീയറ്ററിൽ എത്തിയത്. ഓർക്കാപ്പുറത്ത് ഇഷ്ടതാരത്തെ മുന്നിൽ കണ്ടപ്പോൾ ആഹ്ലാദത്തിമിർപ്പിലായിരുന്നു രേവതിയും മകൻ ശ്രീതേജും. സന്തോഷം അതിന്റെ മൂർദ്ധന്യത്തിലെത്തിയപ്പോൾ അതിനു പിന്നിൽ പതിയിരിക്കുന്ന അപകടം അറിയാതെപോയി. അതോടെ ഒരു കുടുംബത്തിനു നഷ്ടപ്പെട്ടതോ അവരുടെ അത്താണിയായിരുന്നവളെ.
പുഷ്പ ടു റിലീസ് ദിനത്തിൽ തിരക്കിലകപ്പെട്ട് മരിച്ച രേവതിയുടെ ഓർമകളിൽ വിതുമ്പുകയാണ് നാൽപതുകാരനായ ഭർത്താവ് ഭാസ്‌കർ. മണിക്കൂറുകൾക്ക് മുൻപ് വരെ തന്റെ കൈപിടിച്ച് മക്കൾക്കൊപ്പം സിനിമാ തീയേറ്ററിലേക്ക് പോയവൾ തിരിച്ചുവന്നത് ജീവനറ്റ ശരീരമായി. രേവതിയുടെ മരണത്തിന്റെ ഞെട്ടലിൽ നിന്ന് ഭാസകർ പുറത്തുകടന്നിട്ടില്ല. തിക്കിലും തിരക്കിലും ഗുരുതരമായി പരിക്കേറ്റ മകൻ ശ്രീതേജ് ഇപ്പോഴും ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണുള്ളത്.
‘അവൾ എനിക്ക് ജീവൻ തന്നവളാണ്, അങ്ങനെയുള്ളവൾ ഈ ലോകത്തുനിന്നു തന്നെ പോയിരിക്കുന്നു’ എന്ന് ടൈംസ് ഓഫ് ഇന്ത്യയോട് ഭാസ്‌കർ പറഞ്ഞു. കഴിഞ്ഞ വർഷം കരൾരോഗത്തെ തുടർന്ന് ഭാസ്‌കറിന് കരൾ മാറ്റിവെക്കേണ്ടതായി വന്നിരുന്നു. അന്ന് രേവതിയായിരുന്നു ഭർത്താവിന് കരൾ ദാനം ചെയ്തത്. ചികിത്സ തുടരുകയായിരുന്ന ഭാസ്‌കർ ഇപ്പോഴും പൂർണമായും രോഗമുക്തി നേടിയിരുന്നില്ല. അതിനിടെയാണ് ഏക ആശ്രയമായ ഭാര്യയുടെ അപ്രതീക്ഷിതമായ വേർപാട്.
ബുധനാഴ്ച രാത്രിയാണ് ഹൈദരാബാദിലെ സന്ധ്യ തീയേറ്ററിൽ പുഷ്പ 2 കാണാനുള്ള ആരാധകരുടെ തിക്കിലും തിരക്കിലും അകപ്പെട്ട് രേവതിക്ക് ജീവൻ നഷ്ടമായത്. മകൻ ശ്രീതേജിനും ഗുരുതരമായി പരിക്കേറ്റിരുന്നു. അന്നുണ്ടായ ദാരുണമായ സംഭവത്തെ കുറിച്ചും ഭാസകർ പറഞ്ഞു. രണ്ട് മക്കളേയും ഭാര്യയേയും കൂട്ടിയാണ് ഭാസ്‌കർ പുഷ്പ 2 കാണാനായി പ്രശസ്തമായ സന്ധ്യ തീയേറ്ററിലെത്തിയത്. അന്ന് അല്ലു അർജുനും തീയേറ്ററിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതോടെയാണ് ആരാധകരുടെ തിരക്ക് വർധിച്ചത്. തിരക്കിൽ മൂത്ത മകൾ സാൻവി കരഞ്ഞതോടെ അവളേയും കൂട്ടി ഭാസ്‌കർ തിരക്കിൽ നിന്ന് മാറിനിന്നു. രേവതിക്കും മകൻ ശ്രീതേജിനും തിരക്കിൽ നിന്ന് പുറത്തുകടക്കാൻ കഴിഞ്ഞില്ല. തിക്കിലും തിരക്കിലും അകപ്പെട്ട് രേവതി നിലത്തുവീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് ലാത്തിവീശിയതും തിരക്ക് കൂടാൻ കാരണമായതായി റിപ്പോർട്ടുകളുണ്ട്.
രേവതിയുടേയും ഭാസ്കറിന‍്‍റെയും മകൻ ശ്രീതേജ് കടുത്ത അല്ലു അർജുൻ ആരാധകനാണ്. അവന് വേണ്ടിയാണ് തീയേറ്ററിലേക്ക് പോയത്. അല്ലു അർജ്ജുൻ എത്തിയതോടെ തിരക്ക് ക്രമാതീതമായതാണ് അപകടത്തിലേക്ക് നയിച്ചത്. കുഴഞ്ഞുവീണ ശ്രീതേജിന് പോലീസ് സിപിആർ നൽകിയതിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്.
സംഭവത്തിൽ അല്ലു അർജുന്റെ ടീം അംഗങ്ങൾ ആശുപത്രി സന്ദർശിച്ചിരുന്നു. ശ്രീതേജിന്റെ ചികിത്സ പൂർണമായും വഹിക്കുമെന്ന് ടീം ഉറപ്പുനൽകിയിട്ടുണ്ട്. അതോടൊപ്പം മരിച്ച രേവതിയുടെ കുടുംബത്തിനു 25 ലക്ഷം രൂപ നൽകുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം സംഭവത്തിൽ അല്ലു അർജുനെതിരേയും അദ്ദേഹത്തിന്റെ സുരക്ഷാ ടീമിനെതിരേയും സാന്ധ്യ തീയേറ്റർ മാനേജ്‌മെന്റിനെതിരേയും പോലീസ് മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്തു.